Asianet News MalayalamAsianet News Malayalam

എന്‍ഡോസള്‍ഫാന്‍ പ്രസ്താവന: ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന് ഞാന്‍ മറുപടി പറയില്ലെന്ന് കളക്ടര്‍

അതില്‍ എഴുതിവച്ചിരിക്കുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ല, ആരെങ്കിലും എന്തെങ്കിലുമൊക്കെ എഴുതിവച്ചിരിക്കുന്നതിന് താനാണോ സമാധാനം പറയേണ്ടതെന്ന് കാസര്‍കോട് കളക്ടര്‍ സജിത്ത് ബാബു

kasrgod collector disown statement in endosulfan issue
Author
Kasaragod, First Published Jul 12, 2019, 12:16 PM IST

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സാഹിത്യമല്ല ശാസ്ത്രമാണ് തീരുമാനമെടുക്കേണ്ടതെന്ന പ്രസ്താവന നിഷേധിച്ച് കാസര്‍കോട് കളക്ടര്‍ ഡോ സജിത്ത് ബാബു. എന്‍‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ കളക്ടറുടേതെന്ന പേരില്‍ വന്ന പ്രതികരണമാണ് സജിത്ത് ബാബു നിഷേധിച്ചത്.

ആരെങ്കിലും എന്തെങ്കിലുമൊക്കെ എഴുതിവച്ചിരിക്കുന്നതിന് താനാണോ സമാധാനം പറയേണ്ടതെന്ന് സജിത്ത് ബാബു എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. അതില്‍ എഴുതിവച്ചിരിക്കുന്നതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സജിത്ത് ബാബു വ്യക്തമാക്കി. 

മലയാളം വാരികയില്‍ കളക്ടറുടെ പേരില്‍ വന്ന പ്രതികരണം ഇതാണ്

എന്‍ഡോസള്‍ഫാന്‍ കൈകൊണ്ട് തളിച്ച ആളുകള്‍ ഇപ്പോഴും കാസര്‍കോടുണ്ട്. അവര്‍ക്കെന്തുകൊണ്ടാണ് അസുഖം വരാത്തത്. അഗ്രികള്‍ച്ചറില്‍ ഡോക്ടറേറ്റ് കഴിഞ്ഞ് ആറര കൊല്ലം കാര്‍ഷിക ശാസ്ത്രം പഠിപ്പിച്ച ഞാന്‍ ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും വിശ്വസിക്കണോ? അതോ അംബികാസുതന്‍ മാങ്ങാടിനെപ്പോലുള്ള സാഹിത്യകാരന്‍മാര്‍ പറയുന്നത് വിശ്വസിക്കണോ. ഭരണഘടന പറയുന്നത് തന്നെ ശാസ്ത്രം വളര്‍ത്താനല്ലേ. അല്ലാതെ സാഹിത്യം വളര്‍ത്താനല്ല. സത്യം മാത്രമേ ജയിക്കാന്‍ പാടുള്ളൂ. ഇവിടെ ലിസ്റ്റുണ്ടാക്കിയ ഡോക്ടര്‍മാരെല്ലാം എന്ത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് അതുണ്ടാക്കിയത്. 

ഞാന്‍ പല ഡോക്ടര്‍മാരോടും സംസാരിച്ചിട്ടുണ്ട്. അവരാരും പൊതുസമൂഹത്തിന് മുന്നില്‍ വന്ന് എന്‍ഡോസള്‍ഫാന്‍കൊണ്ടാണ് അസുഖമുണ്ടായതെന്ന് പറയില്ല. ഇവിടെ ആരും ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ശീലാബതിയെക്കുറിച്ചൊക്കെയുള്ള മംഗളത്തിലൊക്കെ വരുന്ന കഥ പോലുള്ളവ കേട്ട് ആളുകള്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. 

നോവലുകളൊന്നും വായിച്ച് തീരുമാനമെടുക്കാന്‍ പറ്റില്ലല്ലോ. ശാസ്ത്രമാണ് മുന്നോട്ട് പോകേണ്ടത്. ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് സര്‍ക്കാരിന്‍റെ അഭിപ്രായമാണ് ഔദ്യോഗികമായി എന്‍റെ അഭിപ്രായം. പക്ഷേ, ഞാന്‍ ശാസ്ത്രീയതയില്‍ ഉറച്ചുനില്‍ക്കുന്നു. 

Follow Us:
Download App:
  • android
  • ios