പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്. ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്. 

തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും കോടതി നിർദേശിച്ചു. പൂവച്ചൽ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്. ക്ഷേത്രത്തിന്റെ മതിലിൽ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്. 

പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിന്റെ നിർണായക തെളിവായത്. തുറന്ന കോടതിയിൽ വീഡിയോ പ്രദർശിപ്പിച്ച് തെളിവെടുത്തിരുന്നു.

2023 ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് വീടിന് സമീപത്തെ പുളിങ്കോട് ഭദ്രകാളി ക്ഷേത്ര റോഡിൽ വച്ച് പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ(15)നെ പ്രതി പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്. 

സംഭവദിവസം ക്ഷേത്ര ഗ്രൗണ്ടിൽ ഫുട്ബോൾ കളി കഴിഞ്ഞ് ക്ഷേത്രം ഓഡിറ്റോറിയത്തിന്റെ മുറിയിൽ ഫുട്ബോൾ വെച്ച ശേഷം തിരികെ സൈക്കിളിൽ കയറിയ സമയം കാർ പാർക്ക് ചെയ്ത് കാത്തുനിൽക്കുകയായിരുന്ന പ്രിയരഞ്ജൻ, കുട്ടി സൈക്കിൾ ചവിട്ടാൻ തുടങ്ങിയതും അമിത വേഗത്തിൽ കുട്ടിയുടെ നേർക്ക് കാർ ഓടിച്ചു കയറ്റിയാണ് കൊലപ്പെടുത്തിയത്. 

രക്തത്തിൽ കുളിച്ച് കിടന്ന ആദിയെ താനും കൂടിച്ചേർന്നാണ് പുറകെ വന്ന കാറിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയതെന്ന് ദൃക്സാക്ഷിയായ കുട്ടി വിശദീകരിച്ച് മൊഴി നൽകിയിരുന്നു. ആദിശേഖർ അന്നേദിവസം ഉപയോഗിച്ചിരുന്ന സൈക്കിളും പ്രതി കൃത്യത്തിന് ഉപയോഗിച്ച കാറും സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു.

ക്ഷേത്രനട തുറന്നതിനാൽ മുതിർന്നവർ പറഞ്ഞതിനാലാണ് തളം കെട്ടിക്കിടന്ന രക്തം വെള്ളമൊഴിച്ച് കഴുകി കളഞ്ഞതെന്ന് മറ്റൊരു കുട്ടി കോടതിയിൽ മൊഴി നൽകിയിരുന്നു. സാക്ഷികൾ പ്രതി പ്രിയരഞ്ജനെ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. ആദിശേഖർ കയറിയ സൈക്കിളും, കൃത്യത്തിന് ഉപയോഗിച്ച മഹീന്ദ്ര എക്സ്‌.യു.വി ഇലക്ട്രിക് കാറും കോടതിയിൽ സാക്ഷികൾ തിരിച്ചറിഞ്ഞിരുന്നു. പ്രതി, പുളിങ്കോട് ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് പ്രതിയെ ഇത്തരം ഹീനമായ കൊലക്ക് പ്രേരിപ്പിച്ചത്.

Thrissur Pooram 2025 | Asianet News Live | Malayalam News Live | Kerala News