ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പാണെന്നും വികസിത കേരളം എന്ന മുദ്രാവാക്യവുമായി പ്രചാരണവുമായി സജീവമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഒന്നോ രണ്ടോ സീറ്റിനായല്ല മത്സരമെന്നും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

തിരുവനന്തപുരം: ബിജെപിക്കിത് നിര്‍ണായക തെരഞ്ഞെടുപ്പാണെന്നും വികസിത കേരളം എന്ന മുദ്രാവാക്യവുമായി പ്രചാരണവുമായി സജീവമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനു വി ജോണുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. ഒന്നോ രണ്ടോ സീറ്റിനായല്ല മത്സരമെന്നും പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും പ്രചാരണത്തിനെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സാബു ജേക്കബും താനുമായി നല്ല കെമിസ്ട്രിയാണെന്നും ട്വന്‍റി 20ക്ക് കൂടുതൽ സീറ്റ് നൽകിയത് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തട്ടെയന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാറ്റം കൊണ്ടുവരണമെന്നതാണ് ഞങ്ങളുടെ വാശിയെന്നും ട്വന്‍റി 20യുമായുള്ള സഖ്യം ആലോചിച്ചെടുത്തതാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയത്. യുഡിഎഫും എൽഡിഎഫും ജനങ്ങളെ വഞ്ചിച്ച പാര്‍ട്ടികളാണ്. അവരെ രണ്ടായി കാണുന്നില്ല. രണ്ട് മുന്നണികളും ഒന്നാണ്. മൂന്നാം എൽഡിഎഫ് സര്‍ക്കാരിനുള്ള സാധ്യത വട്ടപ്പൂജമാണ്. കോണ്‍ഗ്രസിന് എന്ത് കാരണം കൊണ്ട് ജനം വോട്ട് ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ബിജെപി പ്രധാന കക്ഷിയാകുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. സിപിഎമ്മിന്‍റെ വീഴ്ചയുടെ ഗുണം കോണ്‍ഗ്രസിന് കിട്ടില്ല. അത് മിഥ്യാധാരണയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

140 സീറ്റിലും ജനം മാറ്റം ആഗ്രഹിക്കുന്നു

140 സീറ്റിലും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും ധര്‍മടത്തും പറവൂരിലുമടക്കം ആളുകള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ത്രിപുരയിലും ബംഗാളിലും പെട്ടെന്നാണ് മാറ്റം ഉണ്ടായത്. കേരളത്തിലും ഇത്തവണ സമാനമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അപ്രതീക്ഷിത സീറ്റുകളിൽ ബിജെപി വിജയിക്കും.ത്രിപുരയിലും ബംഗാളിലും പെട്ടെന്നാണ് മാറ്റം ഉണ്ടായത്. കേരളത്തിലും ഇത്തവണ സമാനമായ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. അപ്രതീക്ഷിത സീറ്റുകളിൽ ബിജെപി വിജയിക്കും. ബിജെപിക്ക് സീറ്റ് കിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബിജെപിയെ അവര്‍ ഗൗരവത്തോടെ കാണുന്നുവെന്നതിന്‍റെ തെളിവാണത്. എത്രയോ സിപിഎം നേതാക്കള്‍ ബിജെപിയിൽ ചേരുന്നു.

ഡബിള്‍ ലോക്ക്, സീറോ സീറ്റ് പരിഹാസങ്ങളിൽ കാര്യമില്ല, ഡീൽ ആരോപണം നാണംകെട്ട പ്രചാരണത്തിന്‍റെ ഭാഗം

