പി കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നാണ് പദവി ഇസ്മായിൽ ഏറ്റെടുത്തത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമിതിയിൽ മികച്ച പ്രവർത്തനങ്ങളിലൂടെ മിച്ച ബജറ്റിലേക്ക് എത്തിക്കാൻ കെ ഇ വഹിച്ച പങ്കിനെ പാർട്ടി കുറച്ച് കാണുന്നുമില്ല

തിരുവനന്തപുരം: സി പി ഐയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന നാടക സമിതിയുടെ പ്രസിഡന്റ് സ്ഥാനം കെ ഇ ഇസ്മയിൽ രാജി വച്ചു. 75 വയസ്സെന്ന പ്രായപരിധി നടപ്പാക്കുന്നതിന്റെ ഭാഗമായി സി പി ഐ സമ്മേളനത്തിൽ ദേശീയ നിവ്വാഹകസമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് കെ ഇ ഇസ്മയിൽ പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് നൽകിയത്. കെ പി എ സിയുടെ നേതൃത്വത്തിൽ തുടരാൻ പ്രായപരിധി തടസമല്ലെന്ന് നേതാക്കൾ അനുനയത്തിന് ശ്രമിച്ചെങ്കിലും കെ ഇ വഴങ്ങിയില്ല. ഇതോടെ 15 വർഷം കെ ഇയുടെ കൈവശമിരുന്ന പ്രസിഡന്റ് കസേര കാനം ഏറ്റെടുത്തു.

പ്രായപരിധി തീരുമാനം ദേശീയ സംസ്ഥാന നേതൃത്വങ്ങളിൽ നിന്ന് ഒഴിവാക്കിയതിൽ കടുത്ത അതൃപ്തി കെ ഇ ഇസ്മയിലിനുണ്ട്. സംസ്ഥാന സമ്മേളന കാലത്ത് അടക്കം കാനം വിരുദ്ധ പക്ഷത്തിന് നേതൃത്വം നൽകിയും ഒരു ഘട്ടത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമുണ്ടായേക്കുമെന്ന ചർച്ചകൾ സജീവമാക്കുന്നതിന് പോലും ബലം പകർന്നിരുന്നത് കെ ഇ ഇസ്മയിലിന്റെ നിലപാടുകളായിരുന്നു. പാർട്ടി ഘടകങ്ങളിൽ നിന്ന് ഒഴിവായ സാഹചര്യത്തിൽ ഇനി കെ പി എ സിയിൽ തുടരുക എന്ന ഔദാര്യത്തിന് തൽക്കാലമില്ലെന്നാണ് കെ ഇ നിലപാടെടുത്തത്.

ഭരണനഷ്ടം! എൽഡിഎഫ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്, ബിജെപി സീറ്റ് പിടിച്ചെടുത്ത് സിപിഎം; എറണാകുളത്ത് ആവേശം

പി കെ വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നാണ് കെ പി എ സി പ്രസിഡന്റ് പദവി ഇസ്മായിൽ ഏറ്റെടുത്തത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമിതിയിൽ മികച്ച പ്രവർത്തനങ്ങളിലൂടെ മിച്ച ബജറ്റിലേക്ക് എത്തിക്കാൻ കെ ഇ വഹിച്ച പങ്കിനെ പാർട്ടി കുറച്ച് കാണുന്നുമില്ല.

കെ പി എ സിയുടെ കാര്യങ്ങളിൽ കൃത്യമായി അദ്ദേഹം ഇടപെട്ടു പോന്നു. സമിതിക്ക് മ്യൂസിയം നിർമിക്കാൻ സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. കെ പ്രകാശ് ബാബു, ടി വി ബാലൻ, എൻ സുകുമാരപിള്ള, വള്ളിക്കാവ് മോഹൻദാസ് എന്നിവരാണ് ഭരണസമിതിയിലെ മറ്റ് സി പി ഐ നോമിനികൾ.