Asianet News MalayalamAsianet News Malayalam

ഒരു വർഗ്ഗീയ സംഘടനയുടെയും സഹായം പ്രതീക്ഷിക്കുന്നില്ല; എസ്ഡിപിഐയ്ക്കെതിരെ കെസിബിസി ജാഗ്രതാ കമ്മീഷന്‍

തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിനുമേൽ പ്രവാചക നിന്ദ എന്ന കുറ്റം ചുമത്തി പ്രാകൃതമായ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്നുള്ളത് കേരളം മറക്കാൻ കാലമായിട്ടില്ല. കർണ്ണാടകയിൽ എസ്ഡിപിഐക്കൊപ്പം ക്രൈസ്തവ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിനിരക്കാൻ ഇടയാക്കിയത് തെറ്റിധാരണ മൂലം

KCBC Jagratha Commission against SDPI support for Christians
Author
Kochi, First Published Dec 30, 2021, 3:45 PM IST

തീവ്ര ഇസ്ലാമിക സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐ (SDPI) ക്രൈസ്തവർക്കുവേണ്ടി (Violence against Christians) സംസാരിക്കാൻ ആവേശം പ്രകടിപ്പിക്കുന്നത് തികഞ്ഞ വിരോധാഭാസമാണെന്ന് കെസിബിസി (KCBC) ജാഗ്രതാ കമ്മീഷന്‍. കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പലപ്പോഴും മുഖ്യ പങ്കുവഹിച്ചിട്ടുള്ള എസ്ഡിപിഐ ഇതിലൂടെ ലക്‌ഷ്യം വയ്ക്കുന്നത് ഗൂഢമായ രാഷ്ട്രീയ മുതലെടുപ്പുകൾ മാത്രമാണെന്ന് വ്യക്തമാണെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ വിശദമാക്കുന്നു. തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ ജോസഫിനുമേൽ പ്രവാചക നിന്ദ എന്ന കുറ്റം ചുമത്തി പ്രാകൃതമായ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്നുള്ളത് കേരളം മറക്കാൻ കാലമായിട്ടില്ല.

സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി  എന്ന മതേതര നാമം സ്വീകരിച്ചിരിക്കുന്നതിനാൽ അത് ഒരു സാധാരണ രാഷ്ട്രീയ പാർട്ടിയാണ് എന്ന് അനേകർ തെറ്റിദ്ധരിക്കാൻ ഇടയായിട്ടുള്ളതായി മനസിലാക്കുന്നു. അത്തരമൊരു തെറ്റിദ്ധാരണ ജനിപ്പിക്കാൻ മനപൂർവ്വമായ ശ്രമങ്ങൾ എസ്ഡിപിഐ നേതാക്കൾ നടത്തുന്നുമുണ്ട്. ആ തെറ്റിദ്ധാരണയാണ് കഴിഞ്ഞ ദിവസങ്ങളിൽ കർണ്ണാടകയിൽ എസ്ഡിപിഐക്കൊപ്പം ക്രൈസ്തവ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിനിരക്കാൻ ഇടയാക്കിയതെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ വിശദമാക്കുന്നു.

ജാതിമത വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധികളിൽ പരസ്പരം സഹായിക്കാനും പിന്തുണ നൽകാനും എല്ലാ സമുദായങ്ങൾക്കും ബാധ്യതയുണ്ട്. എന്നാൽ, പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും പോലുള്ള തീവ്ര സ്വഭാവമുള്ള മത, രാഷ്ട്രീയ സംഘടനകളുടെ യഥാർത്ഥ ലക്‌ഷ്യങ്ങൾ തിരിച്ചറിഞ്ഞ് അകറ്റി നിർത്താനുള്ള ഉത്തരവാദിത്തവും ക്രൈസ്തവ സമൂഹത്തിനും പൊതുസമൂഹത്തിനുമുണ്ട്. വിവിധ രീതിയിൽ മതമൗലികവാദികളുടെയും തീവ്രവാദികളുടെയും ഭാഗത്തുനിന്നുള്ള അതിക്രമങ്ങൾ കേരളത്തിലും കേരളത്തിന് വെളിയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവർ താൽക്കാലിക നേട്ടത്തിനായി ഒരു വർഗ്ഗീയ സംഘടനയുടെയും സഹായം പ്രതീക്ഷിക്കുന്നില്ലെന്നും കെസിബിസി ജാഗ്രതാ കമ്മീഷന്‍ വ്യക്തമാക്കി. 

