റവന്യു ഭൂമിയിൽ കർഷകർ കെട്ടിയ വേലികൾ വനം വകുപ്പ് പൊളിക്കുന്നതിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അനധികൃത നിർമ്മാണങ്ങൾ നീക്കിയതിനെ എതിർക്കുന്നത് റിസോർട്ടുകാരുടെ താല്പര്യം സംരക്ഷിക്കാനെന്ന് വനം-റവന്യു മന്ത്രിമാർ മറുപടി നൽകി.

തിരുവനന്തപുരം: വനാതിർത്തി മേഖലയിലെ നിർമാണങ്ങൾ പൊളിക്കുന്നതിനെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. റവന്യു ഭൂമിയിൽ കർഷകർ കെട്ടിയ വേലികൾ വനം വകുപ്പ് പൊളിക്കുന്നതിന് പിന്നിൽ ഗൂഢ ഉദ്ദേശമുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. അനധികൃത നിർമ്മാണങ്ങൾ നീക്കിയതിനെ എതിർക്കുന്നത് റിസോർട്ടുകാരുടെ താല്പര്യം സംരക്ഷിക്കാനെന്ന് വനം-റവന്യു മന്ത്രിമാർ മറുപടി നൽകി.

ഇടുക്കിയിൽ ചിന്നക്കനാലിലും ശാന്തൻപാറയിലും ആനതാരയിലെ നിർമ്മാണങ്ങൾ പൊളിച്ചതിലും നിയന്ത്രണങ്ങളിലുമായിരുന്നു നിയമസഭയില്‍ ഇന്ന് പ്രതിപക്ഷ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. റവന്യു ഭൂമിയിൽ വനം വകുപ്പിന് എന്തുകാര്യമെന്നും കർഷകർ കെട്ടിയ വേലികൾ പൊളിക്കുന്നത്, സിഎച്ച്ആർ ഭൂമി വനഭൂമിയാക്കാനുള്ള ഗൂഢ നീക്കമെന്നും കെ യു ജനീഷ് കുമാർ ആരോപിച്ചു. വനം മന്ത്രിക്ക് വനത്തിന്റെ എബിസിഡി അറിയില്ലെന്നും കെ യു ജനീഷ് കുമാർ എംഎല്‍എ പരിഹസിച്ചു. പൊളിച്ചത് രണ്ട് വൻകിട റിസോർട്ടുകളുടേത് ഉൾപ്പെടെ അനധികൃത നിർമാണങ്ങൾ മാത്രമെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍ മറുപടി നല്‍കി. നല്ല ഉദ്ദേശത്തോടെ കൊണ്ടുവന്ന തീരുമാനങ്ങളെ എതിർക്കരുതെന്ന് റവന്യു മന്ത്രി എ പി അനിൽ കുമാർ പറഞ്ഞു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ വി എസ് നടത്തിയ ശ്രമങ്ങൾ ഓർക്കണമെന്നും അദ്ദേഹം പ്രതിപക്ഷത്തെ കുത്തി.

2022ൽ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും മഹീന്ദ്ര റിസോർട്ട് കയ്യെറിയ ഭൂമി തിരിച്ച് പിടിക്കാൻ പിണറായിക്ക് കൈ വിറച്ചോ എന്ന് ഷിബു ബേബി ജോൺ ചോദിച്ചു. സിഎച്ച്ആർ ഭൂമി വനഭൂമിയാക്കാൻ ശ്രമിച്ചത് ഇടത് സർക്കാരെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും മണ്ണിൽ പണിയെടുക്കുന്നവർക്ക് ഒപ്പമാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി.