പാർട്ടിയെ ശക്തിപ്പെടുത്താൻ ഉള്ള അഭിപ്രായം ആണെങ്കിൽ അത് ഉൾകൊണ്ട് മുന്നോട്ട് പോകും. വിമർശിക്കുന്നവരെ 52 വെട്ട് വെട്ടുന്ന പാർട്ടി അല്ല കോണ്‍ഗ്രസെന്നും കെ സി പറ‌ഞ്ഞു. 

പത്തനംതിട്ട: ജനവിരുദ്ധ സർക്കാരിനെ താഴെ ഇറക്കാൻ കോൺഗ്രസ് ഒറ്റക്കെട്ടാണെന്ന് കെ സി വേണുഗോപാല്‍. ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ പാര്‍ട്ടിയിൽ ഉണ്ടാകാം. എല്ലാവർക്കും അഭിപ്രായം പറയാം. അതാണ് കോൺഗ്രസിന്‍റെ സൗന്ദര്യം. അഭിപ്രായ വ്യത്യാസം പറയുന്നവരെ കോൺഗ്രസ് കൈകാര്യം ചെയ്യില്ല. പാർട്ടിയെ ശക്തിപ്പെടുത്താൻ ഉള്ള അഭിപ്രായം ആണെങ്കിൽ അത് ഉൾകൊണ്ട് മുന്നോട്ട് പോകും. വിമർശിക്കുന്നവരെ 52 വെട്ട് വെട്ടുന്ന പാർട്ടി അല്ല കോണ്‍ഗ്രസെന്നും കെ സി പറ‌ഞ്ഞു. 

അതേസമയം, മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തിനായി ശശി തരൂര്‍ നടത്തുന്ന പരസ്യ പ്രതികരണങ്ങളിൽ സംസ്ഥാന കോണ്‍ഗ്രസിൽ ഒന്നടങ്കം അമര്‍ഷം ഉണ്ടായിട്ടുണ്ട്. തരൂര്‍ അതിരുവിടരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. യുഡിഎഫിനെ അധികാരത്തിലെത്തിക്കാൻ തരൂരും വേണമെന്ന് ഒരു വിഭാഗം പറയുമ്പോൾ അദ്ദേഹം ദേശീയ തലത്തിൽ പ്രവര്‍‍ത്തിക്കട്ടെയെന്നാണ് മറുചേരിയുടെ നിലപാട് . ഇതിനിടെ നേതൃത്വപ്രശ്നം കോണ്‍ഗ്രസ് വേഗം പരിഹരിക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു.

സംസ്ഥാന കോണ്‍ഗ്രസിൽ നേതാവില്ലെന്നും നേതൃത്വം ഏറ്റെടുക്കാൻ താൻ തയാറാണെന്നുമാണ് തരൂരിന്‍റെ നിലപാട്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന ആവശ്യം പാര്‍ട്ടി കേട്ടില്ലെങ്കിൽ വേറെ വഴിയുണ്ടെന്ന രീതിയാണ് തരൂർ സമ്മര്‍ദ്ദം ചെലുത്തുന്നത്. എന്നാൽ, ഇതിന് വഴങ്ങേണ്ടെന്നാണ് മുഖ്യമന്ത്രി പദം നോട്ടമിടുന്ന നേതാക്കളുടെയും അനുകൂലികളുടെയും നിലപാട്. 

പരസ്യമായി പ്രതികരിച്ചും എൽഡിഎഫ് സര്‍ക്കാരിനെ പ്രശംസിച്ചും പാര്‍‍ട്ടിയെ കുഴപ്പത്തിലാക്കുന്ന തരൂരിനെ സംസ്ഥാന നേതൃത്വത്തിലേക്ക് ആനയിക്കാൻ അവര്‍ ഒരുക്കമല്ല. തരൂരിനെപ്പോലെ പാര്‍ട്ടിക്ക് പുറത്ത് നിന്ന് വോട്ടു സമാഹരിച്ച് ജയിച്ചവരാണ് സംസ്ഥാനത്തെ നേതാക്കളുമെന്നാണ് തരൂര്‍ വിരുദ്ധരുടെ പക്ഷം. ജനപ്രീതിയിൽ ഒന്നാമനെന്ന് തരൂരിന്‍റെ വാദവും തള്ളുന്നു 

എന്നാല്‍, അതിരുവിടരുതെന്ന് ഉപേദശിക്കുമ്പോഴും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തരൂരിനുള്ള പൂര്‍ണ പിന്തുണ പിന്‍‍വലിക്കുന്നില്ല. തരൂരിനെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. തരൂരിനെ പുകച്ചു പുറത്തുചാടിച്ചാൽ തെര‍ഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നു. തരൂരിനെ ഇഷ്ടപ്പെടുന്ന വോട്ടര്‍മാരുണ്ട്. ആ വോട്ടു കിട്ടാൻ അദ്ദേഹവും വേണമെന്നാണ് ഈ വിഭാഗത്തിന്‍റെ അഭിപ്രായം.

കാമുകിമാർക്കൊപ്പം മഹാകുംഭമേളയ്ക്ക് പോയി, ഫോൺ ലൊക്കേഷൻ നോക്കി പിന്നാലെ പൊലീസ്; മോഷണക്കേസിൽ അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം