തിരുവനന്തപുരം: നിയോജക മണ്ഡലത്തിലേക്ക് യാത്ര ചെയ്യാൻ അനുമതി നിഷേധിച്ച ഡിജിപിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെപ്പറ്റി നടപടി സ്വീകരിക്കാൻ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചെന്ന് കെ സി ജോസഫ് വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

ഏപ്രിൽ 29ന് കണ്ണൂരിൽ കളക്ടർ വിളിച്ചുകൂട്ടിയ എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കാനും നിയോജക മണ്ഡലത്തിലേക്ക് കോട്ടയത്തെ വീട്ടിൽ നിന്നും പോകാനുമായി ഒരു മാസത്തെ ക്വാറന്റൈനു ശേഷം അനുമതി ചോദിച്ചു കൊണ്ട് ഡിജിപിക്ക് കെ സി ജോസഫ് ഏപ്രിൽ 28 നാണ് കത്ത് നൽകിയത്. കണ്ണൂർ റെഡ് സോൺ ആയതിനാൽ യാത്രാനുമതി നൽകാൻ കഴിയില്ലെന്ന ഡിജിപിയുടെ നിലപാട് പുനഃ പരിശോധിച്ച് നിയോജക മണ്ഡലത്തിൽ പോകാൻ അനുവാദം നൽകാൻ ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കർക്കും തുടർന്ന് കെ സി ജോസഫ് പരാതി നൽകി. ഇതിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ ഡിജിപിക്ക് കൈമാറിയതായി അറിയിച്ചത്.

ഡിജിപിക്കെതിരെ നൽകിയ പരാതി പരിശോധിക്കാൻ ഡിജിപിയെ തന്നെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും മന്ത്രിമാർക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും അനുമതി നൽകുന്ന ഗവൺമെന്റ് എംഎൽഎമാർക്ക് അനുമതി നിഷേധിക്കുന്നത് വിവേചനപരമാണെന്നും സുരക്ഷാ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് യാത്രാനുമതി ലഭ്യമാക്കാൻ വീണ്ടും സ്പീക്കറെ സമീപിക്കുമെന്നും കെ സി ജോസഫ് പറഞ്ഞു.