Asianet News MalayalamAsianet News Malayalam

കത്വ ഫണ്ട് വിവാദം; സികെ സുബൈർ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

സികെ സുബൈറിനും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനും എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജി

Kathua fund controversy CK Subair resigns as youth league national secretary
Author
Malappuram, First Published Feb 22, 2021, 7:39 PM IST

മലപ്പുറം: കത്വ ഫണ്ട് വിവാദത്തിൽ യൂത്ത് ലീഗിൽ രാജി. സികെ സുബൈർ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സ്ഥാനം രാജി വച്ചു. മുസ്ലീം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദർ മൊയ്തീനാണ് രാജിക്കത്ത് നൽകിയത്. സികെ സുബൈറിനും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനും എതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് രാജി. കുന്ദമംഗലം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പാർട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടാണ് സുബൈർ രാജിവെച്ചത്. 

കത്വ ഫണ്ട് തട്ടിപ്പ് വിവാദത്തിൽ യൂത്ത് ലീഗ് വിമതനായ യൂസഫ് പടനിലമാണ് പി.കെ.ഫിറോസിനെതിരെ പൊലീസിൽ കേസ് നൽകിയത്. കത്വ, ഉന്നാവോ പീഡനക്കേസുകളിലെ ഇരകളായ പെൺകുട്ടികളുടെ കുടുംബത്തെ സഹായിക്കാൻ സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്ക് കൈമാറാതെ സ്വകാര്യ ആവശ്യങ്ങൾക്കുപയോഗിച്ചെന്നാണ് യൂസഫ് പടനിലം യൂത്ത് ലീഗിനെതിരെ ഉന്നയിച്ച ആരോപണം. ഈ ഫണ്ടിൽ നിന്ന് കേരളത്തിലെ യൂത്ത് ലീഗ് നേതാക്കളും വിഹിതം കൈപ്പറ്റിയെന്നും യൂസഫ് പടനിലം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പിരിച്ചത് ഒരു കോടി രൂപയല്ല, 39 ലക്ഷം മാത്രമാണെന്നും ഇത് ഇരകളുടെ കുടുംബങ്ങൾക്ക് കൃത്യമായി നൽകിയിരുന്നുവെന്നുമായിരുന്നു യൂത്ത് ലീഗിന്റെ വിശദീകരണം.

ബിനോയ് കോടിയേരി അറസ്റ്റിലായതിന്‍റെ പകപോക്കലാണ് കത്വ ഫണ്ടിന്‍റെ പേരിൽ തനിക്കെതിരെ കേസെടുക്കാൻ കാരണമെന്നായിരുന്നു പികെ ഫിറോസിന്റെ പ്രതികരണം. കത്വ ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗ് പുറത്ത് വിട്ട കണക്കുകളില്‍ വൈരുദ്ധ്യമെന്നും പെൺകുട്ടിയുടെ പിതാവിന്റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചില്ലെന്നും ഐഎന്‍എല്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. നേരിട്ടും വ്യക്തിഗത അക്കൗണ്ടിലേക്കും പണം കൈമാറിയെന്ന് യൂത്ത് ലീഗ് നേരത്തെ വിശദീകരിച്ചിരുന്നു. മുസ്ലിം ലീഗിന്‍റെ പ്രളയഫണ്ട് വിനിയോഗത്തില്‍ ആരോപണവുമായി സിപിഎം മലപ്പുറം ജില്ല കമ്മിറ്റിയും രംഗത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios