പ്രതിപക്ഷ നേതാവിന്‍റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്‍റെ സംവാദ വെല്ലുവിളി വളരെ നല്ല കാര്യമാണെന്നും ഏറ്റവും വലിയ സംവാദത്തിന്‍റെ സ്ഥലം നിയമസഭയാണെന്നും എന്നാൽ, അവിടെനിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.
കൊല്ലം: പ്രതിപക്ഷ നേതാവിന്‍റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്‍റെ സംവാദ വെല്ലുവിളി വളരെ നല്ല കാര്യമാണെന്നും ഏറ്റവും വലിയ സംവാദത്തിന്‍റെ സ്ഥലം നിയമസഭയാണെന്നും എന്നാൽ, അവിടെനിന്ന് പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. നിയമസഭയിൽ ചോദിച്ചാൽ മറുപടി കിട്ടുമെന്ന് അറിയാം. എന്നാൽ, എന്താണ് സഭയിൽ പ്രതിപക്ഷം കാട്ടിക്കൂട്ടിയത്? കേരളത്തിന്‍റെ വികസനത്തിന് പ്രതിപക്ഷം എന്ത് പങ്കാണ് വഹിച്ചത്. കേന്ദ്രം കേരളത്തെ അവഗണിച്ചപ്പോള്‍ ശബ്ദം ഉയര്‍ത്തിയോ? ഇക്കാര്യങ്ങള്‍ക്ക് എല്ലാം മറുപടി ഉണ്ടെങ്കിൽ സംവാദത്തിന് തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ബിജെപിയെ നോവിക്കരുതെന്ന സമീപനമാണ് യുഡിഎഫിന്‍റേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം കടക്കെണിയിൽ അല്ലെന്നും അതൊരു രാഷ്ട്രീയ പ്രചാരണം മാത്രമാണെന്നും ഉറച്ച സാമ്പത്തിക ഭദ്രത കേരളത്തിനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നാടിന്‍റെ വികസനവും ക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാൻ എൽഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. എൽഡിഎഫിന്‍റെ കൃത്യമായ ദിശാബോധമാണ് അതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് പുനരധിവാസത്തില്‍ കോണ്‍ഗ്രസിന് വിമര്‍ശനം
കോണ്‍ഗ്രസിന്‍റെ വയനാട് പുനരധിവാസ പദ്ധതി വൈകുന്നതിനെയും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ വിമര്‍ശിച്ചു. ചിലര്‍ വാഗ്ദാനം മാത്രം നൽകുമെന്നും വീട് നിര്‍മിക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും പണം വാഗ്ദാനം ചെയ്തവര്‍ തരുമോയെന്ന സംശയം ആദ്യമേ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിക്കും. എന്നാൽ, മറ്റുള്ളവര്‍ പറയും, നടപ്പാക്കില്ല.
വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങിയ മുഖ്യമന്ത്രി വീണ്ടുമെത്തി
കൊല്ലത്തെ വാര്‍ത്താസമ്മേളനത്തിലും നാടീകയ സംഭവങ്ങള്‍ ഉണ്ടായി. വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് മടങ്ങിയ മുഖ്യമന്ത്രി വീണ്ടും തിരിച്ചെത്തി മൈക്കിന് മുന്നിലിരുന്നു. മൂന്ന് ചോദ്യങ്ങള്‍ക്കുശേഷം മുഖ്യമന്ത്രി എഴുന്നേറ്റ് പോകാൻ ഒരുങ്ങിയതോടെ മറ്റു മാധ്യമപ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്യുകയായിരുന്നു. ദേശാഭിമാനിയുടെയും കൈരളിയുടെയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി നൽകിയശേഷമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം കഴിഞ്ഞ് പോയത്. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരിച്ച് വന്നിരുന്ന് മറുപടി നൽകുകയായിരുന്നു. ചോദ്യം മനസിലുണ്ടായൽ പോരെന്നും സമയം കഴിഞ്ഞെന്നും അതുകൊണ്ടാണ് അവസാനിപ്പിക്കുന്നതെന്നും പറഞ്ഞശേഷം വീണ്ടും തിരിച്ചുപോവുകയായിരുന്നു. എസ്‍ഡിപിഐ-സിപിഐ ഡീൽ ആരോപണമടക്കമുള്ള ചോദ്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കാൻ ശ്രമിച്ചത്.



