തിരുവനന്തപുരം: കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കേരളത്തിന്‍റെ സെമി ഹൈസ്പീഡ് റെയിൽപാതാ പദ്ധതിയായ സിൽവർ ലൈനിന് കേന്ദ്ര സ‌ർക്കാർ തത്വത്തിൽ അംഗീകാരം നൽകി. നാല് മണിക്കൂർ കൊണ്ട്  തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് യാത്ര ചെയ്യുകയെന്നതാണ് സെമി ഹൈസ്പീഡ് റെയിൽ ഇടനാഴിയിലൂടെ സാക്ഷാത്കരിക്കാൻ ഉദ്ദേശിക്കുന്നത്. 

ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെആര്‍ഡിസിഎല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ലൈനുകളാണ് പദ്ധതിയിലുള്ളത്. കൊച്ചുവേളിയില്‍ നിന്ന് കാസര്‍കോട് വരെ 532 കിലോമീറ്ററിലാണ് റെയില്‍പാത നിര്‍മിക്കുക. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ നിലവിലുള്ള പാതയില്‍നിന്ന് മാറിയാണ് നിര്‍ദ്ദിഷ്ട റെയില്‍ ഇടനാഴി നിര്‍മിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലുള്ള പാതയ്ക്ക് സമാന്തരമായിരിക്കും. ഓരോ 500 മീറ്ററിലും പുതിയ പാതയ്ക്കടിയിലൂടെ ക്രോസിംഗ് സൗകര്യമുണ്ടായിരിക്കും.