മലപ്പുറം: കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടായി രണ്ട് ദിവസത്തിന് ശേഷവും രക്ഷാപ്രവര്‍ത്തനം അനിശ്ചിതമായി വൈകുകയാണ്. മുപ്പതോളം വീടുകൾ മണ്ണിനടിയിലാണ്. ഒരു പ്രദേശമാകെ ഉരുൾപ്പൊട്ടലിൽ തകര്‍ന്ന് പോയ അവസ്ഥയാണ് കവളപ്പാറയിൽ ഉള്ളത്. ഇരുനില വീടുകൾ പോലും പുറത്ത് കാണാനാകാത്ത വിധം കല്ലും മണ്ണും വന്ന് മൂടിയിരിക്കുകയാണ്. ഒറു കിലോമീറ്ററോളം പൂര്‍ണ്ണമായും മണ്ണിനടിയിലായിരിക്കുകയാണ്. നാൽപ്പത് പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

കവളപ്പാറയിലേക്കുള്ള വഴിയിൽ തടസങ്ങൾ താൽക്കാലികമായി മാറ്റി എൻഡിആര്‍എഫ് സംഘവും ഫയര്‍ഫോഴ്സ് സംഘവും എത്തിച്ചേര്‍ന്നെങ്കിലും രക്ഷാ പ്രവര്‍ത്തനം ആരംഭിക്കാനാകാത്ത അവസ്ഥയാണ് ഇപ്പോഴുമുള്ളത്. വലിയതോതിൽ ചളിയടിഞ്ഞ് കിടക്കുന്ന പ്രദേശത്ത് എങ്ങനെ രക്ഷാപ്രവര്‍ത്തനം തുടങ്ങണം എന്ന് പോലും അറിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. വലിയ മണ്ണുമാന്തിയന്ത്രങ്ങൾ അടക്കം സ്ഥലത്തെത്തിച്ചാൽ മാത്രമെ രക്ഷാപ്രവര്‍ത്തനം തുടങ്ങാനെങ്കിലും കഴിയു എന്ന അവസ്ഥായാണ് ഇപ്പോഴുള്ളത്. 

കവളപ്പാറയിൽ നിന്നുള്ള പുതിയ ദൃശ്യങ്ങൾ: 

,

വ്യാഴാഴ്ച രാത്രിയാണ് കവളപ്പാറയിൽ ഉരുൾപ്പൊട്ടലുണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തത്തിന്‍റെ തീവ്രത ഏഷ്യാനെറ്റ് ന്യൂസ് സംഘം പുറം ലോകത്തെത്തിക്കുന്നത്. വലിയൊരു പ്രദേശമാകെ മണ്ണടിഞ്ഞു പോയ ദുരന്ത കാഴ്ചയാണ് കവളപ്പാറയിലുള്ളത്. ഇരുനിലക്കെട്ടിടങ്ങളുടെ മേൽക്കൂരപോലും പുറത്ത് കാണാനാകാത്ത അവസ്ഥയാണ്.

 

കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തകരുടെ സംഘം സ്ഥലത്തെത്തി മൂന്ന് മൃതദേഹം പുറത്തെടുത്തിരുന്നു. റോഡരികിൽ തന്നെ ഒരു വീട് നിന്നിരുന്നു എന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിച്ച സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് ഒരു കുട്ടിയുടെ അടക്കം മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. സൈന്യത്തിന് ഇപ്പോഴും സ്ഥലത്തേക്ക് എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയാണ്.