മുസ്ലീം ലീഗിന്റെ കോട്ടയായിരുന്ന കോഴിക്കോട് സൗത്ത് കഴിഞ്ഞ തവണ ഇടതുപക്ഷം പിടിച്ചെടുത്തപ്പോൾ, കോഴിക്കോട് നോർത്ത് ഇടത് കോട്ടയായി തുടരുകയാണ്. രണ്ട് മണ്ഡലങ്ങളിലും ബിജെപിയുടെ സ്വാധീനം വര്‍ധിക്കുന്നുണ്ട്.

കോഴിക്കോട്: വടക്കൻ കേരളത്തിൽ വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങൾ നടക്കുന്ന നിരവധി മണ്ഡലങ്ങളുണ്ട്. അത്തരത്തിൽ ശ്രദ്ധേയമായ മണ്ഡലങ്ങളാണ് കോഴിക്കോട് ജില്ലയിലെ കോഴിക്കോട് സൗത്തും കോഴിക്കോട് നോർത്തും. രണ്ട് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ട്. കോഴിക്കോട് നോർത്ത് മണ്ഡലം ഇടത് കോട്ടയാണെങ്കിൽ മുസ്ലീം ലീ​ഗിന്റെ ഉരുക്കുകോട്ടയായിരുന്ന സൗത്ത് മണ്ഡലം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പിടിച്ചെടുത്തു. രണ്ട് മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യവും ചരിത്രവും വിശദമായി അറിയാം.

കോഴിക്കോട് സൗത്ത്

മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായിരുന്ന കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ കഴിഞ്ഞ തവണ ഇടതുപക്ഷം അട്ടിമറി വിജയം നേടിയത് വലിയ വാർത്തയായിരുന്നു. കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഐഎൻഎല്ലിലൂടെ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചു. യുഡിഎഫിന്റെ നൂർബിന റഷീദിനെതിരെ വിജയിച്ച അഹമ്മദ് ദേവർകോവിൽ 12,400ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. തുടർന്ന് രണ്ടാം പിണറായി മന്ത്രിസഭയിൽ അദ്ദേഹം തുറമുഖ വകുപ്പ് മന്ത്രിയാവുകയും ചെയ്തു.

2011ലും 2016ലും മണ്ഡലം എം കെ മുനീറിനൊപ്പം നിന്നു. 2011ൽ സിപിഎമ്മിന്റെ സി പി മുസാഫര്‍ അഹമ്മദിനെതിരെ 1,376 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുനീര്‍ വിജയിച്ചത്. തുടര്‍ന്ന് 2016ൽ ഐഎൻഎൽ സ്ഥാനാര്‍ത്ഥി അബ്ദുൾ വഹാബിനെ 6,327 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മുനീര്‍ മറികടന്നു. എന്നാൽ 2021ൽ അദ്ദേഹം കൊടുവള്ളി മണ്ഡലത്തിലേക്ക് മാറിയത് ലീഗിന് തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്നതിനാൽ എം കെ മുനീറിന് ഇത്തവണ സീറ്റില്ല. കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബുവാണ് ലീഗ് സ്ഥാനാർത്ഥി.

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബിജെപിയുടെ സ്വാധീനം വർധിച്ചുവരുന്നതായാണ് സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വരുന്ന മണ്ഡലമായതിനാൽ തന്നെ ബിജെപിക്ക് ഇവിടെ ശക്തമായ വോട്ടുണ്ട്. 2021ൽ നവ്യ ഹരിദാസ് 24,873 വോട്ടുകൾ നേടിയത് മണ്ഡലത്തിലാകെ വലിയ ചലനമുണ്ടാക്കിയിരുന്നു. കഴിഞ്ഞ തവണ മൂന്ന് മുന്നണികളും വനിതകളെ മത്സരത്തിനിറക്കുമോ എന്ന ചർച്ച വലിയ രീതിയിൽ നടന്ന മണ്ഡലം കൂടിയണ് കോഴിക്കോട് സൗത്ത്. നൂർബിന റഷീദും നവ്യ ഹരിദാസും മത്സരിച്ചപ്പോൾ ഇടതുപക്ഷം മാത്രമാണ് പുരുഷ സ്ഥാനാർത്ഥിയെ (അഹമ്മദ് ദേവർകോവിൽ) ഇറക്കിയത്.

കോഴിക്കോട് നോർത്ത്

കോഴിക്കോട് ജില്ലയിലെ ഇടതുകോട്ടകളിലൊന്നായാണ് കോഴിക്കോട് നോർത്ത് മണ്ഡലം അറിയപ്പെടുന്നത്. 2008ലെ മണ്ഡലം പുനർനിർണ്ണയത്തിന് ശേഷമാണ് കോഴിക്കോട് നോർത്ത് രൂപീകൃതമായത്. അതിന് ശേഷം ഈ മണ്ഡലത്തിൽ ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷമാണ് വിജയിച്ചിട്ടുള്ളത്.

എ പ്രദീപ് കുമാറിന്റെ പ്രഭാവം മണ്ഡലത്തിൽ ശക്തമായിരുന്നു. 2006ൽ യുഡിഎഫിന്റെ അഡ്വ. പി ശങ്കരനെതിരെ 7,700ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് കുമാര്‍ വിജയിച്ചത്. തുടര്‍ന്ന് 2011ൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി ഗംഗാധരനെ 8,998 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പ്രദീപ് കുമാര്‍ മറികടന്നു. 2016ൽ യുഡിഎഫിന്റെ പി എം സുരേഷ് ബാബുവിനെ 27,873 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ പ്രദീപ് കുമാര്‍ ഹാട്രിക് തികച്ചു. അദ്ദേഹത്തിന്റെ വ്യക്തിപരമായ ജനപ്രീതി മണ്ഡലത്തിൽ ഇടതിന് വലിയ മേൽക്കൈ നൽകിയിരുന്നു. 2021ൽ പ്രദീപ് കുമാറിന് പകരം തോട്ടത്തിൽ രവീന്ദ്രനെ മത്സരത്തിനിറക്കിയ എൽഡിഎഫ് മണ്ഡലം നിലനിര്‍ത്തി. യുഡിഎഫിന്റെ കെ എം അഭിജിത്തിനെതിരെ 13,000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു തോട്ടത്തിൽ രവീന്ദ്രന്‍റെ വിജയം.

മണ്ഡലത്തിൽ എൻഡിഎയുടെ മുന്നേറ്റമാണ് ഇത്തവണ എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ തലവേദനയാകുന്നത്. ബിജെപിക്ക് വലിയ സ്വാധീനമുള്ള മണ്ഡലമാണിത്. 2021ൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് 30,952 വോട്ടുകൾ പിടിച്ച മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ഇത്തവണ യുഡിഎഫിനായി അഡ്വ. കെ ജയന്ത് സ്ഥാനാർത്ഥിയാകുമ്പോൾ വീണ്ടും തോട്ടത്തിൽ രവീന്ദ്രൻ തന്നെ എൽഡിഎഫിനായി ഇറങ്ങും. നവ്യാ ഹരിദാസാണ് എൻഡിഎ സ്ഥാനാർത്ഥി.