Asianet News MalayalamAsianet News Malayalam

കാർഷിക വായ്പാ മൊറട്ടോറിയം നീട്ടണം: 2000 കോടി അടിയന്തര വായ്പ വേണം: കേന്ദ്രത്തോട് കേരളം

ഡിസംബര്‍ 31 വരെയാണ് കാര്‍ഷിക വായ്പകള്‍ക്ക് നിലവില്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടണമെന്നാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ക്ക് നല്‍കിയ നിവേദനത്തില്‍ സംസ്ഥാനം ആവശ്യപ്പെടുന്നത്.

kerala asks centre for a 2000 crore loan asks to extend farmer loan moratorium
Author
Thiruvananthapuram, First Published Aug 19, 2019, 6:50 PM IST

ദില്ലി/തിരുവനന്തപുരം: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടണമെന്ന് കേരളം കേന്ദ്രത്തോടാവശ്യപ്പെട്ടു. പ്രളയം കണക്കിലെടുത്ത് 2000 കോടി രൂപയുടെ അടിയന്തര വായ്പ അനുവദിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പട്ടിട്ടുണ്ട്. പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനം സന്ദര്‍ശിക്കുമെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദില്ലിയില്‍ അറിയിച്ചു. 

ഡിസംബര്‍ 31 വരെയാണ് കാര്‍ഷിക വായ്പകള്‍ക്ക് നിലവില്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടണമെന്നാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ക്ക് നല്‍കിയ നിവേദനത്തില്‍ സംസ്ഥാനം ആവശ്യപ്പെടുന്നത്.

''ആ കാലയളവിൽ വായ്പകൾ പുനഃക്രമീകരിക്കണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം. നോൺ പെർഫോമിംഗ് അസറ്റ്‍സ് അഥവാ എൻപിഎ എന്ന പട്ടികയിലേക്ക് ആ വായ്പകളെ പെടുത്താതിരിക്കണം'', മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദില്ലിയിൽ പറഞ്ഞു. 

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ പലിശ രഹിത കാർഷിക വായ്പ നല്‍കണം. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത സാധാരണക്കാരുടെ മറ്റ് കടങ്ങള്‍ പുനഃക്രമീകരിക്കണം. ഇതിനായി നബാർഡിൽ നിന്ന് അധികസഹായം അനുവദിക്കണം. ഹ്രസ്വ കാല വായ്പയായി 2000 കോടി രൂപയുടെ അധികസഹായമാണ് സംസ്ഥാനസർക്കാരിന്‍റെ ആവശ്യം. നബാർഡ് വായ്പയുടെ പലിശ നിരക്ക് നാലര ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമാക്കി കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

പ്രളയബാധിത പ്രദേശങ്ങളിലെ സന്ദര്‍ശന തീയതി കേന്ദ്രസംഘം അറിയിച്ചിട്ടില്ല. കേന്ദ്രസംഘത്തിന്‍റെ വിലയിരുത്തലിന്‍റെ കൂടി അടിസഥാനത്തിലാകും സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുക. 

സംസ്ഥാനസർക്കാർ ഇതുവരെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കിയത്. വേണ്ടത്ര സഹായം സർക്കാരിന് കേന്ദ്രസർക്കാർ നൽകിക്കഴിഞ്ഞെന്നും വേണ്ട പണം സർക്കാരിന്‍റെ കൈവശമുണ്ടെന്നും വി മുരളീധരൻ പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios