കാസർകോട്: ജില്ലയിൽ ഇന്ന് അഞ്ച് പേർ കൂടി കൊവിഡ് രോഗം ഭേദമായി ആശുപത്രി വിട്ടു. കാസർകോട് ജനറൽ ആശുപത്രിയിൽ വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന മൂന്ന് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേരുമാണ് ആശുപത്രി വിട്ടത്. ഇവർ ഇനി 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം.

ഇതോടെ ജില്ലയിൽ കൊവിഡ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14 ആയി. കൊവിഡ് രോഗം കേരളത്തിൽ കുതിച്ചുയർന്ന ആദ്യഘട്ടത്തിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിൽ കഴിഞ്ഞത് കാസർകോട് ജനറൽ ആശുപത്രിയിലായിരുന്നു. ഇവിടെ ഇപ്പോൾ ഒരാൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. ശേഷിച്ച എല്ലാവരും ആശുപത്രി വിട്ടു. 

അതേസമയം ജില്ലയിൽ കുമ്പള പഞ്ചായത്തിനെ കൂടി കൊവിഡ് ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. മൊഗ്രാൽപുത്തൂർ, ചെങ്കള, ചെമ്മനാട്, മധൂർ, മുളിയാർ പഞ്ചായത്തുകളും കാസർകോട്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റികളുമാണ് ജില്ലയിൽ കൊവിഡ് ഹോട്ട്സ്പോട്ടുകൾ.