രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് എടുത്തുപറയാതെയാണ് പോസ്റ്റ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി കെസി വേണുഗോപാലിന്റെ ഭാര്യ ആശ കെ. സ്ത്രീകൾ ഭയന്നാണ് രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നത്. സ്ത്രീകളെ സ്നേഹം നടിച്ച് വലയിൽ വീഴ്ത്തുമെന്ന വാർത്തകളാണ് വരുന്നതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ പേര് എടുത്തുപറയാതെയാണ് പോസ്റ്റ്. പെട്ടെന്ന് മാഞ്ഞ് പോകുന്ന മെസേജുകൾ അയക്കാൻ കഴിയുമെന്നും ഗൂഗിൾ പേയിലൂടെ മെസേജുകൾ അയക്കുന്നതും എല്ലാം വാർത്തകളിലൂടെയാണ് ഞാൻ അറിയുന്നത്. വീട്ടിലുള്ള കുട്ടികൾ ഇതൊക്കെ ശ്രദ്ധിക്കുകയാണ്. ഭയന്നാണ് സ്ത്രീകൾ രാഹുലിനെ കുറിച്ചുള്ള വാർത്തകൾ കേൾക്കുന്നതെന്നും ആശ ഫേസ്ബുക്കിൽ കുറിച്ചു. വിവരങ്ങളിലെ വാസ്തവം വരും ദിവസങ്ങളിൽ മാത്രമേ മനസ്സിലാക്കാൻ കഴിയൂ എന്നും ഒന്നും പറയാതെ മിണ്ടാതിരിക്കാൻ ആകുന്നില്ലെന്നുമായിരുന്നു ആശയുടെ ഫേസ്ബുക്ക് പോസ്റ്റ്.
രാഹുലിന് എതിരെയുള്ള ആരോപണങ്ങളിൽ കോൺഗ്രസിന് അകത്തുനിന്നും പുറത്തുനിന്നും പല തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുന്നുണ്ട്. പാർട്ടിക്കുള്ളിൽ രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. രാഹുൽ രാജി വെച്ചാൽ പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേണ്ടി വരുമോ എന്ന കാര്യത്തിൽ കോൺഗ്രസ് നിയമോപദേശം തേടുന്നുവെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

