ആലപ്പുഴ: കായംകുളം സിയാദ് വധത്തിൽ കോൺഗ്രസ്‌ ബന്ധം ആരോപിക്കുന്നത് സിപിഎം നിലനിൽപ്പിന്റെ ഭാഗമാണെന്ന് ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജു പറഞ്ഞു. കായംകുളത്ത് ഗുണ്ടകളെ വളർത്തുന്നത് സിപിഎം ആണ്. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രിയായ ജി സുധാകരൻ തന്നെ കായംകുളത്ത് ഗുണ്ടാ മാഫിയയുണ്ടെന്നു സമ്മതിക്കുന്നു. ക്വട്ടേഷൻ, ബ്ലേഡ് മാഫിയ ടീമിനു സിപിഎം നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഇവരുടെ ഫോൺ കോൾ പരിശോധിക്കണമെന്നും ലിജു പറഞ്ഞു. 

സിയാദിന്റെ കൊലപാതകം സംബന്ധിച്ചുള്ള മന്ത്രി ജി സുധാകരന്റെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു എം ലിജു. ക്വട്ടേഷൻ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തതിനാണ് സിയാദിനെ വകവരുത്തിയത് എന്ന് ജി സുധാകരൻ പറഞ്ഞിരുന്നു. കായംകുളത്ത് ക്വട്ടേഷൻ സംഘത്തെ വളർത്തുന്നത് വലതുപക്ഷ രാഷ്ട്രീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. സിയാദിന്റെ കൊലപാതകം രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള സംഘർഷത്തില്‍ അല്ലെന്നുള്ള മന്ത്രിയുടെ പ്രസ്താവന വലിയചർച്ചയായിരുന്നു. സിയാദിന്റേത് രാഷ്ട്രീയകൊലപാതകമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ സുധാകരൻ തള്ളിപ്പറഞ്ഞതാണെന്നും പ്രചാരണമുണ്ടായി. എന്നാൽ, താൻ പാർട്ടി സെക്രട്ടറി പറഞ്ഞതിനെ തള്ളിയിട്ടില്ലെന്നും കായംകുളത്തേത് രാഷ്ട്രീയകൊലപാതകം തന്നെയാണെന്നും പിന്നീട് സുധാകരൻ നിലപാട് തിരുത്തി. കായംകുളം സിയാദ് വധത്തിന് പിന്നിൽ കോൺഗ്രസിന് പങ്കുണ്ടെന്ന കോടിയേരിയുടെ നിലപാട് തന്നെയാണ് തനിക്കെന്നും സുധാകരൻ വിശദീകരിച്ചിരുന്നു.