സംസ്ഥാനത്തെ സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ രമേശ് ചെന്നിത്തല ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ശക്തമായ വാദപ്രതിവാദം. സിപിഎമ്മിൻ്റെ നയങ്ങളും സംസ്ഥാനത്തെ പൊലീസ് ഭരണവും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ചയും അടക്കം രമേശ് ചെന്നിത്തല ഉന്നയിച്ച വിമർശനങ്ങളിൽ അക്കമിട്ട് നിരത്ത് മുഖ്യമന്ത്രി മറുപടി നൽകി.

കേന്ദ്ര സർക്കാരിനെ നവ ഫാസിസ്റ്റ് എന്ന് വിലയിരുത്തിയ സിപിഎം നയത്തെ മുഖ്യമന്ത്രി ന്യായീകരിച്ചു. മനുഷ്യന് ഏറ്റവും പ്രധാനപ്പെട്ടത് ജീവിക്കാനുള്ള അവകാശമാണ്. എല്ലാ മൗലിക അവകാശങ്ങളും എടുത്തു കളഞ്ഞ ഒരു കാലം ഇന്ത്യയിൽ ഉണ്ടായിരുന്നു. അതാണ് അടിയന്തരാവസ്ഥക്കാലം. അതിനെ സിപിഎം വിശേഷിപ്പിച്ചത് അമിതാധികാര പ്രയോഗം എന്നാണ്. ഞങ്ങൾ വാക്കുകൾ ഉപയോഗിക്കുന്നത് ശരിയായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നട്തിയത് എന്തോ വല്ലാത്ത സംഭവം നടന്നെന്നാണ് ചെന്നിത്തല പറയുന്നത്. എംപിമാർക്ക് വിരുന്ന് നൽകാനാണ് ഗവർണർ പോയത്. ഫ്ലൈറ്റിലിരുന്നപ്പോൾ വിരുന്നിന് വരാൻ തന്നെ ഗവർണർ വീണ്ടും ക്ഷണിച്ചു.നിർമ്മലാ സീതാരാമൻ ബ‌േക്ക് ഫാസ്റ്റിന് വരുമെന്ന് പറഞ്ഞാണ് ഗവർണറെ കൂടി വിളിച്ചാണ്. ഗവർണർ ഇട്ട പാലത്തിൽ കൂടി അങ്ങോട്ട് പോയതല്ല. രാഷ്ട്രീയമുള്ള രണ്ട് പേർ കണ്ടാൽ രാഷ്ട്രീയം ഉരുകി പോകില്ല. കേരളത്തിന്റെ പൊതുവായ ചില കാര്യങ്ങൾ പറഞ്ഞതല്ലാതെ നിവേദനം കൊടുക്കാനൊന്നും അല്ല പോയത്. അത് വെറുമൊരു ബ്രേക്ക് ഫാസ്റ്റ് മീറ്റിംഗ് ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടിപി കേസ് പ്രതികളുടെ പരോളിനെ ന്യായീകരിച്ച് മുഖ്യമന്ത്രി നിലപാടെടുത്തു. കോവിഡ് കാലം കൂടി നോക്കുമ്പോൾ പരോൾ വലിയ സംഖ്യയായി തോന്നാം. കോവിഡ് കാലത്ത് 651 ദിവസം വരെ പരോൾ നൽകിയിട്ടുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക കേസിലെ പ്രതികൾക്ക് മാത്രം പരോൾ നൽകില്ലെന്ന് പറയാനാവില്ല. ഛിദ്ര ശക്തികളെ തലപൊക്കാൻ അനുവദിക്കാത്ത ഒരു ഭരണസംവിധാനം കേരളത്തിലുണ്ട്. വർഗീയ ശക്തികൾക്ക് തരാതരം പോലെ വഴങ്ങി കൊടുക്കുന്നതും അവരുടെ ആനുകൂല്യത്തിൽ ഭരണം നിലനിർത്തുന്നതുമായ സംവിധാനമല്ല കേരളത്തിൽ. അതിന് ആത്മധൈര്യം വേണം. അവരിൽ നിന്ന് ഓശാരം പറ്റാതിരിക്കണം. ഞങ്ങളുടെ ആളുകളെ പിടിച്ചു വയ്ക്കരുത് വിടൂ എന്ന് പറയാൻ ഒരു വർഗീയശക്തിക്കും കഴിയില്ല. ഈ ഭരണത്തോട് അങ്ങനെ കൽപ്പിക്കാൻ ധൈര്യമുള്ള ഒരു ശക്തിയും കേരളത്തിൽ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണത്തിന്റെ കരിമ്പുക ഉയർത്തി സർക്കാരിനെ അപമാനിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. കാറ്റും വെളിച്ചവും കടന്നുവരുമ്പോൾ കരിമ്പുക അവരുടെ മുഖത്തേക്ക് തന്നെ പടരും. തങ്ങൾക്ക് പറ്റിയ തെറ്റ് അംഗീകരിച്ച് ഖേദപ്രകടനം നടത്തുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. മിനിമം അത്രയെങ്കിലും ചെയ്താലേ ജനമധ്യത്തിൽ അൽപമെങ്കിലും വിശ്വാസ്യത ഉണ്ടാകൂവെന്ന് തിരിച്ചറിയണം. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വാളയാർ കേസിൽ എന്തൊക്കെയാണ് പ്രതിപക്ഷം ചെയ്തത്? സംസ്ഥാന പോലീസിന്റെ അന്വേഷണം വിശ്വാസ യോഗ്യമല്ലെന്ന് പറഞ്ഞു, സിബിഐ വരണമെന്ന് പറഞ്ഞു, ഒരാളെ തോളിലേറ്റി നടന്നു, സ്ഥാനാർത്ഥിയാക്കി കേരളത്തിലുട നീളം പ്രസംഗിപ്പിച്ചു. സിബിഐ വന്നപ്പോൾ എന്തായി? നിങ്ങൾ കൊണ്ടുനടന്നയാൾ തന്നെ ഇപ്പോൾ പ്രതിയായി. 

