ഇടുക്കി: പിഞ്ചുകുഞ്ഞ് ഉൾപ്പടെയുള്ള അഞ്ചംഗ കുടുംബത്തിന് നേരെ അതിക്രമം കാണിച്ച കട്ടപ്പന സിഐ അനിൽ കുമാറിന് സസ്പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഐജിയുടേതാണ് നടപടി. ഏഷ്യാനെറ്റ്‌ ന്യൂസാണ് സിഐയുടെ അതിക്രമ വാർത്ത പുറത്തുകൊണ്ടുവന്നത്.

സിവിൽ ഡ്രസ്സിലായിരുന്ന സിഐ അപകടകരമായ രീതിയിൽ വണ്ടിയോടിച്ചത് ചോദ്യം ചെയ്തതിനാണ് കാറിൽ പിന്തുടർന്ന് കുടുംബത്തെ അപായപ്പെടുത്താൻ നോക്കിയത്. അഭയം തേടി പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബത്തിലെ രണ്ട് പേരെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം മർദ്ദിക്കുകയും ചെയ്തിരുന്നു.

Also Read: പിഞ്ചുകുഞ്ഞടങ്ങുന്ന സംഘത്തോട് പൊലീസിന്‍റെ അതിക്രമം; സിഐ മദ്യലഹരിയില്‍ മര്‍ദിച്ചെന്ന് പരാതി 

കാറിൽ വിടാതെ പിന്തുടർന്നതൊടെ കുടുംബം അഭയം തേടിയാണ് കട്ടപ്പന സ്റ്റേഷനിലെത്തിയത്. പിന്നാലെ എത്തിയ സിഐ അനിൽ കുമാർ കുടുംബത്തെ വലിച്ചിഴച്ച് സ്റ്റേഷനകത്ത് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതി സ്വീകരിക്കാതിരുന്ന എസ്ഐ പക്ഷേ മേലുദ്യോഗസ്ഥന് വേണ്ടി കൃപമോനെതിരെ കേസെടുക്കുകയും ചെയ്തു. സംഭവസമയത്ത് സിഐ മദ്യലഹരിയിലായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.