ഡബിള്‍ ലോക്ക്, സീറോ സീറ്റ് പരിഹാസങ്ങളിൽ കാര്യമില്ല. പാലക്കാട് അടക്കം സിപിഎം -ബിജെപി ഡീൽ ഉണ്ടെന്ന കോണ്‍ഗ്രസ് ആരോപണത്തിനും രാജീവ് ചന്ദ്രശേഖര്‍ മറുപടി നൽകി. കോണ്‍ഗ്രസ് നാണമില്ലാത്ത പാര്‍ട്ടിയാണ്. വ്യാജ വാഗ്ദാനം നൽകുന്ന പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസിന് വളരെ കുറച്ച് സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കോണ്‍ഗ്രസ് എത്ര മുതലാളിമാരെയാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്? രാഹുൽ ഗാന്ധി ഏറ്റവും വലിയ മുതലാളി അല്ലേ? ഡികെ ശിവകുമാര്‍ വലിയ മുതലാളി അല്ലേയെന്നും രാജീവ് ചന്ദ്രശേഖര്‍.ഡീൽ ആരാപണം നാണംകെട്ട പ്രചാരണത്തിന്‍റെ ഭാഗമാണ്. ഞങ്ങള്‍ ജയിച്ചാൽ സിപിഎമ്മിന്‍റെ കൃപ കൊണ്ടായിരിക്കും എന്നാണ് കോണ്‍ഗ്രസ് വാദം.ഞങ്ങള്‍ക്ക് ആരുടെയും പിന്തുണ വേണ്ട.വോട്ടര്‍ പട്ടികയിൽ പേരില്ലാത്തതുകൊണ്ട് ട്വന്‍റി 20 സ്ഥാനാര്‍ത്ഥികളെ മാറ്റിയത് വലിയ പാതകം ഒന്നുമല്ല. ചെറിയ പിഴവ് മാത്രമാണ്. മുൻപ് ബിജെപിക്കും പറ്റിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രേശകര്‍ പറഞ്ഞു.

മരുമകൻ പരാമര്‍ശത്തിൽ ദുഖമില്ല

ഞാൻ മുണ്ടുക്കുന്നതും രാഷ്ട്രീയവും തമ്മിൽ എന്ത് ബന്ധമാണുള്ളത്. ഞാൻ മലയാളി വിദ്വാനോ മുണ്ടുടുക്കുന്നയാളോ അല്ല. അന്ന് അത്തരത്തിൽ പറഞ്ഞതിനെ വിമര്‍ശിച്ചതൊന്നും കാര്യമാക്കുന്നില്ല. മുഹമ്മദ് റിയാസിനെതിരായ മരുമകൻ പരാമര്‍ശത്തിലും രാജീവ് ചന്ദ്രശേഖര്‍ മറുപടി നൽകി. റിയാസ് ദേശീയ പാത ഉദ്ഘാടനത്തിൽ വിവാദം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും അത് തുറന്നുകാട്ടാനാണ് താൻ ശ്രമിച്ചതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മരുമകൻ എന്ന് പരാമര്‍ശിച്ചതിൽ ദുഖമില്ല. ദു:ഖമുണ്ടാകേണ്ടത് മരുമകനാണ്. മോദിയെ ആക്രമിച്ചാൽ മിണ്ടാതിരിക്കില്ലെന്നും രാജീവ് ചന്ദ്രേശഖര്‍ പറഞ്ഞു.

നേമത്ത് വലിയ പ്രതീക്ഷ

നേമത്തോട് വലിയ കടപ്പാടാണുള്ളതെന്നും വലിയ പ്രതീക്ഷയാണുള്ളതെന്നും ലോക്സഭയിൽ കോണ്‍ഗ്രസും സിപിഎമ്മും ചേര്‍ന്ന് തോൽപിച്ചുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.നേമത്തെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ശിവൻകുട്ടി എന്നെ വിമര്‍ശിക്കുന്നത് സ്നേഹം കൊണ്ടാവാം. ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് എന്‍റെ പേര് പറയുന്നത്.നേമത്തിനായി വികസനരേഖ അവതരിപ്പിക്കും. ശിവൻകുട്ടി പരാജയപ്പെട്ട എംഎൽഎയാണ്.കോണ്‍ഗ്രസിന്‍റെ ഗ്യാരണ്ടികള്‍ വെറും വിഡ്ഢിത്തരമാണ്. ജനം പൊട്ടന്മാരാണെന്ന് കരുതരുത്.

ഏറ്റവും മോശം സിപിഎം മുഖ്യമന്ത്രി

മുഖ്യമന്ത്രിയോട് മുതിര്‍ന്ന നേതാവെന്ന നിലയിൽ ബഹുമാനമുണ്ട്. രാഷ്ട്രീയത്തോട് യോജിക്കുന്നില്ല. പത്തു കൊല്ലം നാടിനെ നശിപ്പിച്ചു. പിണറായി സിപിഎമ്മിനെയും കേരളത്തെയും നശിപ്പിച്ചുവെന്നാണ് ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്നത്. ഏറ്റവും മോശം സിപിഎം മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഞാൻ തോൽവിയാകും എന്ന് പറയുന്നവരോട് ഞാൻ എവിടെയും പോകില്ലെന്നാണ് പറയാനുള്ളത്. ഇപ്പോൾ ഉള്ളതിനേക്കാൾ പത്തിരട്ടി പേടിസ്വപ്നമായിരിക്കും ഭാവിയിൽ താനെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

YouTube video player