രാഷ്ട്രീയ നേട്ടത്തിനായി എകെജി സെൻറർ സിപിഎം തന്നെ ആക്രമിച്ചു എന്നാണ് നിങ്ങൾ പറഞ്ഞതെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പറഞ്ഞു. തെളിവ് നശിപ്പിച്ചു എന്നും പറഞ്ഞു. ഒടുവിൽ പ്രതികളെ പിടികൂടിയപ്പോൾ അയാൾ കോൺഗ്രസിന്റെ സംസ്ഥാന നേതാക്കളുടെ സന്തതസഹചാരിയാണെന്ന് വ്യക്തമായി. ഉത്തരവാദപ്പെട്ട രാഷ്ട്രീയപാർട്ടിയിൽ നിന്ന് പ്രതീക്ഷിക്കാൻ കഴിയുന്നതാണോ ഇത്? സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവച്ച കേസിൽ ബിജെപിക്കൊപ്പം നിന്ന കോൺഗ്രസ്, സിപിഎം പ്രവർത്തകരാണ് തീവച്ചതെന്ന് പ്രചരിപ്പിച്ചു. ആ കേസിലും ഒടുവിൽ സംഘപരിവാറുകാർ അറസ്റ്റിലായി. പ്രചരിപ്പിച്ചത് തെറ്റായിപ്പോയി എന്ന് ഏതെങ്കിലും ഘട്ടത്തിൽ നിങ്ങൾ പറഞ്ഞോയെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ വിമർശനം

സംസ്ഥാനത്ത് ഭരണമില്ലാത്ത അവസ്ഥയെന്നും ഐഎഎസ് ഐപിഎസ് ചേരിപ്പോര് രൂക്ഷമെന്നും വിമർശിച്ച രമേശ് ചെന്നിത്തല, വിമർശനങ്ങളുടെ കെട്ട് അഴിച്ചാണ് സംസാരിച്ചത്. പൊലീസ് ഉന്നത ഉദ്യോഗസ്ഥൻ ആർഎസ്എസ് നേതാക്കളോട് അഭിപ്രായം ചോദിക്കുന്നു. ഉത്തരം വളഞ്ഞാൽ മോന്തായവും വളയുമെന്ന അവസ്ഥയാണ്. അനധികൃത പരോൾ അനുവദിക്കുന്നു. നാട്ടിൽ ക്രിമിനൽ വാഴ്ചയാണ്. ലഹരി മാഫിയ കേരളത്തിൽ വിളയാടുന്നു. കോടിയേരി തുടങ്ങിയ ജനമൈത്രി പൊലീസിനെ പിണറായി ജനവിരുദ്ധ പൊലീസാക്കി. പൊലീസിനെ മുഴുവനായും രാഷ്ട്രീയവത്കരിച്ചു. കൊല്ലും കൊലയും പിടിച്ച് പറിയും ആണ് എല്ലായിടത്തും. ഒരുമാസത്തിനകത്ത് 70 പേർ കൊല്ലപ്പെട്ടു. തുഷാർ ഗാന്ധിയെ തടഞവർക്ക് സ്റ്റേഷൻ ജാമ്യം നൽകി പറഞ്ഞു വിട്ടു. നിർമല സീതാരാമനുമായി എന്ത് അനൗദ്യോഗിക ചർച്ചയാണ് നടത്തിയത്? അത് ജനങ്ങൾക്ക് അറിയണം. കേന്ദ്ര ധനമന്ത്രി അനൗദ്യോഗികമായി വന്ന് മുഖ്യമന്ത്രിയെ കണ്ടെങ്കിൽ അതിൽ രാഷ്ട്രീയമുണ്ട്. ഗവർണറുടെ മധ്യസ്ഥതയിലാണ് കൂടിക്കാഴ്ച നടന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയത്.

YouTube video player