കൊച്ചി: കൊവിഡ് ഭീതി തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്താനാകാത്ത പള്ളികൾ തുറക്കേണ്ടെന്ന് കെസിബിസി. പള്ളികള്‍  തുറന്നതിന് ശേഷം വൈറസ് വ്യാപനത്തിൻ്റെ സാധ്യത ബോധ്യപ്പെട്ടാൽ ദേവാലയ കർമങ്ങൾ നിർത്തേണ്ടതാണെന്നും കെസിബിസി നിര്‍ദ്ദേശം നല്‍കി. കത്തോലിക്ക സഭയിലെ എല്ലാ രൂപതകളിലും ഈ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും രൂപതാധികാരികൾ വിവേകത്തോടെ പ്രവർത്തിക്കണമെന്നും എന്നാണ് കെസിബിസി നിര്‍ദ്ദേശിച്ചു.

അതേസമയം, ചങ്ങനാശേരി അതിരൂപതയിലെ പള്ളികളും ആലപ്പുഴ രൂപതയ്ക്ക് കീഴിലുള്ള ആരാധനാലയങ്ങളും തുറക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.  ചങ്ങനാശേരി അതിരൂപതയിലെ പള്ളികൾ തുറക്കുന്ന തീരുമാനം പിന്നീട് അറിയിക്കുമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം അറിയിച്ചു. ആലപ്പുഴ രൂപതയ്ക്ക് കീഴിൽ 79 പള്ളികളാണ് ഉള്ളത്. ഇവയൊന്നും ഉടൻ തുറക്കില്ലെന്ന് ബിഷപ്പ് ഡോ ജെയിംസ് ആനാപറമ്പിൽ അറിയിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് ദിവസങ്ങളിലായി നൂറിലേറെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണിത്. 

പള്ളികൾ സർക്കാർ നിബന്ധന അനുസരിച്ച് തുറക്കാനാണ് താമരശേരി രൂപതയുടെ തീരുമാനം. കോഴിക്കോട് രൂപത തീരുമാനം ഇടവകകൾക്ക് വിട്ടു. സർക്കാർ നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് തോന്നുന്ന ഇടവകകൾ പള്ളി തുറക്കരുതെന്നും ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ നിർദ്ദേശിച്ചു. ഓർത്തഡോക്സ് സഭാ സിനഡ് ഇക്കാര്യത്തിൽ മറ്റന്നാൾ തീരുമാനം എടുക്കും. യാക്കോബായ സുറിയാനി സഭ നിരണം, കൊല്ലം ഭദ്രാസനങ്ങൾ പള്ളികൾ തത്കാലം തുറക്കേണ്ടെന്ന തീരുമാനമാണ് എടുത്തത്. ലാറ്റിൻ കത്തോലിക്കാ സഭ ദില്ലി അതിരൂപതയുടെ കീഴിൽ ഉള്ള  പള്ളികൾ ഈ മാസം 28 വരെ തുറക്കില്ലെന്ന് ആർച് ബിഷപ് അനിൽ കൂട്ടോ വ്യക്തമാക്കി.