സംസ്ഥാനത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഒത്തുകളി നടക്കുകയാണെന്നും കെസി വേണുഗോപാലിന്റെ വിമർശനം

ദില്ലി: കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരിനെ പിരിച്ച് വിടണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കെ സുധാകരൻ പറഞ്ഞത് വളച്ചൊടിക്കേണ്ടതില്ല. ക്രമക്കേടുകളിൽ നടപടിയെടുത്ത് കാണിക്കണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

സംസ്ഥാനത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഒത്തുകളി നടക്കുകയാണ്. പദവിക്കനുസരിച്ച് നടപടിയെടുത്ത് കാണിക്കുകയാണ് ഗവർണർ ചെയ്യേണ്ടത്. അല്ലാതെ പത്രങ്ങളിൽ വാർത്ത വരുത്തുന്നതിന് വേണ്ടി ഓരോരുത്തരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

നിയമ വിരുദ്ധമായ കാര്യം നടന്നെങ്കിൽ നിയമപരമായ നടപടി എടുത്ത് കാണിക്കുകയാണ് വേണ്ടത്. ഈ ഗവർണറാണ് എല്ലാ നിയമവിരുദ്ധ നിയമനങ്ങൾക്കും ഒപ്പിട്ട് കൊടുത്തത്. ഗവർണറുമായുള്ള പ്രശ്നം കോൺഗ്രസിന് വിഷയാധിഷ്ഠിതമാണ്. വി സി നിയമനത്തിൽ തൻ്റെ നിലപാട് വ്യക്തമാണ്. വൈസ് ചാൻസലർ പിരിഞ്ഞ് പോകണമെന്ന പ്രസ്താവനയിലെ നടപടി ക്രമങ്ങളെയാണ് താൻ എതിർത്തത്. ഗവർണറെ ഞങ്ങൾ ന്യായീകരിക്കുന്നേയില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ കുറേ വർഷങ്ങളായി അർഹതപ്പെട്ടവർക്കല്ല ജോലി കിട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കമ്യൂണിസ്റ്റ് പാർട്ടി നൽകുന്ന ലിസ്റ്റനുസരിച്ചാണ് സംസ്ഥാനത്ത് നിയമനങ്ങൾ നടക്കുന്നത്. ഇത് സ്വജനപക്ഷപാതമാണ്. മേയർ ആര്യാ രാജേന്ദ്രന് സ്ഥാനത്ത് തുടരാൻ അർഹതയില്ല. ഈ കത്ത് യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും കെസി കുറ്റപ്പെടുത്തി.

അതേസമയം സംസ്ഥാനത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സർക്കാർ മുന്നോട്ട് പോവുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ വൻതുക ചെലവാക്കി അസാധാരണ നിയമ നടപടിക്കാണ് സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യത്തിൽ ഭരണഘടന വിദഗ്‌ധൻ ഫാലി എസ് നരിമാന്റെ നിയമോപദേശം സർക്കാർ തേടി. നിയമോപദേശത്തിനായി ഫാലി എസ് നരിമാനും സംഘത്തിനും 45.9 ലക്ഷം രൂപ ഫീസായി നൽകാൻ സർക്കാർ ഉത്തരവിറക്കി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരിനും ഇടയിലെ ഏറ്റമുട്ടൽ തുടരുന്നതിനിടെയാണ് ഗവർണർക്ക് എതിരെ കോടതിയെ സമീപിക്കാൻ സംസ്ഥാനത്തിന്റെ നീക്കം. ലോകായുക്ത, സര്‍വകലാശാല നിയമഭേദഗതി ബില്ലുകളിൽ രാജ്ഭവൻ തുടർ നടപടികൾ സ്വീകരിക്കാതെ നീട്ടുന്നു. ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരമുള്ള കടമ ഗവർണർ നിർവഹിക്കുന്നില്ല. സംസ്ഥാനത്തെ ഭരണപ്രതിസന്ധിയിലേക്ക് തള്ളി വിടാനാണ് ഈ നടപടിയെന്നാണ് സർക്കാർ വിലയിരുത്തൽ.