മണ്ഡലത്തിലെ ഉമ്മൻ ചാണ്ടി വികാരത്തിൽ കുറവുണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ് പോരിനിറങ്ങുമ്പോൾ സൈക്കിളിൽ ലളിതമായ പ്രചാരണം നടത്തി മണ്ഡലം വീണ്ടും ഉറപ്പിക്കാനാണ് ചാണ്ടി ഉമ്മന്റെ ശ്രമം.
പുതുപ്പള്ളി: ചില മണ്ഡലങ്ങളുടെ പേര് കേൾക്കുമ്പോൾ ചില നേതാക്കളെ മാത്രമായിരിക്കും ഓര്‍മ്മ വരിക. അത്തരത്തിൽ ഒരേയൊരു പേര് മാത്രം പതിറ്റാണ്ടുകളോളം ഉയര്‍ന്നുകേട്ട ഒരു മണ്ഡലം. മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് ജനങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു മണ്ഡലം. പറഞ്ഞുവരുന്നത് കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തെ കുറിച്ചാണ്. അരനൂറ്റാണ്ടുകാലം ഉമ്മൻ ചാണ്ടി എന്ന ഒരേയൊരു നേതാവിനെ മാത്രം നിയമസഭയിലേക്ക് അയച്ച ചരിത്രമുള്ള മണ്ഡലമാണിത്. 2023ൽ അദ്ദേഹത്തിന്റെ വേർപാടിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ മകൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി കോട്ട കാത്തു.
കോട്ടയം ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ പുതുപ്പള്ളിയിൽ പ്രത്യയശാസ്ത്രപരമോ ആക്രമണോത്സുകമോ ആയ രാഷ്ട്രീയത്തിന് ഇടമില്ല. പകരം, ജനങ്ങളിലേയ്ക്ക് ഇറങ്ങി, വികസനത്തുടര്‍ച്ചയ്ക്ക് പ്രാധാന്യം നൽകുന്നവര്‍ക്കൊപ്പം നിൽക്കുന്ന ഒരു തരം വികാര പ്രകടനമാണ് പുതുപ്പള്ളിയിലെ വോട്ടര്‍മാരിൽ നിന്ന് ഉണ്ടാകാറുള്ളത്. പൂര്‍ണമായും ഗ്രാമീണ സ്വഭാവമില്ലെങ്കിലും നേതാക്കൾ ജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം കാണുകയും ചെയ്യണമെന്നാണ് വോട്ടര്‍മാരുടെ ആഗ്രഹം. ഉമ്മൻ ചാണ്ടി എന്ന നേതാവ് 53 വര്‍ഷത്തോളം പുതുപ്പള്ളി മണ്ഡലത്തിൽ വെച്ചുപുലര്‍ത്തിയ പ്രവര്‍ത്തന രീതിയാണിത്.
1970 മുതൽ 2023 വരെ തുടർച്ചയായി 53 വർഷമാണ് ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ചത്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രത്തിൽ ഒരു മണ്ഡലത്തിൽ നിന്ന് ഇത്രയധികം കാലം ജയിച്ച മറ്റൊരു നേതാവില്ല. 2006ൽ സിപിഎമ്മിന്റെ സിന്ധു ജോയിക്ക് എതിരെ 20,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻ ചാണ്ടി വിജയിച്ചത്. തുടര്‍ന്ന് 2011ൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി സുജ സൂസൻ ജോര്‍ജിനെ 33,255 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി പരാജയപ്പെടുത്തി. ഇത് പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമായിരുന്നു. 2016ൽ എൽഡിഎഫിന്റെ ജെയ്ക്ക് സി തോമസാണ് കളത്തിലിറങ്ങിയത്. എന്നാൽ, 27,092 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിൽ ഉമ്മൻ ചാണ്ടി വിജയിച്ചു.
2021ൽ വീണ്ടും ജെയ്ക്ക് സി തോമസ് തന്നെയാണ് ഉമ്മൻ ചാണ്ടിയോട് നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. അന്ന് സംസ്ഥാന വ്യാപകമായി അലയടിച്ച ഇടത് തരംഗത്തിൽ ഉമ്മൻ ചാണ്ടി തെല്ലൊന്ന് വിയര്‍ത്തു. എങ്കിലും ജെയ്ക്കിനെ 9,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ ഉമ്മൻ ചാണ്ടി മണ്ഡലം നിലനിര്‍ത്തി. പിന്നീട് ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. പുതുപ്പള്ളിയിലെ ജനങ്ങൾ തങ്ങളുടെ പ്രിയ നേതാവിനോടുള്ള ആദരവും സ്നേഹവും ബഹുമാനവുമെല്ലാം അതിന്‍റെ അങ്ങേയറ്റം തുറന്ന് കാണിച്ച വൈകാരികമായ ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. ഇടത് സ്ഥാനാര്‍ത്ഥിയായ ജെയ്ക്ക് സി തോമസിനെ 37,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി ചാണ്ടി ഉമ്മൻ മണ്ഡലം കാത്തു. പുതുപ്പള്ളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്ന തന്റെ പിതാവിന്റെ റെക്കോർഡ് ചാണ്ടി ഉമ്മൻ തിരുത്തിക്കുറിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ ഓടിനടന്ന് പ്രചാരണവുമായി മുന്നോട്ടുപോകുന്ന ചാണ്ടി ഉമ്മനെയാണ് കണ്ടിരുന്നതെങ്കിൽ ഇത്തവണ സൈക്കിളിലാണ് അദ്ദേഹം ജനങ്ങളെ കാണുന്നത്. മാത്രമല്ല, ഫ്ലക്സുകളും ബാനറുകളും പോസ്റ്ററുകളുമെല്ലാം ഒഴിവാക്കിയാണ് ഇത്തവണത്തെ പ്രചാരണമെന്നതും ശ്രദ്ധേയമാണ്. ചുവരെഴുത്ത് മാത്രമാണുള്ളത്. ചെലവ് ചുരുക്കിയുള്ള പ്രചാരണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് പുതുപ്പള്ളിയിൽ വീടില്ലാത്തവര്‍ക്ക് വീട് വെച്ചു നൽകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, കെ എം രാധാകൃഷ്ണനാണ് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി. ഉമ്മൻ ചാണ്ടി വികാരത്തിന് കുറവുണ്ടായാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് ഇടത ക്യാമ്പ്. എന്നാൽ, ആ വികാരം ഒരിക്കലും കുറയില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ്. മറുഭാഗത്ത്, പുതുപ്പള്ളിയിൽ എൻഡിഎയ്ക്ക് കാര്യമായ സ്വാധീനം ചെലുത്താൻ സാധിക്കാറില്ല. 2016ൽ 15,993 വോട്ടുകൾ നേടിയ ബിജെപിക്ക് 2023ലെ ഉപതിരഞ്ഞെടുപ്പിൽ 6,558 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.

