Asianet News MalayalamAsianet News Malayalam

കരിപ്പൂർ സ്വർണക്കടത്ത് കേസ്; ആകാശ് തില്ലങ്കേരിയെ 12 മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു

കാസ‍‍ർകോട് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരിക്ക് മുഖ്യപ്രതി അ‍ർജുൻ ആയങ്കിയുമായുളള ബന്ധത്തെക്കുറിച്ച് കസ്റ്റംസിന് മൊഴി കിട്ടിയിരുന്നു.

kash Thillankeri questioned by customs on Gold Smuggling Case for six hours
Author
Kochi, First Published Jul 19, 2021, 11:49 PM IST

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് വിട്ടയച്ചു. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആകാശ് തില്ലങ്കേരിയെ വിട്ടയച്ചത്. മുഖ്യപ്രതി അ‍ർജുൻ ആയങ്കി ഗുണ്ടാസംഘങ്ങളുടെ പിന്തുണ കളളക്കടത്തിന് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഇതിനിടെ അർജുൻ ആയങ്കിക്ക് ജാമ്യം നൽകരുതെന്ന് കസ്റ്റംസ് കോടതിയിൽ ആവശ്യപ്പെട്ടു.

രാവിലെ പതിനൊന്ന് മണിയോടെയാണ് ആകാശ് തില്ലങ്കേരി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ ഹാജരായത്. കാസ‍‍ർകോട് ഷുഹൈബ് വധക്കേസ് പ്രതിയായ ഇയാൾക്ക് മുഖ്യപ്രതി അ‍ർജുൻ ആയങ്കിയുമായുളള ബന്ധത്തെക്കുറിച്ച് കസ്റ്റംസിന് മൊഴി കിട്ടിയിരുന്നു. ടിപി കേസ് പ്രതി ഷാഫിയും ആകാശ് തില്ലങ്കേരിയെക്കുറിച്ച് കസ്റ്റംസിനോട് പറഞ്ഞിരുന്നു. അർജുൻ ആയങ്കിയുടെ കളളക്കടത്ത് ഇടപാ‍ടിലോ സ്വർണം പിടിച്ചുപറിക്കുന്നതിലോ ആകാശ് തില്ലങ്കേരിയ്ക്ക് പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അർജുൻ ആയങ്കിയുടെ ഇടപാടുകളെക്കുറിച്ച് ഇയാൾക്ക് അറിവുണ്ടായിരുന്നു എന്ന നിഗമനത്തിൽത്തന്നെയാണ് അന്വേഷണസംഘം.

ഇതിനിടെ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതിയിൽ റിപ്പോർട്ട് നൽകി. കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി മുമ്പും ഇയാൾ കളളക്കടത്ത് നടത്തിയെന്നും ഗുണ്ടാ സംഘങ്ങളുടെ പിന്തുണ ഇതിനായി ഉപയോഗിച്ചെന്നും റിപ്പോ‍ർട്ടിലുണ്ട്. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ പേരും ഭീഷണിപ്പെടുത്താനായി ഉപയോഗിച്ചു. ഒരു രാഷ്ട്രീയ പാർടിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഫേസ് ബുക്കിൽ അപ്‍ലോഡ് ചെയ്താണ് കളളക്കടത്തിലേക്ക് ഇയാൾ യുവാക്കളെ ആകർഷിച്ചിരുന്നത്.

അ‍ർജുൻ ആയങ്കിയുടെ ഭാര്യയും ഇയാളുടെ കളളക്കടത്ത് സംബന്ധിച്ച് മൊഴി നൽകിയിട്ടുണ്ട്. അർജുന്‍റെ കീഴിലുളള കളളക്കടത്ത് സംഘത്തിന് രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് മൊഴിയുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios