കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം നേതാവ് അരവിന്ദാക്ഷനെതിരെ കൂടുതൽ തെളിവുകൾ ഹാജരാക്കി ഇഡി
അരവിന്ദാക്ഷന്‍റേയും ജില്‍സിന്‍റേയും ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത ഇ ഡി, കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളിലെ വിവരങ്ങളും ഇഡി കോടതിയില്‍ അറിയിച്ചു.

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ പി ആർ അരവിന്ദാക്ഷൻ, ബാങ്ക് സീനിയര്‍ അക്കൗണ്ടന്റ് ജിൽസ് എന്നിവർക്കെതിരെ ഇഡി കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കി. അരവിന്ദാക്ഷന്‍റേയും ജില്‍സിന്‍റേയും ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത ഇ ഡി, കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറുമായി അരവിന്ദാക്ഷൻ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ഫോണ്‍ സംഭാഷണങ്ങളിലെ വിവരങ്ങളും ഇഡി കോടതിയില്‍ അറിയിച്ചു. ഈ തെളിവുകൾ കൂടി പരിശോധിച്ചായിരിക്കും ജാമ്യാക്ഷേയിൽ കോടതി വിധി പറയുക. ജാമ്യാപേക്ഷയിൽ എറണാകുളം പിഎംഎൽഎ കോടതി വെള്ളിയാഴ്ച്ച വിധി പറയും.
പി ആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയാണ് അരവിന്ദാക്ഷൻ. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റെ സി കെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഈ മാസം മുപ്പതിനകം സമർപ്പിക്കാൻ എൻഫോഴ്സ്മെന്‍റ് ഒരുങ്ങുന്നത്. ആദ്യം അറസ്റ്റിലായ സതീഷ് കുമാർ, കിരൺ അടക്കമുളളവരുടെ ജാമ്യ നീക്കങ്ങൾക്ക് തടയിടുക എന്നതാണ് ലക്ഷ്യം. തട്ടിപ്പിന്‍റെ പിന്നിലെ സൂത്രധാരർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്‍റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്നുമാകും റിപ്പോർട്ടിൽ ഉണ്ടാവുക.
Also Read: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം