മലബാറില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജാതി പരിഗണനകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ഇത്തവണ കോണ്‍ഗ്രസ്സിന്‍റെ തീരുമാനം. ഓരോ വിഭാഗത്തിനും സ്വാധീനമുള്ള മേഖലകള്‍ ഏതെന്ന് ഇതിനകം തന്നെ എഐസിസി പ്രതിനിധി പി.വി മോഹന്‍റെ നേതൃത്വത്തിൽ പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്.

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാര്‍ പിടിക്കാന്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്. ഈഴവ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ അവര്‍ക്ക് മാത്രം പരിഗണനയെന്ന് എഐസിസി വ്യക്തമാക്കുന്നു. ഗ്രൂപ്പ് സമവായമോ മറ്റ് താല്‍പര്യങ്ങളോ ഇത്തവണ പരിഗണിക്കേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്.

മലബാറില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ജാതി പരിഗണനകള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ഇത്തവണ കോണ്‍ഗ്രസ്സിന്‍റെ തീരുമാനം. ഓരോ വിഭാഗത്തിനും സ്വാധീനമുള്ള മേഖലകള്‍ ഏതെന്ന് ഇതിനകം തന്നെ എഐസിസി പ്രതിനിധി പി.വി മോഹന്‍റെ നേതൃത്വത്തിൽ പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. സംവരണ സീറ്റുകള്‍ക്ക് പുറമെ പിന്നോക്ക, ദളിത് വിഭാഗങ്ങള്‍ക്ക് സ്വാധീനമുള്ളിടത്ത് അവരെ തന്നെ പരിഗണിക്കും. ഗ്രൂപ്പ് സമവാക്യങ്ങള്‍ പാലിക്കാന്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നീക്കുപോക്കുകള്‍ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് എഐസിസി നല്‍കുന്നത്.

''മുപ്പത് ഒബിസി വിഭാഗങ്ങളെ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അവരെയെല്ലാം ചേർക്കുന്നത് വലിയ ശക്തിയാണ്. ഒരു വിഭാഗം ഞങ്ങളെ പിന്തുണയ്ക്കുമെങ്കിൽ മറ്റെല്ലാ വിഭാഗങ്ങളും ഞങ്ങളുടെ കൂടെ നിൽക്കും. അവരെയെല്ലാം ഞങ്ങൾ കണ്ടു. അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കൂടെ നിൽക്കാമെന്ന് ഉറപ്പു നൽകി. അവരെയെല്ലാം ഒരുമിച്ച് നിർത്തിയാൽ അത് വലിയ ശക്തിയാകുമെന്ന് ഞങ്ങൾ അവരോട് പറഞ്ഞു'', എന്ന് എഐസിസി പ്രതിനിധി പി വി മോഹനൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ തവണ മലബാറിലെ ആറ് ജില്ലകളിലായി 31 സീറ്റുകളിലാണ് കോണ്‍ഗ്രസ്സ് മത്സരിച്ചത്. ജയം ആറ് സീറ്റില്‍ മാത്രം. കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞിരുന്നില്ല. ഇത്തവണ മലബാറില്‍ ലക്ഷ്യം 20 സീറ്റാണ്. അതിന് സ്ഥാര്‍ത്ഥി നിര്‍ണ്ണയത്തിലെ മാനദണ്ഡം മാറ്റണമെന്നാണ് മലബാറില്‍ നടത്തിയ സര്‍വ്വേയില്‍ നിന്ന് എഐസിസിക്ക് കിട്ടിയ പ്രതികരണം. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും കൂടി അവസരമൊരുക്കുന്നതോടെ മലബാര്‍ പിടിച്ചെടുക്കാമെന്നാണ് കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍.