കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനവും പന്ന്യൻ രവീന്ദ്രൻ ഒഴിഞ്ഞു.ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് നാല് മന്ത്രിമാരുള്‍പ്പെടെ 7 പുതുമുഖങ്ങൾ.

ഹൈദരാബാദ്:ദേശീയ സംസ്ഥാന ഭാരവാഹികൾക്ക് 75 വയസ് പ്രായപരിധി എന്ന ഭേദഗതി ഇന്നലെ സിപിഐ പാർട്ടി കോൺഗ്രസ് അംഗീകരിച്ചതോടെ കേരളത്തിൽ നിന്നുള്ള കെ ഇ ഇസ്മായിൽ അടക്കമുള്ള നേതാക്കൾ പുതിയ ദേശീയ കൗൺസിലിൽ നിന്ന് ഒഴിവായി.പന്ന്യൻ രവീന്ദ്രൻ , എൻ അനിരുദ്ധൻ , ടി വി ബാലൻ, സി എൻ ജയദേവൻ, എൻ രാജൻ, എന്നിവരും ഒഴിവായി.കൺട്രോൾ കമ്മീഷൻ ചെയർമാൻ സ്ഥാനവും പന്ന്യൻ രവീന്ദ്രൻ ഒഴിഞ്ഞു..കേരളത്തിൽ നിന്ന് ദേശീയ കൗൺസിലുള്ളവരുടെ അംഗസംഖ്യ 11 ൽ നിന്നും 13 ആയി ഉയർന്നു.

ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് 7 പുതുമുഖങ്ങൾ എത്തി.ഇതില്‍ 4 മന്ത്രിമാരും ഉള്‍പ്പെടുന്നു.മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവരാണ് ദേശീയ കൗൺസിലേക്ക് എത്തിയത്.ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും പി പി സുനീറും ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.സത്യൻ മൊകേരി കൺട്രോൾ കമ്മീഷൻ അംഗമായി.ദേശീയ സെക്രട്ടറിയായി ഡി രാജ തുടരാനാണ് സാധ്യത.

'ഡി രാജക്കെതിരായി പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടായത് സ്വയം വിമർശനം'; ന്യായീകരിച്ച് കാനം രാജേന്ദ്രൻ

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജക്കെതിരായ വിമർശനത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്വയം വിമർശനമാണ് ഉണ്ടായത്. ആരെങ്കിലും ദുർബലമാണെന്ന് അർത്ഥമില്ലെന്നും കാനം വിശദീകരിച്ചു. മതേതരശക്തികൾ ഒന്നിക്കണമെന്ന് മാത്രമാണ് സഖ്യത്തെ കുറിച്ച് പറഞ്ഞത്. ഒരു പാർട്ടിയെയും രാഷ്ട്രീയ ചർച്ചയിൽ പേരെടുത്ത് പറഞ്ഞിട്ടില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഡി രാജക്കെതിരെ വിമര്‍ശനമുണ്ടായത്. കേരള ഘടകമാണ് വിമര്‍ശനം ഉന്നയിച്ചത്. ദേശീയ തലത്തില്‍ നേതൃത്വം അലസത കാണിക്കുന്നുവെന്ന് പി പ്രസാദ് ആരോപിച്ചു. നേതൃപദവിയിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിക്കണം. പദവികൾ അലങ്കാരമായി കൊണ്ടുനടക്കരുത്. യുദ്ധം തോൽക്കുമ്പോൾ സേനാ നായകർ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നും കേരള ഘടകം വ്യക്തമാക്കി. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് പാർട്ടി കോണ്‍ഗ്രസില്‍ സിപിഐ കേരളം ഘടകം ആവശ്യമുയർത്തി. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎമ്മിനെ പോലെ ഒളിച്ച് കളി ഒഴിവാക്കണമെന്നും കേരള ഘടകം ചർച്ചയിൽ പറഞ്ഞു. 

Also Read :  'സിപിഎമ്മിന്‍റേത് പോലെ ഒളിച്ചുകളി വേണ്ട', കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സിപിഐ കേരളഘടകം