കേരള നിയമസഭയിൽ തുടർച്ചയായി 25 വർഷത്തെ സേവനത്തിന് പത്തനാപുരത്തെ ജനങ്ങളോട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നന്ദി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്.
തിരുവനന്തപുരം: കേരള നിയമസഭയില്‍ തുടര്‍ച്ചയായി ഇരുപത്തിയഞ്ച് വര്‍ഷക്കാലം അംഗമാക്കിയതിന് പത്തനാപുരത്തെ ജനതയോട് നന്ദി പറഞ്ഞ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ വൈകാരികകമായ കുറിപ്പ്. കാല്‍നൂറ്റാണ്ട് ഒരു ചെറിയ കാലയളവല്ല. ഇക്കാലമത്രയും എല്ലാ ദുഷ്പ്രചരണങ്ങളേയും പ്രതിബന്ധങ്ങളേയും തൃണവല്‍ഗണിച്ച്,അചഞ്ചലമായ സ്നേഹവിശ്വാസങ്ങള്‍ അടിവരയിട്ടുറപ്പിച്ച്, എനിക്ക് കൂട്ടായി, കരുത്തായി ചേര്‍ത്തുപിടിച്ച നിങ്ങളില്‍ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരമെന്ന് കൃതാര്‍ത്ഥതയോടെ ഞാന്‍ സ്മരിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
കെ ബി ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കെ ബി ഗണേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
പ്രിയപ്പെട്ടവരെ,
എന്നെ ഏറ്റവും സ്നേഹിക്കുകയും, ഹൃദയത്തിലെപ്പോഴും ഞാന്‍ സൂക്ഷിക്കുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ട പത്തനാപുരം നിവാസികള്‍ക്കു വേണ്ടിയാണ് ഈ കുറിപ്പ്.
കേരള നിയമസഭയില്‍ തുടര്‍ച്ചയായി ഇരുപത്തിയഞ്ച് വര്‍ഷക്കാലം അംഗമായിരുന്ന സാമാജികരെ ആദരിക്കുന്നതിനായി ബഹുമാനപ്പെട്ട സ്പീക്കറുടെ നേതൃത്വത്തില്‍ നിയമസഭാ സെക്രട്ടേറിയറ്റ് ഒരു ചടങ്ങ് സംഘടിപ്പിച്ചിരുന്നു. 2001 മുതല്‍ തുടര്‍ച്ചയായി അഞ്ചു തെരഞ്ഞെടുപ്പുകളിലും പത്തനാപുരത്തിന്‍റെ ജനപ്രതിനിധിയായി തുടരുന്ന എനിക്ക് പ്രസ്തുത ചടങ്ങില്‍ ബഹുമാനപ്പെട്ട സ്പീക്കറിൽ നിന്നും സ്നേഹാദര പുരസ്കാരം ഏറ്റുവാങ്ങുവാന്‍ കഴിഞ്ഞു. ആ ധന്യ നിമിഷത്തില്‍ ഏറ്റവും കൃതജ്ഞതാപൂര്‍വ്വം എന്‍റെ മനസ്സില്‍ നിറഞ്ഞു നിന്നത് ഞാന്‍ അറിയുകയും എന്നെ അറിയുകയും ചെയ്യുന്ന നിങ്ങളില്‍ ഓരോരുത്തരുടെയും മുഖങ്ങളാണ്. കാല്‍നൂറ്റാണ്ട് ഒരു ചെറിയ കാലയളവല്ല. ഇക്കാലമത്രയും എല്ലാ ദുഷ്പ്രചരണങ്ങളേയും പ്രതിബന്ധങ്ങളേയും തൃണവല്‍ഗണിച്ച്,അചഞ്ചലമായ സ്നേഹവിശ്വാസങ്ങള്‍ അടിവരയിട്ടുറപ്പിച്ച്, എനിക്ക് കൂട്ടായി, കരുത്തായി ചേര്‍ത്തുപിടിച്ച നിങ്ങളില്‍ ഓരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരമെന്ന് കൃതാര്‍ത്ഥതയോടെ ഞാന്‍ സ്മരിക്കുന്നു. നിങ്ങള്‍ നല്‍കിയ അംഗീകാരത്തെ ഹൃദയ മുദ്രയായി ഉറപ്പിച്ച് ജനപ്രതിനിധി എന്ന നിലയിലുള്ള കടമകളിലും കര്‍ത്തവ്യങ്ങളിലും നിറഞ്ഞ നീതി പുലര്‍ത്തി മുന്നേറാന്‍ എന്നെ പ്രാപ്തനാക്കിയതും പ്രിയപ്പെട്ട പത്തനാപുരം ജനത നല്‍കിയ കലവറയില്ലാത്ത പിന്തുണയും കലര്‍പ്പില്ലാത്ത സ്നേഹവും നിമിത്തമാണ്. കാല്‍ നൂറ്റാണ്ടു കാലം പത്തനാപുരത്തിനു സമ്മാനിച്ച എണ്ണിയാലൊടുങ്ങാത്ത വികസന നേട്ടങ്ങള്‍ ഞാനും നിങ്ങളും തമ്മിലുള്ള ഹൃദയബന്ധത്തിന്‍റെ സുവര്‍ണ്ണരേഖകളാണ്. നാടിനുവേണ്ടി, ജനാഭിലാഷങ്ങളുടെ സാഫല്യത്തിനു വേണ്ടി, നമുക്ക് ഇനിയും കൈകോര്‍ത്ത് മുന്നോട്ടു പോകണം. അതിനുള്ള പ്രചോദനമായി, പ്രോല്‍സാഹനമായി, കേരള നിയമസഭയുടെ ഈ സ്നേഹസമ്മാനം നിങ്ങളില്‍ ഓരോരുത്തര്‍ക്കുമായി അഭിമാനപൂര്‍വ്വം ഞാന്‍ സമര്‍പ്പിക്കുന്നു.
നിറഞ്ഞ സ്നേഹത്തോടെ,
നിങ്ങളുടെ സ്വന്തം,
കെ. ബി. ഗണേഷ് കുമാര്‍.- ഗതാഗതവകുപ്പ് മന്ത്രി
