മലപ്പുറം: കവളപ്പാറ ദുരന്തത്തിന്‍റെ ഞെട്ടിക്കുന്ന അനുഭവകഥയുമായി ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ജയൻ. അങ്ങിങ്ങ് മണ്ണിടിഞ്ഞും വെള്ളം കയറിയും ഒറ്റപ്പെട്ട പ്രദേശത്തെ ആളുകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടക്കാൻ വലിയ സ്ഫോടന ശബ്ദത്തോടെ ഉരുൾപൊട്ടി വന്നതെന്നാണ് ജയൻ പറയുന്നത്. രണ്ട് മിനിറ്റ് നീണ്ട അസാധാരണ മഴ, തൊട്ടുപിന്നാലെ വലിയ സ്ഫോടന ശബ്ദം. . വീടിന് പുറകിൽ നിന്ന് കുത്തിയൊലിച്ച് വന്ന മണ്ണ് കഴുത്തിന് പിറകിൽ വന്നടിച്ച് മുപ്പത് മീറ്ററോളം ദൂരെ തെറിച്ചു വീണു. ചെളിയിൽ പുതഞ്ഞ് പോയ തന്നെ ഒപ്പമുണ്ടായിരുന്ന ആരൊക്കെയോ ചേര്‍ന്ന് രക്ഷിച്ചെടുക്കുകയായിരുന്നു എന്നാണ്  കവളപ്പാറയിലെ ദുരന്തഭൂമിയിൽ നിന്ന് രക്ഷപ്പെട്ട് പരിക്കേറ്റ് ആശപത്രിയിൽ കഴിയുന്ന ജയൻ പറയുന്നത്.

 

വീടുകളും ആളുകളുമെല്ലാം മണ്ണിനടിയിലാണ്. പ്രദേശത്തെ കുറിച്ച് നന്നായി അറിയാവുന്നതുകൊണ്ട് ഇക്കാര്യം ഉറപ്പിച്ച് പറയാനാകുമെന്നാണ് ജയൻ പറയുന്നത്. മൂന്നും നാലും മീറ്റര്‍ ഉയരത്തിൽ വരെ മണ്ണടിഞ്ഞു പോയ അവസ്ഥയിലാണ് കവളപ്പാറ ഇപ്പോഴുള്ളതെന്നും ഇതിനകത്ത് അകപ്പെട്ട് പോയവരെ വീണ്ടെടുക്കാൻ പോലും കഴിയുമോ എന്ന് സംശയമുണ്ടെന്നും ജയൻ പറയുന്നു.