പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയയ്ക്കെതിരെ സിപിഎം കടുത്ത വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആരോപിച്ചു. ഷാഫി പറമ്പിലിനെതിരെ നടന്ന കാഫിർ സ്ക്രീൻഷോട്ട് പ്രചാരണത്തിന് സമാനമാണിതെന്നും, പരാജയഭീതിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം.
കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയയ്ക്കെതിരെ കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ഫാത്തിമ തഹ്ലിയയ്ക്കെതിരെ സിപിഎം നടത്തുന്നത് സമാനതകളില്ലാത്ത വര്‍ഗീയ പ്രചാരണമാണ്. പരാജയ ഭീതി ബാധിച്ച സിപിഎം തീവ്ര വര്‍ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കുന്ന വിധത്തിലാണ് പ്രചരണം നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഷാഫി പറമ്പിലിന് എതിരെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞും ജനങ്ങളില്‍ വിദ്വേഷവും വളര്‍ത്തിയും തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സിപിഎമ്മിന്റെതെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സിപിഎമ്മിന്റെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മും എല്‍ഡിഎഫും നേരിടുന്ന ആശയ ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയ പാപ്പരത്തിന്റെയും തെളിവാണിത്. മത വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധമുഖവും കപട മതേതരത്വവും തുറന്നുകാട്ടുന്നതാണ് ഈ വിഷപ്രചാരണം. ബിജെപിയുമായും മറ്റു തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ചങ്ങാത്തമാണ് ഇത്തരമൊരു ഹീന പ്രചാരണത്തിന് സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഇത് ക്രിമിനല്‍ കുറ്റമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.