 

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കെസിബിസി

രാജ്യത്ത് ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നെന്ന് കെസിബിസി. മതത്തിന്റെ പേരിലുള്ള പീഡനങ്ങൾ പല സംസ്ഥാനങ്ങളിൽ നിന്നും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മിക്ക അക്രമങ്ങൾക്കും മുമ്പ് മതപരിവർത്തനമെന്ന വ്യാജ ആരോപണം ഉന്നയിക്കപ്പെടുകയോ അന്യായമായി കുറ്റം തുമത്തപ്പെടുകയോ ഉണ്ടായിട്ടുണ്ട്.  ഇത്തരത്തിൽ ആസൂത്രിതമായുണ്ടാകുന്ന അക്രമങ്ങൾക്കും കെട്ടിച്ചമച്ച കേസുകൾക്കും പിന്നിൽ ഗൂഡാലോചന സംശയിക്കാവുന്നതാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും സുരക്ഷിതത്വവും ക്രൈസ്തവ സമൂഹത്തിനും വിവിധ സംസ്ഥാനങ്ങളിൽ സേവന നിരതരായിരിക്കുന്ന പതിനായിരക്കണക്കിന്​ സന്യസ്തര്‍ക്കും വൈദികര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും ഉറപ്പുവരുത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവണം. ഈ സാഹചര്യം ഗൗരവമായി കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കണമെന്നും കെസിബിസി.

കര്‍ണാടകയില്‍ ആരാധനാലയം ആക്രമിച്ചു; സെന്‍റ് ആന്‍റണീസ് കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ത്തു

കര്‍ണാടകയിലെ ചിക്കബെല്ലാപുരയില്‍ ആരാധനാലയത്തിന് നേരെ ആക്രമണം. സെന്‍റ് ജോസഫ് പള്ളിയിലെ സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൂടാരത്തിന്‍റെ ചില്ലുകള്‍ തകര്‍ന്നു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതിന് നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് വഴിവെക്കുമെന്ന് ബംഗളൂരു ആര്‍ച്ച് ബിഷപ്പ് ആശങ്ക പ്രകടിപ്പിച്ചിരന്നു. ഇതിന് പിന്നാലെയാണ് സെന്‍റ് ആന്‍റണീസ് കൂടാരത്തിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള 160 വര്‍ഷത്തിലേറെ പഴക്കുമള്ള സെന്‍റ് ജോസഫ് പള്ളിയിലെ കൂടാരമാണ് തകര്‍ത്തിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചേ മുപ്പതോടെ ചില്ലുകള്‍ തകരുന്ന ഒച്ച പള്ളിവികാരിയാണ് കേട്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.  ആരാണ് ആക്രമണത്തിന് പിന്നിലെന്നതില്‍ പൊലീസിന് സൂചന ലഭിച്ചിട്ടില്ല. 

സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന് ആരോപണം; പ്രതിഷേധവുമായി തീവ്രവലതുപക്ഷ സംഘടനകള്‍
സ്വകാര്യ സ്കൂളിലെ ക്രിസ്തുമസ് ആഘോഷം മതപരിവര്‍ത്തനമെന്ന ആരോപണവുമായി തീവ്രവലതുപക്ഷ അനുഭാവികള്‍. കര്‍ണാടകയിലെ മാണ്ഡ്യയിലെ പാണ്ഡവപുരയിലെ നിര്‍മ്മല ഇംഗ്ലീഷ് ഹൈ സ്കൂളിലെ ക്രിസ്തുമസ് ആഘോഷമാണ്  ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. കുട്ടികളെ മസ്തിഷ്ക പ്രക്ഷാളനം നടത്താനുള്ള നീക്കമാണെന്നും അതിലൂടെ മതപരിവര്‍ത്തനമാണ് സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന് പിന്നിലെന്നാണ് ഹിന്ദു ജാഗരണ വേദിക പ്രവര്‍ത്തകര്‍ ആരോപിച്ചത്.

'സാന്താക്ലോസ് മൂർദാബാദ്'; ആഗ്രയിൽ ക്രിസ്മസ് അപ്പൂപ്പന്റെ കോലം കത്തിച്ച് ഹിന്ദുത്വ സംഘടനകൾ
ആളുകളെ മതപരിവർത്തനം ചെയ്യാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ "തന്ത്രത്തിന്റെ" ഭാഗമാണെന്ന് ആരോപിച്ച് വെള്ളിയാഴ്ച ആഗ്രയിൽ സാന്താക്ലോസിന്റെ  കോലം കത്തിച്ചു. ക്രിസ്മസ് തലേന്ന് മഹാത്മാഗാന്ധി മാർഗിലെ സെന്റ് ജോൺസ് കോളേജ് പരിസരത്താണ് സംഭവം. സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്റെ രൂപങ്ങളുമായി കൂട്ടമായെത്തിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ് ദളും ചേർന്നാണ് കോലം കത്തിച്ചത്. 

Follow Us:
Download App:
  • android
  • ios