തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ. കൊവിഡ് പ്രതിസന്ധിയിൽ ആശ്വാസനടപടികൾ തുടരുമെന്ന സൂചന ഇടത് സർക്കാർ നൽകുമ്പോഴും ഭീമമായ സാമ്പത്തിക ബാധ്യതയിലേക്കാണ് ഖജനാവ് കൂപ്പു കുത്തുന്നത്. തൊഴിലില്ലായ്മ, കൊവിഡ് പ്രതിരോധം, ക്ഷേമപദ്ധതികൾ എന്നിവയിലൂന്നിയുള്ള പ്രഖ്യാപനങ്ങൾക്കാണ് അവസാന ബജറ്റിൽ സാധ്യതയേറുന്നത്. 

ജനങ്ങൾക്ക് നേരിട്ട് ആശ്വാസം, എന്നാൽ മറുവശം ഭീമമായ കടബാധ്യത. ഇതാണ് നിലവിൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക യാഥാർത്ഥ്യം. എൽഡിഎഫ് സർക്കാർ അവസാന ബജറ്റ് അവതരിപ്പിക്കാനിരിക്കെ സാമ്പത്തിക വളർച്ച മൈനസ് 3 ശതമാനം പിന്നിട്ടു. ധനകമ്മി കുറച്ച് കൊണ്ടുവന്നെങ്കിലും കൊവിഡ് പ്രതിസന്ധിയാണ് വീണ്ടും താളം തെറ്റിച്ചത്. പ്രവാസികളുടെ മടക്കത്തിൽ വിദേശ വരുമാനം കുറഞ്ഞു. തൊഴിലില്ലായ്മ കൂടി, ഇതിനുള്ള പരിഹാരമാണ് സർക്കാരിനെ ചിന്തിപ്പിക്കുന്നത്.

വീട്ടമ്മമാർക്ക് വരുമാനം എത്തിക്കുന്ന പദ്ധതിയാണ് ഹൈലൈറ്റ് എന്ന് തോമസ് ഐസക്ക് പറയുന്നു. എന്നാൽ പദ്ധതിയെന്ത് എന്നതിൽ ഇപ്പോഴും അവ്യക്തത. കൊവിഡ് മുക്തി വരെ താത്കാലികമായ ക്ഷേമ പ്രവർത്തനം തുടരുമെന്ന് പറയുമ്പോൾ ഈ സർക്കാർ ഇറങ്ങും വരെ സൗജന്യകിറ്റ് ഉറപ്പിക്കാം. എത്രപണം ചെലവഴിച്ചാലും കൊവിഡ് വാക്സിൻ സൗജന്യമായി തന്നെ നൽകുമെന്നാണ് സർക്കാറിന്‍റെ ഉറപ്പ്.

വിവിധ വകുപ്പുകൾക്കായുള്ള നീക്കിയിരുപ്പിൽ കുറവ് ഉറപ്പിക്കുമ്പോൾ കൊവിഡ് ചെലവുകൾക്കായി ഭീമമായ തുക ഇനിയും നീക്കിവെക്കണം. ബജറ്റ് പുസ്തകത്തിൽ ജനപ്രിയ നടപടികൾ തുടരുമെന്ന് ഐസക്ക് വ്യക്തമാക്കി കഴിഞ്ഞു എന്നാൽ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ട് എന്ത് ബദൽ ഉണ്ട് എന്നതാണ് ചോദ്യം.  

ക്ഷേമ പെൻഷൻ തുക ഉയർത്തുമെന്നാണ് സർക്കാർ നൽകുന്ന സൂചന. കാർഷിക രംഗത്ത് മാത്രമാണ് നേരിയ തോതിലെങ്കിലും മേൽഗതിയുള്ളത്. ടൂറിസം, പരമ്പരാഗത വ്യവസായം എന്നിവയുടെ പുനരുജ്ജീവനത്തിനായുള്ള പദ്ധതികളും സംസ്ഥാനത്തെ സംബന്ധിച്ച് ഏറെ പ്രധാനം.