കേടായ ലിഫ്റ്റ് എന്നത്തേക്ക് ശരിയാക്കാനാകുമെന്നത് ഇപ്പോഴും വ്യക്തതയില്ല. ജനറല്‍ ആശുപത്രിയിലെ സ്ട്രക്ചര്‍ കയറാന്‍ സൗകര്യമുള്ള വലിയ ലിഫ്റ്റാണ് ഒരു മാസമായി തകരാറിലായത്

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ കേടായ ലിഫ്റ്റിന് പകരം ആസ്തി വികസന ഫണ്ടിൽ നിന്ന് പുതിയത് നല്‍കാന്‍ തയ്യാറാണെന്ന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ. ലിഫ്റ്റ് പ്രവർത്തിക്കാത്തതിനാൽ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിലാണ്. ജനങ്ങളും രോഗികളും നേരിടുന്ന പ്രശ്നത്തിൽ പരിഹാരം കാണാൻ ആസ്തി വികസന ഫണ്ടിൽ നിന്ന് പണം നൽകാൻ തയ്യാറാണെന്ന് എംഎൽഎ പറഞ്ഞു. ധനവകുപ്പിന്റെ പ്രത്യേക അനുമതിയുണ്ടെങ്കിലേ ഇത് സാധ്യമാകൂ. എംഎല്‍എയുടെ വാഗ്ദാനത്തിനോട് സര്‍ക്കാര്‍ എങ്ങിനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.

കേടായ ലിഫ്റ്റ് എന്നത്തേക്ക് ശരിയാക്കാനാകുമെന്നത് ഇപ്പോഴും വ്യക്തതയില്ല. ജനറല്‍ ആശുപത്രിയിലെ സ്ട്രക്ചര്‍ കയറാന്‍ സൗകര്യമുള്ള വലിയ ലിഫ്റ്റാണ് ഒരു മാസമായി തകരാറിലായത്. പല തവണ ആവശ്യപ്പെട്ടിട്ടും നന്നാക്കാമെന്ന മറുപടിയല്ലാതെ നടപടി ഉണ്ടായില്ലെന്നാണ് പരാതി. പരാതിപ്പെടുമ്പോഴെല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് തിരിച്ചയക്കുകയാണ് ചെയ്യുന്നതെന്ന് ബിജെപി നേതാവ് പ്രമീള ആരോപിച്ചു. 

ആശുപത്രിയില്‍ റാമ്പില്ലാത്തതിനാല്‍ രോഗികളെ സ്ട്രക്ചറില്‍ ചുമന്ന് എത്തിക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ ദിവസം ആറാം നിലയില്‍ നിന്ന് രോഗിയെ ചുമന്ന് താഴെ എത്തിച്ചത് ബിഎംഎസിന്റെ ചുമട്ടു തൊഴിലാളികളായിരുന്നു. ആശുപത്രിയിലെ വിവിധ നിലകളിലുള്ള ഓപ്പറേഷന്‍ തീയറ്റര്‍, ലേബര്‍ റൂം, വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്ക് രോഗികളെ എത്തിക്കുന്നതും ഇങ്ങനെ ചുമന്ന് കൊണ്ടാണ്. കഴിഞ്ഞ നാല് മാസത്തിനിടയില്‍ നിരവധി തവണയാണ് ജനറല്‍ ആശുപത്രിയിലെ പ്രധാന ലിഫ്റ്റ് പണിമുടക്കിയത്. പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ ലിഫ്റ്റ് സ്ഥാപിക്കുകയാണ്.