കേരഫെഡ് കേര വെളിച്ചെണ്ണയുടെ വില ഗണ്യമായി കുറച്ചു, ഇത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. അതോടൊപ്പം, പൊതുവിപണിയെ അപേക്ഷിച്ച് അരി, പയറുവർഗ്ഗങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവയ്ക്ക് സപ്ലൈകോയിലും വലിയ വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ഉപഭോക്താക്കൾക്ക് ആശ്വാസമായി കേരഫെഡ് കേര വെളിച്ചെണ്ണയുടെ വില കുറച്ചു. ഒരു ലിറ്റർ പാക്കറ്റിന് 375 രൂപയിൽ നിന്ന് 332 രൂപ ആയിട്ടാണ് കുറച്ചത്. 900 എംഎല്ലിന്‍റെ പാക്കറ്റിന് 338 രൂപയിൽ നിന്ന് 299 രൂപയും 500 എംഎല്ലിന്‍റെ പാക്കറ്റിന് 189 രൂപയിൽ നിന്ന് 167 രൂപയായും കുറച്ചിട്ടുണ്ട്. സർക്കാർ ഉൽപ്പന്നമായ കേരഫെഡ് കേര വെളിച്ചെണ്ണ വിപണിയിൽ വൻ തോതിൽ വിൽപന നടത്തി വരുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയും വിശ്വാസ്യതയും നേടിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സാധ്യത ഉപയോഗപ്പെടുത്തി 'കേര' എന്ന പേരിനോട് സാദൃശ്യമുള്ള വ്യാജ ബ്രാൻഡുകൾ വിപണിയിൽ വിൽപന നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം ബ്രാൻഡുകൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുവരികയാണെന്നും കേര വെളിച്ചെണ്ണ വാങ്ങുമ്പോൾ കേരഫെഡിന്‍റെ ബ്രാൻഡ് ചിഹ്നം ഉറപ്പാക്കണമെന്നും മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

സപ്ലൈകോയിലെ വില

അതേസമയം, പൊതുവിപണിയിൽ കിലോഗ്രാമിന് 293.21 രൂപയുള്ള മുളക് സപ്ലൈകോയിൽ വെറും 136.5 രൂപയ്ക്കാണ് നൽകുന്നത്. 500 ഗ്രാം മല്ലിക്ക് പൊതുവിപണിയിൽ 88.25 രൂപയുള്ളപ്പോൾ സപ്ലൈകോയിൽ വെറും 47.25 രൂപ മാത്രമാണ് വില. പയറുവർഗ്ഗങ്ങളുടെയും കിഴങ്ങുവർഗ്ഗങ്ങളുടെയും കാര്യത്തിലും വലിയ വിലക്കുറവാണ് സപ്ലൈകോ വാഗ്ദാനം ചെയ്യുന്നത്. ഒരു കിലോഗ്രാം ചെറുപയറിന് പൊതുവിപണിയിൽ 138.79 രൂപയുള്ളപ്പോൾ സപ്ലൈകോ വില 85 രൂപ മാത്രമാണ്. ഉഴുന്ന് കിലോയ്ക്ക് 132.57 രൂപയിൽ നിന്ന് കുറഞ്ഞ് 87 രൂപയ്ക്കും, കടല 113.14 രൂപയിൽ നിന്ന് കുറഞ്ഞ് 63 രൂപയ്ക്കും, വൻപയർ 100.21 രൂപയിൽ നിന്ന് കുറഞ്ഞ് 68 രൂപയ്ക്കും സപ്ലൈകോയിൽ ലഭിക്കും. തുവരപ്പരിപ്പ് കിലോയ്ക്ക് പൊതുവിപണിയിൽ 138.43 രൂപയുള്ളപ്പോൾ സപ്ലൈകോയിൽ 83 രൂപയ്ക്ക് ലഭ്യമാണ്. ഒരു കിലോ പഞ്ചസാരയ്ക്ക് പൊതുവിപണിയിൽ 46.46 രൂപയുള്ളപ്പോൾ സപ്ലൈകോയിൽ അത് 34.65 രൂപയ്ക്ക് വാങ്ങാം.

മലയാളികളുടെ പ്രധാന ആഹാരമായ അരിയിനങ്ങൾക്കെല്ലാം സപ്ലൈകോയിൽ വലിയ വിലക്കുറവുണ്ട്. ജയ അരി (പൊതുവിപണി വില: ₹48.08), കുറുവ അരി (പൊതുവിപണി വില: ₹45.70), മട്ട അരി (പൊതുവിപണി വില: ₹52.36) എന്നിവയെല്ലാം കിലോയ്ക്ക് കേവലം 33 രൂപ നിരക്കിലാണ് സപ്ലൈകോ വഴി വിതരണം ചെയ്യുന്നത്. പച്ചരി കിലോയ്ക്ക് 40.86 രൂപയുള്ളപ്പോൾ സപ്ലൈകോയിൽ വെറും 29 രൂപയ്ക്ക് ലഭിക്കും.