എഫ്‌സിആര്‍ഐ ഭേദഗതി ന്യൂനപക്ഷ വിരുദ്ധവും ഫാസിസ്റ്റ് നടപടിയുമാണെന്ന് കെ സി വേണുഗോപാൽ വിശേഷിപ്പിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നിഗൂഢ ലക്ഷ്യങ്ങളോടെയാണ് നിയമം കൊണ്ടുവന്നതെന്നും, എൻജിഒകളുടെ ആസ്തികൾ പിടിച്ചെടുക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. ഈ കരിനിയമത്തിനെതിരെ പാർലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തുമെന്നും വ്യക്തമാക്കി.
ആലപ്പുഴ: ബി ജെ പി സര്‍ക്കാരിന്റെ ഡ്രാക്കോണിയന്‍ നിയമങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് വിദേശ സംഭാവന നിയന്ത്രണ (എഫ് സി ആര്‍ ഐ) നിയമ ഭേദഗതി ബില്‍ എന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ നില്ക്കുമ്പോള്‍ ഇങ്ങനെയൊരു ന്യൂനപക്ഷ വിരുദ്ധ നിയമം കൊണ്ടുവരുന്നത് നിഗൂഢ ലക്ഷ്യങ്ങളോടെയാണ്. ഇലക്ഷന്‍ ചൂതാട്ട പലകയിലെ കരുക്കളല്ല രാജ്യത്തെ ഈ ജനവിഭാഗം. അവരുടെ നിലനില്പിനെ പോലും ചോദ്യം ചെയ്യുന്ന കരിനിയമമാണിത്. ബില്‍ അപ്രതീക്ഷിതമായി ലോക്‌സഭയില്‍ സപ്ലിമെന്ററി ബിസിനസില്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം അപകടം മണത്തറിഞ്ഞിരുന്നു. കോണ്‍ഗ്രസില്‍നിന്ന് മനീഷ് തിവാരി എഫ് സി ആര്‍ ഐ ബില്ലിനെ നാല് കാരണങ്ങളാല്‍ ശക്തമായി എതിര്‍ക്കുകയും ചെയ്തു. ഭരണഘടനാപരമായ സംരക്ഷണമൊന്നുമില്ലാതെ സര്‍ക്കാരിന് വിപുലമായ അധികാരം നല്കുന്നത് അപകടമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
പാര്‍ലമെന്‍റിലും പുറത്തും പോരാട്ടം നടത്തും
കേരള എം പിമാര്‍ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആയിരുന്നെങ്കിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബില്ലിനെ അതിശക്തമായി എതിര്‍ത്തുകൊണ്ട് അന്നുതന്നെ ഞാനും രംഗത്തുവന്നിരുന്നു. ഇത് ഫാസിസ്റ്റ് നടപടിയാണെന്നും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കെതിരേ കോടാലി ഓങ്ങുകയാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. രാജ്യത്ത് 15,010 സംഘടനകള്‍ക്കാണ് എഫ് സി ആര്‍ ഐ ലൈസന്‍സുള്ളത്. പതിറ്റാണ്ടുകളായി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ സംഘടനകളെ പൊടുന്നനെ സംശയനിഴലിലാക്കുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. വിദേശഫണ്ട് ദുരപയോഗം തടയാന്‍ നിയമങ്ങളില്ലാഞ്ഞിട്ടല്ല മറിച്ച് ഇത് സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ്. ഇതു ക്രൈസ്തവന്യൂനപക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നവുമല്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
എഫ് സി ആര്‍ ഐ ലൈസന്‍സ് കാലാവധി അവസാനിച്ചാല്‍ എന്‍ ജി ഒകളുടെ വിദേശഫണ്ടും ആസ്തികളും കേന്ദ്രസര്‍ക്കാരിന് കൈവശപ്പെടുത്താമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ അധികാരവും കേന്ദ്രീകരിച്ചിരിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥാന്‍ വിചാരിച്ചാല്‍ പോലും ലൈസന്‍സ് പുതുക്കാതിരിക്കാം. പതിനായിരങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പള്ളിയോ, മറ്റ് സ്ഥാപനങ്ങളോ ഒക്കെ പിടിച്ചെടുക്കാം. മുന്‍കാല പ്രാബല്യത്തോടെ വ്യവസ്ഥ നടപ്പാക്കാമെന്നും എഫ് സി ആര്‍ ഐ ബില്ലിലുണ്ട്. ഇപ്പോള്‍ ഈ ബില്‍ നാടകീയമായി കൊണ്ടുവന്നതിനു പിന്നില്‍ ഗൂഢാലോചന മണക്കുന്നുണ്ട്. പാര്‍ലമെന്റിനകത്തും പുറത്തും ഇതിനെതിരേ ശക്തമായ പോരാട്ടം നടത്തുമെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.

