ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ പാർട്ടിയിലുണ്ടാവുക കൂട്ടായ നേതൃത്വമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. എഐസിസിയിൽ പ്രവർത്തിക്കുന്നവരും നേതൃത്വത്തിന്റെ ഭാഗമാകും. തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷം ഉണ്ട്. അതിനാല്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥി വേണോ എന്ന് ഹൈക്കമാൻഡ് നയം അനുസരിച്ച് ആ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ കുറച്ച് കാലമായി ദേശീയ രാഷ്ട്രീയത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ദേശീയ രാഷ്ട്രീയത്തിൽ കേരളം കൂടി ഉള്‍പ്പെടുന്നുണ്ട്. ദൈനം ദിന കാര്യങ്ങള്‍ അവിടെയുള്ളവരാണ് (കേരളത്തിലുള്ളവര്‍) തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് എല്ലാവരും കൂടിച്ചേര്‍ന്നുളള ടീം വര്‍ക്കാകും ഉണ്ടാകുകയെന്നും കേരളം വിട്ടൊരു ദേശീയ രാഷ്ട്രീയമില്ലെന്നും കെസി വേണുഗോപാൽ ഏഷ്യാനെറ്റ്  ന്യൂസ് "നമസ്തേ കേരളത്തിനോട് പ്രതികരിച്ചു". 

രാഹുൽ ഗാന്ധി അദ്ധ്യക്ഷസ്ഥാനത്തേക്ക് തിരിച്ചു വരണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നത്. ഇന്ന് സര്‍ക്കാരിന്‍റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാൻ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. രാഹുൽ തിരിച്ചുവരേണ്ട സാഹചര്യമാണ് ഇപ്പോൾ രാജ്യത്തുള്ളത്. അതേ സമയം കെപിസിസി പ്രസിഡന്‍റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവന രാഷ്ട്രീയ വിമർശനത്തിന്‍റെ ഭാഗം മാത്രമാണ്. അതേസമയം രാഷ്ട്രീയം പറയുമ്പോൾ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണം. യുഡിഎഫിലെ പ്രശ്നങ്ങൾ വലിച്ചു നീട്ടാതെ പരിഹരിക്കണമെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.