തൃശ്ശൂർ സിആർപി സെക്ഷൻ ഇൻസ്പെക്ടർ കെ.ആർ.ബിനു ഉൾപ്പെടെ 16 ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആണ് പിൻവലിച്ചത്, മതിയായ തെളിവില്ലെന്ന് വിശദീകരണം
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടി റദ്ദാക്കി. തൃശ്ശൂർ സിആർപി സെക്ഷൻ ഇൻസ്പെക്ടർ കെ.ആർ.ബിനു ഉൾപ്പെടെ 16 ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ ആണ് പിൻവലിച്ചത്. ഇവർക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അച്ചടക്ക നടപടി നേരിട്ടവർ സർക്കാരിന് നൽകിയ അപ്പീലിൽ വാദം പൂർത്തിയായിരുന്നു. ഇക്കാര്യത്തിൽ അന്വേഷണവും നടത്തി. ഇതിനുശേഷമാണ് ഇവരെ സർവീസിൽ തിരികെ പ്രവേശിപ്പിക്കണമെന്ന ഉത്തരവിറക്കിയത്.
ക്രമക്കേട് നടന്ന 2014 മുതലുള്ള കാലത്ത് ബാങ്കിന്റെ മേൽനോട്ട ചുമതലയുള്ള തൃശ്ശൂർ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിർണായക ചുമതലകൾ വഹിച്ചിരുന്നവരാണ് നടപടി നേരിട്ടിരുന്ന ഉദ്യോഗസ്ഥർ. ബാങ്കിലെ വീഴ്ചകൾ കണ്ടെത്താനോ, സമയബന്ധിതമായി നടപടിയെടുക്കാനോ ഇവർക്കായില്ലെന്ന് ചൂട്ടിക്കാട്ടിയാണ് 2021 ആഗസ്റ്റ് 16ന് ഇവരെ സസ്പെൻഡ് ചെയ്തത്. ബാങ്ക് ക്രമക്കേടിനെ കുറിച്ച് അന്വേഷിച്ച ഒമ്പതംഗ ഉന്നതതല സമിതിയുടെ ഇടക്കാല റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. പിന്നീട് വിശദാന്വേഷണം നടത്തിയ സഹകരണ അഡീഷണൽ രജിസ്ട്രാർ ആർ.ജ്യോതി പ്രസാദ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു.തട്ടിപ്പു തടയുന്നതിൽ ഈ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി എന്ന ആരോപണത്തിന് തെളിവില്ല എന്നായിരുന്നു അഡീഷണൽ രജിസ്ട്രാറിൻ്റെ കണ്ടെത്തൽ.
ഇപ്പോൾ നടപടി പിൻവലിച്ചതിൽ രണ്ടുപേർ സർവീസിൽ നിന്ന് വിരമിച്ചവരാണ്. ചാലക്കുടി അസി. രജിസ്ട്രാറായിരുന്ന കെ.ഒ.ഡേവിസ്, എം.ഡി.രഘു എന്നിവരാണ് വിരമിച്ച ജീവനക്കാർ. ശേഷിച്ച 14 പേരിൽ 7 പേരെ ജില്ലയ്ക്ക് പുറത്ത് നിയമനം നൽകണമെന്ന വ്യവസ്ഥയോടെയാണ് തിരിച്ചെടുക്കുന്നത്. ചാവക്കാട് സീനിയർ ഓഡിറ്റർ ബിജു ഡി. കുറ്റിക്കാട്, തൃശ്ശൂർ അസിസ്റ്റൻറ് രജിസ്ട്രാർ ബിന്ദു ഫ്രാൻസിസ്, എന്നിവരെ ഉപാധികളോടെയാണ് തിരിച്ചെടുക്കുക.

എന്നാൽ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ ഉദ്യോഗസ്ഥരെ പ്രതിയാക്കിയിരുന്നില്ല. ഇതിനെതിരെ പരാതിക്കാർ നൽകിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെ, ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ പിൻവലിച്ചത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നാണ് പരാതിക്കാരുടെ വാദം. ബാങ്ക് തട്ടിപ്പിൽ ഈ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും പരാതിക്കാർ പറയുന്നു. ഉദ്യോഗസ്ഥരെ പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുപോകുമെന്ന നിലപാടിലാണ് പരാതിക്കാർ.
കോടികളുടെ തട്ടിപ്പ് നടന്ന കരുവന്നൂരിൽ, പണം തിരികെ കിട്ടാനുള്ള കാത്തിരിപ്പ് തുടരുകയാണ് നിക്ഷേപകർ. ഇതുവരെ 28.40 കോടി രൂപ നിക്ഷേപകർക്ക് മടക്കി നൽകിയതായി സഹകരണ മന്ത്രി വി.എൻ.വാസവൻ കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു. കേരള ബാങ്കിന്റെ നേതൃത്വത്തിൽ കൺസോർഷ്യം രൂപീകരിച്ച് നിക്ഷേപകരുടെ പണം മടക്കി നൽകാനുള്ള നീക്കം നടത്തിയെങ്കിലും റിസർവ് ബാങ്ക് ഇടപെട്ടതോടെ അത് മുടങ്ങിയിരുന്നു. കരുവന്നൂർ കേസുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണവും തുടരുകയാണ്.13 ഭരണ സമിതി അംഗങ്ങൾ ഉൾപ്പെടെ 18 പ്രതികളാണ് കേസിലുള്ളത്. പ്രധാന പ്രതികളായ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, ബ്രാഞ്ച് മാനേജരായിരുന്ന ബിജു കരിം, സീനിയർ അക്കൗണ്ടൻ്റായിരുന്ന ജിൽസ്, ബാങ്ക് ഭരണസമിതി അംഗം കിരൺ, കമ്മീഷൻ ഏജൻ്റ് ബിനോയ് എന്നിങ്ങനെ 5 പേരൊഴികെ മറ്റു പ്രതികൾ ജാമ്യത്തിലാണ്.
