പിജെ ജോസഫിന്റെ കുത്തക മണ്ഡലമായ തൊടുപുഴയിൽ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മകൻ അപു ജോൺ ജോസഫാണ്. കാർഷിക പ്രശ്നങ്ങളും, സാമുദായിക സമവാക്യങ്ങളും, സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവവും നിർണ്ണായകമാകുന്ന മണ്ഡലത്തിൽ കേരള കോൺഗ്രസുകാർ തമ്മിലാണ് പ്രധാന മത്സരം.

കേരള കോൺ​ഗ്രസുകാർ തമ്മിൽ‌ മത്സരം നടക്കുന്ന മണ്ഡലമാണ് തൊടുപുഴ. പിജെ ജോസഫിൻ്റെ കുത്തക മണ്ഡലമാണിത്. ഇപ്രാവശ്യം മകൻ അപു ജോൺ ജോസഫിനെയാണ് യുഡിഎഫ് സ്ഥാനാർഥിയായി നിർത്തിയിരിക്കുന്നത്. ജോസഫ് വിഭാഗം ഇടതുപക്ഷത്തിന് ഒപ്പമായിരുന്ന 1996ലും 2006ലും മാത്രമാണ് തൊടുപുഴ ഇടതിനൊപ്പം നിന്നത്. അതായത് യുഡിഎഫിൻ്റെ കുത്തക സീറ്റാണ് തൊടുപുഴ. പരമ്പരാഗതമായി യുഡിഎഫ് അനുകൂല മണ്ഡലമാണെങ്കിലും, യുഡിഎഫിലെ ഭിന്നതകൾ മുതലെടുത്തും ഈഴവ വോട്ടുകളുടെ ഏകീകരണത്തിലൂടെയും എൽഡിഎഫ് പലപ്പോഴും ഇവിടെ അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്. ആ അത്ഭുതമാണ് ജോസഫിനെ മുൻനിർത്തി ഇടതുപക്ഷം കാണിച്ചത്.

റബ്ബർ, കുരുമുളക്, ഏലം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടുത്തെ സമ്പദ്‌വ്യവസ്ഥ. അതിനാൽ തന്നെ ആഗോള വിപണിയിലെ വിലവ്യതിയാനങ്ങളും കാലാവസ്ഥാ മാറ്റങ്ങളും ഇവിടുത്തെ വോട്ടർമാരുടെ രാഷ്ട്രീയ നിലപാടുകളെ ബാധിച്ചേക്കാം. പണി തകരുകയോ കാലാവസ്ഥ ചതിക്കുകയോ ചെയ്യുമ്പോൾ രാഷ്ട്രീയ വിശ്വസ്തതകളിൽ മാറ്റം വരാമെങ്കിലും പെട്ടെന്നുള്ള വിപ്ലവകരമായ മാറ്റങ്ങളിലേക്കൊന്നും അത് നയിക്കപ്പെടാറില്ല. ആശയപരമായ പോരാട്ടത്തേക്കാൾ ഉപരിയായി പ്രാദേശിക ഗണിതവും സ്ഥാനാർത്ഥിയുടെ വിശ്വാസ്യതയുമാണ് ഇവിടെ നിർണ്ണായകം. പ്രതിസന്ധികളിൽ കർഷകർക്കൊപ്പം നിൽക്കാനും സഹകരണ മേഖലയെ സംരക്ഷിക്കാനുമുള്ള സ്ഥാനാർത്ഥിയുടെ കഴിവിനെയാണ് വോട്ടർമാർ വിലയിരുത്തുന്നത്. ഏറ്റവും പ്രധാനം സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ വിശ്വാസ്യതയും ജനങ്ങൾക്കിടയിലുള്ള സ്വാധീനവും തന്നെയാണ്.

