12,000 പേജുള്ള കുറ്റപത്രം ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കുക

കൊച്ചി:കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ആദ്യഘട്ട കുറ്റപത്രം ഇന്ന് ഇഡി സമര്‍പ്പിക്കും. 50 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രം. 12,000 പേജുള്ള കുറ്റപത്രം ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിക്കുക. കരുവന്നൂര്‍ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡി കുറ്റപത്രം. സതീഷ് കുമാറിനെ മുഖ്യപ്രതിയാക്കിയാണ് കുറ്റപത്രം. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തി എന്നാണ് ഇഡി വ്യക്തമാക്കന്നത്. കേസില്‍ ഉന്നത ബന്ധത്തിലും അന്വേഷണം തുടരുകയാണെന്നും ഇഡി അറിയിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കേരള പൊലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. കേസ് അന്വേഷണത്തിനിടെ ഇതുവരെയായി 87.75 കോടിയുടെ സ്വത്ത് ആണ് ഇഡി കണ്ടുകെട്ടിയത്. 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റൃത്യത്തില്‍ പങ്കാളികളായ വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സ്വകാര്യ പണമിടപാടുകാരൻ പി സതീഷ് കുമാർ, ഇടനിലക്കാരൻ പി പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റെ സി കെ ജിൽസ് എന്നിവർക്കെതിരായ കുറ്റപത്രമാണ് ഇന്ന് ഇഡി സമര്‍പ്പിക്കാനൊരുങ്ങുന്നത്. തട്ടിപ്പിന്‍റെ പിന്നിലെ സൂത്രധാരർ ഇവരാണെന്നും ബാങ്ക് ഭരണസമിതിയുടേയും രാഷ്ടീയ നേതൃത്വത്തിന്‍റെയും അറിവോടെ 180 കോടിയോളം രൂപയുടെ കളളപ്പണ ഇടപാട് നടന്നെന്നുമാണ് ഇഡി കണ്ടെത്തല്‍.


ഇതിനിടെ, കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ സർക്കാരിന്‍റെ പുതിയ പാക്കേജ് പ്രകാരം നിക്ഷേപകർക്ക് പണം നൽകുന്നത് ഇന്ന് തുടങ്ങും. അൻപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി പൂർത്തിയാക്കിയ നിക്ഷേപങ്ങളാണ് പിൻ വലിക്കാനാവുക. അരലക്ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾ നവംബർ 11 മുതൽ പിൻവലിക്കാം. സേവിങ്ങ്സ് അക്കൗണ്ടുകളിൽ നിന്ന് നവംബര്‍ 20 ന് ശേഷം അന്‍പതിനായിരം വരെ പിന്‍വലിക്കാനാണ് അനുമതി. 21,190 സേവിങ്സ് നിക്ഷേപകര്‍ക്ക് പൂര്‍ണമായും 2448 പേര്‍ക്ക് ഭാഗികമായും പണം തിരികെ നൽകുമെന്നാണ് ബാങ്ക് വാഗ്ദാനം.

കരുവന്നൂരിൽ ഇന്ന് മുതൽ നിക്ഷേപകർക്ക് പണം നൽകും, നടപ്പാക്കുന്നത് 50 കോടിയുടെ പാക്കേജ്

Kerala Piravi | കേരളം @ 67 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്