കരുവന്നൂർ തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ഹാജരാകണമെന്ന് ഹരിദാസനോട് ഇഡി സംഘം ആവശ്യപ്പെട്ടിരുന്നു
തിരുവനന്തപുരം: കരുവന്നൂർ തട്ടിപ്പ് കേസിൽ റബ്കോ എംഡി ഹരിദാസൻ നമ്പ്യാരുടെ മൊഴി ഇഡി രേഖപ്പെടുത്തി. അദ്ദേഹത്തോട് റബ്കോയുടെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇഡി ചോദിച്ചു. രേഖകൾ നാളെ ഹാജരാക്കാമെന്ന് ഹരിദാസൻ പറഞ്ഞു. റബ്കോയുടെ വിപണന പങ്കാളിയായിരുന്നു കരുവന്നൂർ സഹകരണ ബാങ്ക്. ഈ സാഹചര്യത്തിലാണ് ഹരിദാസന്റെ മൊഴി ഇഡി രേഖപ്പെടുത്തിയത്.
കരുവന്നൂർ തട്ടിപ്പ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ഹാജരാകണമെന്ന് ഹരിദാസനോട് ഇഡി സംഘം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഹാജരായത്. സഹകരണ രജിസ്ട്രാർ ടിവി സുഭാഷിനും നോട്ടീസ് നൽകിയിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. കരുവന്നൂരിൽ ഭീമമായ തട്ടിപ്പ് കണ്ടെത്തുന്നതിൽ സഹകരണ വകുപ്പിന് സംഭവിച്ച വീഴ്ചകളും ഇഡി അന്വേഷിക്കുന്നുണ്ട്. വടക്കഞ്ചേരി നഗരസഭാ കൗണ്‍സിലർ മധു അമ്പലപുരവും മുൻ ഡിവൈഎസ്പി ഫേമസ് വർഗീസും കരുവന്നൂർ ബാങ്കിലെ ചാർട്ടേഡ് അക്കൗണ്ടന്‍റുമാരായ മനോജ്, അനൂപ്, അഞ്ജലി എന്നിവരും ഇന്ന് ഇഡി ഓഫീസിൽ ഹാജരായി. തൃശൂരിലെ ജ്വല്ലറി ഉടമ സുനിൽകുമാറും ഇഡി ഓഫീസിലെത്തിയിരുന്നു.
