കര്‍ണാടകയിലെ കോറമംഗലയില്‍ 68-2-408 എന്ന ക്രമനമ്പറിലുള്ള വസ്തുവിന്റെ വിവരം രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ മറച്ചു വെച്ചിരിക്കുകയാണ്.  ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്നും നിയമനടപടി സ്വീകരിക്കുമെന്ന്  വേണുഗോപാല്‍ പറഞ്ഞു.

തൃശൂര്‍: നിയമസഭാ തെരഞ്ഞെുപ്പിനുള്ള നാമനിര്‍ദേശപത്രികയില്‍ സ്വത്തുവിവരം മറച്ചു വച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു. വ്യക്തമായ ചട്ടലംഘനമാണ് രാജീവ് ചന്ദ്രശേഖര്‍ നടത്തിയിരിക്കുന്നത്. അതിനെതിരെ മറ്റു നിയമനടപടികളും യുഡിഎഫ് സ്വീകരിക്കും. ഒരു രാഷ്ട്രീയ കക്ഷിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ ജനങ്ങളെ കബളിപ്പിക്കുന്നത് ലജ്ജാകരമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

തെരഞ്ഞെടുപ്പു കമ്മിഷന്റെ ചട്ടങ്ങളും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കുന്ന സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ഥിയുടെ സ്വത്തുവകകളുടെ പൂര്‍ണമായ വിവരം നല്‍കണം. എന്നാല്‍, കര്‍ണാടകയിലെ കോറമംഗലയില്‍ 68-2-408 എന്ന ക്രമനമ്പറിലുള്ള വസ്തുവിന്റെ വിവരം രാജീവ് ചന്ദ്രശേഖര്‍ സത്യവാങ്മൂലത്തില്‍ മറച്ചു വെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുന്‍പ് 2026 മാര്‍ച്ച് 17ന് ഈ വസ്തുവിന്റെ പേരില്‍ 502085 രൂപ നികുതിയടച്ചത് രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ്. 2024ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ മത്സരിച്ചപ്പോള്‍ ഈ വസ്തുവിന്റെ വിവരം സ്വത്തുവകകളില്‍ ഉള്‍പ്പെടുത്തിയിരുന്നതുമാണ്. ഇപ്പോള്‍ ഒഴിവാക്കിയത് ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ്. എന്നിട്ടും പത്രിക സ്വീകരിച്ചതിനെതിരെ നിയമപരമായ എല്ലാ നടപടികളും യുഡിഎഫ് സ്വീകരിക്കുമെന്നും കെ.സി.വേണുഗോപാല്‍ സൂചിപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോടികള്‍ മറിക്കുന്ന സിപിഎം അതിനു വേണ്ടി ബാര്‍ മുതലാളിമാരില്‍ നിന്നു കോടിക്കണക്കിന് രൂപ കൈക്കൂലി വാങ്ങിയാണ് സംസ്ഥാനത്തെ ബാറുകളുടെ ലൈസന്‍സ് നീട്ടിക്കൊടുത്തതെന്നും വേണുഗോപാല്‍ ആരോപിച്ചു. ക്ലാസിഫിക്കേഷന്‍ അനുവദിക്കാനാവില്ലെന്നും ലൈസന്‍സ് പുതുക്കിക്കൊടുക്കരുതെന്നും എക്സൈസ് കമ്മീഷണര്‍ നിര്‍ദേശിച്ച ഇരുനൂറോളം ബാറുകള്‍ക്കു പോലും അതീവരഹസ്യമായി കാലാവധി നീട്ടിക്കൊടുത്തിരിക്കുകയാണ്. ബാറുകളുടെ പ്രവര്‍ത്തനസമയം ദിവസം രണ്ടു മണിക്കൂര്‍ വര്‍ധിപ്പിച്ച് അനുമതി നല്‍കിയ അതേ ദിവസം തന്നെയാണ് ബാറുകളുടെ ലൈസന്‍സ് നീട്ടിക്കൊടുത്തതും. കോടിക്കണക്കിന് രൂപയുടെ കൊടിയ അഴിമതി ഇതിന് പിന്നിലുണ്ടെന്നു വ്യക്തമാണ്. മദ്യവര്‍ജനമാണ് നയം എന്ന് അവകാശപ്പെടുന്ന പിണറായി സര്‍ക്കാര്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ പുതുതായി 377 ബാറുകള്‍ക്കാണ് അനുമതി നല്‍കിയതെന്നും കെ.സി.വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കര്‍ഷക പെന്‍ഷന് അനുമതി നിഷേധിച്ച സംസ്ഥാന ധനവകുപ്പിന്റെ നടപടി ഇവിടത്തെ പാവപ്പെട്ട കൃഷിക്കാരോടുള്ള വഞ്ചനയാണ്. കടുത്ത വിലക്കയറ്റം മൂലം സംസ്ഥാനത്ത് ജനജീവിതം അത്യന്തം ദുരിതത്തിലായിരിക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. പാചകവാതകക്ഷാമം മൂലം ഹോട്ടലുകളും തട്ടുകടകളുമെല്ലാം അടച്ചിടേണ്ടി വരുന്നു. പാചകവാതകത്തിന് വില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ മേല്‍ക്കുമേല്‍ ദ്രോഹിക്കുകയും ചെയ്യുന്നു. ഇത്രയും വലിയ പ്രതിസന്ധിയെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ ജനവികാരം അതിരൂക്ഷമാണ്. സംസ്ഥാനത്താകെ യുഡിഎഫ് തരംഗം ആഞ്ഞടിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍വിജയം നേടുമെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.