കാർഷിക വില സ്ഥിരതയ്ക്ക് സർക്കാർ നൽകുന്ന പിന്തുണ, സാമുദായിക സംഘടനകളെ ഒപ്പം നിർത്താനുള്ള ശേഷി, പ്രളയം, കൃഷിനാശം തുടങ്ങിയ അടിയന്തര ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾ എന്നിവയെല്ലാം തൊടുപുഴ മണ്ഡലത്തിൽ ആ‍ർക്ക് വോട്ട് ചെയ്യണെ എന്ന് തീരുമാനിക്കാനുള്ള കാരണങ്ങളാണ്. പരിചയസമ്പന്നരായ നേതാക്കളെ വിശ്വസിക്കാനാണ് തൊടുപുഴയ്ക്ക് താല്പര്യം. രാഷ്ട്രീയ പരീക്ഷണങ്ങളേക്കാൾ പ്രായോഗികമായ സാമ്പത്തിക സുരക്ഷിതത്വത്തിനാണ് ഇവിടുത്തെ വോട്ടർമാർ വോട്ട് ചെയ്യുന്നതെന്ന് മുൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യക്തമാണ്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൊടുപുഴ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെത്തന്നെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു, പിജെ ജോസഫിന് 67,495. ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന പ്രൊഫ. കെഐ ആൻ്റണിക്ക് 47,236 വോട്ടുകളാണ് ലഭിച്ചിരുന്നത്. അതായത് എതിർ സ്ഥാനാർഥിയെ 20,259 വോട്ടുകൾക്കാണ് പിജെ ജോസഫ് മലർത്തിയടിച്ചത്. ബിജെപി സ്ഥാനാർഥിയായ ശ്യാംരാജിന് 21,263 വോട്ടുകൾ നേടാൻ സാധിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ പിളർപ്പുകൾ ഉണ്ടായ സമയത്തും പിജെ ജോസഫിന് ലഭിച്ച ഈ വിജയം വോട്ടർമാർ അനുഭവപരിചയത്തിനും വ്യക്തിപരമായ ബന്ധങ്ങൾക്കും നൽകുന്ന പ്രാധാന്യത്തിനുള്ള തെളിവാണ്.

ക്രൈസ്തവ കുടിയേറ്റക്കാർക്ക് പുറമെ, എസ്എൻഡിപിക്കു കീഴിൽ സംഘടിതമായ ഈഴവ സമുദായത്തിന് മണ്ഡലത്തിൽ വലിയ സ്വാധീനമുണ്ട്. പ്രത്യേകിച്ച് തൊടുപുഴ നഗരത്തിൽ ഇവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്. മുസ്ലീം വിഭാഗം ജനസംഖ്യയിൽ കുറവാണെങ്കിലും നഗരപ്രദേശങ്ങളിലെ വ്യാപാര മേഖലകളിൽ അവർക്ക് ശക്തമായ സ്വാധീനമുണ്ട്. ന്യൂനപക്ഷ സുരക്ഷ, ഉപജീവനസ്ഥിരത തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി അവർ പൊതുവെ യുഡിഎഫിനെ പിന്തുണയ്ക്കാറാണ് പതിവ്.

യുഡിഎഫിനുവേണ്ടി ഇത്തവണ രം​ഗത്തിറങ്ങുന്ന അപു നിലവിൽ കേരള കോൺഗ്രസിന്റെ സ്റ്റേറ്റ് കോർഡിനേറ്ററാണ്. പി ജെ ജോസഫ് മത്സരിക്കുന്നില്ലെങ്കിൽ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻറ് സിറിയക് ചാഴികാടനാണ് എൽഡിഫ് സ്ഥാനാർഥി. 2016ൽ എൽഡിഎഫ് സ്വതന്ത്രനായിരുന്ന റോയി വാരിക്കാട്ട് ട്വന്റി 20യിലൂടെ എൻഡിഎക്കായും ഇറങ്ങുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും എൻഡിഎക്ക് തൊടുപുഴയിൽ 20,000ത്തിന് മുകളിൽ വോട്ട് നേടാൻ കഴിഞ്ഞിട്ടുമുണ്ട്. ബിജെപി മണ്ഡലത്തിൽ കാലുറപ്പിക്കാനുള്ള മത്സരത്തിലാണ്.