പാലക്കാട്: ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ നിര്‍മിക്കുകയും വിൽക്കുകയും ചെയ്തതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കേര ക്രിസ്റ്റല്‍ ബ്രാൻഡ് വെളിച്ചെണ്ണ നിരോധിച്ചു. പാലക്കാട് ജില്ലയില്‍ പ്രവർത്തിക്കുന്ന ആഫിയ കോക്കനട്ട് ഓയില്‍ മില്‍ എന്ന സ്ഥാപനം ഉല്‍പാദിപ്പിച്ച് പായ്ക്കുചെയ്യുന്ന വെളിച്ചെണ്ണയാണ് കേര ക്രിസ്റ്റല്‍ ബ്രാൻഡ്.

വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതും തെറ്റായ ബ്രാന്‍ഡോടുകൂടിയതുമാണെന്ന ഫുഡ് അനലിസ്റ്റിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധിച്ചതെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി ജെ വര്‍ഗ്ഗീസ് അറിയിച്ചു. കേര ക്രിസ്റ്റല്‍ ബ്രാൻഡ് കൂടാതെ ആഫിയ കോക്കനട്ട് മില്ലില്‍ നിന്നും ഉല്‍പാദിപ്പിച്ച് പായ്ക്കുചെയ്ത് വിതരണം നടത്തിയിരുന്ന കേര ക്ലാസിക്, കേര ക്യൂന്‍, ഗ്രാന്റ് കുറ്റ്യാടി, കേര പ്രൗഡ്, കേര ഭാരത് തുടങ്ങിയ ബ്രാൻഡുകളും നിരോധിച്ചിട്ടുണ്ട്. 

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006-ലെ വകുപ്പുകളനുസരിച്ചാണ് നിരോധിച്ചത്. സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് റദ്ദുചെയ്തതായും കമ്മീഷണര്‍ അറിയിച്ചു. മായം കലര്‍ന്നതും ഗുണനിലവാരമില്ലാത്തതുമായ വെളിച്ചെണ്ണകള്‍ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ കൈക്കൊളളുമെന്നും അദ്ദേഹം അറിയിച്ചു.