ദില്ലി: കേരളത്തിൽ യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. യുദ്ധകാലാടിസ്ഥാനത്തിൽ ചർച്ചകൾ പൂർത്തിയാക്കും. വിജയ സാധ്യത തന്നെയായിരിക്കും സ്ഥാനാർത്ഥി നിർണ്ണയത്തിലെ മാനദണ്ഡം. പുതുമുഖങ്ങൾക്ക് പരിഗണനയുണ്ടാകും. മാർച്ച് ആദ്യവാരത്തോടെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കും. രാഹുൽ ഗാന്ധി കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് സമനില തെറ്റി. കേരളത്തിലെ ജനങ്ങളുടെ മുന്നിൽ രാഹുൽ ഗാന്ധിയുടെ ജീവിതമുണ്ട്. രാഹുൽ ഗാന്ധി നാടകം കളിക്കുകയല്ല. ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യവും രാഹുൽ ഗാന്ധിക്കില്ല. സമരപന്തലിലെത്തിയതും, കടലിൽ പോയതും മുഖ്യമന്ത്രിയെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധിയെ മോശക്കാരനാക്കുന്ന ബിജെപി തന്ത്രം സിപിഎമ്മും പുറത്തെടുക്കുന്നു. നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തിയത് പിണറായിയെ അസ്വസ്ഥപ്പെടുത്തുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തെ രാഹുൽ ഗാന്ധി പുകഴ്ത്തി പറഞ്ഞാൽ അത് വടക്കേ ഇന്ത്യൻ വികാരത്തിന് എതിരാകുന്നത് എങ്ങിനെയാണ്? കേരളം ഇന്ത്യയിലല്ലേ? കേരള വിരുദ്ധ വികാരമുള്ളവരാണ് എതിർ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.