ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാനുള്ള ബെവ്കോയുടെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്ത്. മെട്രോ സ്റ്റേഷനുകളിൽ തുടങ്ങുന്ന ഈ പദ്ധതി മറ്റ് പൊതുസ്ഥലങ്ങളിലേക്കും വ്യാപിക്കുമെന്നും ഇത് സർക്കാരിന്റെ മദ്യനയത്തിന് വിരുദ്ധമാണെന്നും സമിതി.

കൊച്ചി: ബിവ്‌റേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ സെല്‍ഫ് വെന്‍ഡിംഗ് മെഷീന്‍ അവതരിപ്പിക്കാനുള്ള ബെവ്കോയുടെ നീക്കത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം. ബെവ്‌കോയുടെ ഈ 'ടെസ്റ്റ് ഡോസ് നീക്കം' സര്‍ക്കാരിന്റെ സമീപത്തിന് വിരുദ്ധമാണ്. മെട്രോ സ്റ്റേഷനുകളില്‍ തുടക്കം കുറിക്കുന്നത് മറ്റ് ഔട്ട്‌ലെറ്റുകളിലും ബസ് സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും വ്യാപകമാകുന്നതിന് കാരണമാകും. റെയില്‍വേ സ്റ്റേഷനുകളുടെ 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകളോ മദ്യപരോ പ്രവേശിക്കാന്‍ പാടില്ലായെന്ന റെയില്‍ നിയമം നിലനില്‍ക്കെ തന്നെയാണ് യാത്രക്കാരെ കുടിപ്പിച്ചു വീഴ്ത്താന്‍ ബെവ്‌കോ നീക്കം നടത്തുന്നത്. ഇക്കാര്യത്തില്‍ റെയില്‍വേ നയം വ്യക്തമാക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ ഒരു വശത്ത് പൊതുജനാഭിപ്രായവും സംഘടനകളുടെ അഭിപ്രായവും തേടുകയും മറുവശത്തുകൂടി മദ്യം വിറ്റഴിക്കാന്‍ പുതുമാര്‍ഗ്ഗങ്ങള്‍ തേടുകയും ചെയ്യുന്നത് സന്ദേഹമുണ്ടാക്കുന്നു. മദ്യലഭ്യത കുറച്ചുകൊണ്ടുവരിക എന്നതാവണം നയം. പുതിയ മദ്യത്തിന് പേരിടാന്‍ അബ്കാരി ചട്ടം മറികടന്ന് പരസ്യം നൽകി മത്സരം സംഘടിപ്പിക്കാൻ നടത്തിയ നീക്കം പരാജയപ്പെട്ടുപോയത് ബെവ്‌കോയുടെ ഓര്‍മ്മയിലുണ്ടാകണം. പൊതുജനാരോഗ്യത്തിനായിരിക്കണം മുൻഗണനയെന്നും കെസിബിസി ഓർമിപ്പിച്ചു.