സർക്കാർ മെഡിക്കൽ കോളേജുകളിലെ അലംഭാവവും കെടുകാര്യസ്ഥതയും ആരോഗ്യമേഖലയെ തകർക്കുന്നുവെന്ന് കെ സി വേണുഗോപാൽ എംപി. ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ മറ്റാരോ ഭരിക്കുന്നെന്നും ആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണെന്നും വിഡി സതീശൻ.

ആലപ്പുഴ: അലംഭാവത്തിന്‍റെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി സർക്കാർ മെഡിക്കൽ കോളേജുകൾ മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. സർക്കാർ മെഡിക്കൽ കോളേജുകളിലെ സ്ഥലം മാറ്റത്തിൽ സുതാര്യതയില്ല, ഒഴിവുകൾ നികത്തുന്നില്ല. കേരളത്തിലെ ആരോഗ്യമേഖലയിലെ ദയനീയമായ അവസ്ഥയാണ് ഇത്. പൊതുജന ആരോഗ്യത്തെ സർക്കാർ തകർച്ചയിലേക്ക് നയിക്കുന്നുവെന്നും ഒരു ഡോക്ടർ ഗത്യന്തരമില്ലാതെയാണ് അത് പറഞ്ഞതെന്നും കെ സി വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.

അതേസമയം, ആരോഗ്യ മന്ത്രിയുടെ ഓഫീസിൽ വേറെ ആരോ ആണ് ഭരിക്കുന്നതെന്നും വാർത്ത വിവാദം ആയപ്പോഴാണ് മന്ത്രി വീണാ ജോർജ് അറിഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. ആരോഗ്യ കേരളം വെന്റിലേറ്ററിൽ ആണ്. പ്രതിപക്ഷം ആവർത്തിച്ചു പറഞ്ഞ കാര്യങ്ങളാണ് ഡോ ഹാരിസ് തുറ‍ന്നു പറഞ്ഞതെന്നും വി ഡി സതീശൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.

ഇത് ഒറ്റപ്പെട്ട സംഭവം അല്ല. സർജറി ചെയ്‌താൽ തുന്നി കൂട്ടാൻ നൂൽ ഇല്ലാത്ത അവസ്ഥയാണുള്ളത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി ഇല്ലാതായി. അങ്ങനെ പല പദ്ധതികളും ഇല്ലാതായെന്നും വിഡി സതീശൻ പറഞ്ഞു. 2024 ജനുവരിയിൽ ഇക്കാര്യങ്ങളെല്ലാം നിയമസഭയിൽ ഉന്നയിച്ചിരുന്നു. നിരുത്തരവാദപരമായ മറുപടിയാണ് ആരോഗ്യ മന്ത്രിയുടേത്. രോഗികളുടെ എണ്ണം ആണ് മന്ത്രി മറുപടിയായി പറയുന്നത്. യഥാർഥ ആരോഗ്യ കേരളത്തിന്റെ സിസ്റ്റം തകർന്നു പോയി. ആരോഗ്യ വകുപ്പിനാണ് ചികിത്സ വേണ്ടതെന്നും ഇവിടെ പകർച്ച വ്യാധികൾ കൂടുകയാണെന്നും സതീശൻ പറഞ്ഞു.

യുഡിഎഫിന്റെ ഹെൽത്ത്‌ കമ്മീഷൻ നാളെ നിലവിൽ വരും. ഹെൽത്ത്‌ കോൺക്ലേവ് ജൂലൈ മാസത്തിൽ നടത്തും. പൊതുജന ആരോഗ്യ വിദഗ്ദരെ ഉൾപ്പെടുത്തിയണ് ഹെൽത്ത് കമ്മീഷനെന്നും സതീശൻ പറഞ്ഞു. നിയമസഭയിൽ വിഷയം ഉന്നയിച്ചപ്പോൾ പരിഹാസം ആയിരുന്നു മറുപടിയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.