Asianet News MalayalamAsianet News Malayalam

സുന്ദരയ്ക്ക് കോഴ: കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി; കോടതി ഉത്തരവ് വിവി രമേശന്റെ ഹർജിയിൽ

മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകിയ കെ സുന്ദരയാണ് തനിക്ക് ബിജെപി നേതാക്കൾ കോഴ നൽകിയെന്ന് വെളിപ്പെടുത്തിയത്

Kasaragod JFCM court order to book K Surendran under IPC 171 B
Author
Kasaragod, First Published Jun 7, 2021, 2:53 PM IST

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ പണം നൽകിയെന്ന വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസെടുക്കാൻ അനുമതി. കാസർകോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന സിപിഎം നേതാവ് വിവി രമേശന്റെ ഹർജിയിലാണ് കോടതി ഉത്തരവ്.

മണ്ഡലത്തിൽ ബിഎസ്പി സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകിയ കെ സുന്ദരയാണ് തനിക്ക് ബിജെപി നേതാക്കൾ കോഴ നൽകിയെന്ന് വെളിപ്പെടുത്തിയത്. കെ സുരേന്ദ്രന് പുറമെ ബിജെപിയുടെ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെയും കേസെടുക്കാൻ കോടതി അനുമതി നൽകി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ബി (തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകുക) വകുപ്പ് പ്രകാരം പൊലീസിന് കേസ് എടുക്കാനാണ് നിർദ്ദേശം.

സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടുപോയി, തടങ്കലിൽ വെച്ചു, കോഴ നൽകിയാണ് പത്രിക പിൻവലിപ്പിച്ചതെന്നും അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പരാതി നൽകിയതെന്നും വിവി രമേശൻ പ്രതികരിച്ചു. ഐപിസി 171 ബി വകുപ്പ് പ്രകാരം കേസെടുക്കാൻ കോടതി അനുമതി ആവശ്യമായതിനാലാണ് കേസുമായി രമേശൻ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. എഫ്ഐആർ രജിസ്റ്റർ ചെയ്താൽ സുന്ദരയുടെ മൊഴിയെ അടിസ്ഥാനപ്പെടുത്തി കൂടുതൽ കുറ്റകൃത്യങ്ങളിൽ കേസെടുക്കാനാവുമെന്നും ഐപിസി 171 ബി വകുപ്പ് മാത്രമുപയോഗിച്ച് അറസ്റ്റ് ചെയ്യാനാവില്ലെന്നും വിവി രമേശന്റെ അഭിഭാഷകൻ പറഞ്ഞു.

വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വിവി രമേശൻ എസ് പി ക്ക് പരാതി നൽകിയിരുന്നു. ഈ കേസ് ബദിയഡുക്ക പൊലീസിന്റെ പരിഗണനയിലാണ്. മാർച്ച് 21 ന് തന്റെ വീട്ടിലെത്തിയ ബിജെപി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട്ഫോണും നൽകിയെന്നാണ് സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. ഇന്നലെ ബദിയഡുക്ക പൊലീസിന് നൽകിയ മൊഴിയിൽ ബിജെപി നേതാക്കൾ തന്നെ തട്ടിക്കൊണ്ടുപോയെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നതായാണ് വിവരം. 

ഈ പരാതിക്കടിസ്ഥാനം ഏഷ്യാനെറ്റ് ന്യൂസിനുമായി നടത്തിയ അഭിമുഖത്തിൽ കെ സുന്ദര നടത്തിയ വെളിപ്പെടുത്തലാണ്. ആ വെളിപ്പെടുത്തൽ കാണാം:

കുരുക്കിലാക്കിയ മൊഴി

മഞ്ചേശ്വരത്തെ കോഴയാരോപണത്തിൽ ബിജെപിയെ കൂടുതൽ കുരുക്കിലാക്കിയാണ് കെ. സുന്ദര ഇന്നലെ പൊലീസിന് മൊഴി നൽകിയത്. ബിജെപി പ്രവർത്തകർ രണ്ടരലക്ഷവും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നും കെ. സുന്ദര പൊലീസിനോട് പറഞ്ഞു. പണം നൽകാനെത്തിയ സംഘത്തിൽ കൊടകര കുഴൽപ്പണക്കേസിൽ പൊലീസ് ചോദ്യം ചെയ്ത സുനിൽ നായ്ക് ഉണ്ടായിരുന്നെന്നും മൊഴിയുണ്ട്. അതേസമയം, സിപിഎം എത്ര ലക്ഷം കൊടുത്തിട്ടാണ് സുന്ദര നിലപാട് മാറ്റിയത്  എന്ന് അന്വേഷിക്കട്ടെയെന്നാണ് കെ.സുരേന്ദ്രന്‍റെ പ്രതികരണം.

ബിജെപി നേതാക്കളായ സുനിൽ നായ്ക്, സുരേഷ് നായ്ക്, അശോക് ഷെട്ടി എന്നിവരുൾപ്പെടുന്ന സംഘം 2016 മാർച്ച് 21-ന് വീട്ടിലെത്തി പണം നൽകിയെന്നാണ് സുന്ദര ബദിയടുക്ക പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. കെ.സുരേന്ദ്രൻ ഫോണിൽ വിളിച്ച് വാഗ്ദാനങ്ങൾ പാലിക്കാമെന്ന് ഉറപ്പ് നൽകിയാതായും സുന്ദര.  പണം നൽകുന്നതിന് മുമ്പ് പത്രിക പിൻവലിക്കാൻ ബിജെപി സംഘം ഭീഷണിപ്പെടുത്തി. കൊടകര കുഴൽപ്പണ കേസിൽ പൊലീസ് ചോദ്യം ചെയ്ത യുവമോർച്ച മുൻനേതാവ് സുനിൽ നായ്ക് പണവുമായെത്തിയ സംഘത്തിലുണ്ടായിരുന്നെന്നും സുന്ദരയുടെ മൊഴിയിൽ പറയുന്നു. മാർച്ച് 21-ന് സുന്ദരയുടെ വീട്ടിലെത്തി സുനിൽ നായ്കും സംഘവുമെടുത്ത ഫോട്ടോ സുനിൽ നായ്ക് തന്നെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഈ ഫോട്ടോകൾ കൂടി പുറത്തുവന്നതോടെ അന്വേഷണം സുനിൽ നായ്ക്കിലേക്ക് കൂടി നീളുമെന്ന് ഉറപ്പായി.

പരാതിക്കാരൻ വി വി രമേശനും ബദിയടുക്ക പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു. ഈ മൊഴികളെല്ലാം വിശദമായി പരിശോധിച്ച് കെ.സുരേന്ദ്രനെ ഉൾപ്പെടെ പ്രതിചേർത്ത് കേസ് രജിസ്റ്റ‌ർ ചെയ്യുമെന്നാണ് പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. കോടതി അനുമതി കൂടി ലഭിച്ചതോടെ കൂടുതൽ കുരുക്ക് മുറുകുകയാണ് സുരേന്ദ്രന്. വാർത്ത പുറത്ത് വന്ന ശേഷം പണം വാങ്ങിയിട്ടില്ലന്ന് പറയാൻ ബിജെപി പ്രവർത്തകർ ഭീഷണിപ്പെടുത്തുകയാണെന്ന് സുന്ദര പൊലീസിനോട് പറഞ്ഞു. ഈ പശ്ചാത്തലത്തിൽ സുന്ദരക്ക് സുരക്ഷയൊരുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios