പൊന്നാനി, പെരിന്തല്‍മണ്ണ, തവനൂര്‍, താനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലാണ് ഇത്തവണത്തെ കടുത്ത പോരാട്ടം.

മുസ്‌ലിം ലീഗിന്റെ തട്ടകം. സ്വതന്ത്രരെ ഉപയോഗിച്ച് എല്‍ഡിഎഫ് നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ട ജില്ല. മലപ്പുറം ജില്ലയില്‍ ഇത്തവണയും യുഡിഎഫ് ആത്മവിശ്വാസത്തിലാണ്. പുതിയ പരീക്ഷണങ്ങളിലൂടെ നില മെച്ചപ്പെടുത്താനുറച്ചാണ് എല്‍ഡിഎഫ് കളത്തിലിറങ്ങിയത്.

മുന്നണികളുടെ പ്രതീക്ഷകള്‍

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫ് നടത്തിയത് വന്‍മുന്നേറ്റമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലും ഇതാവര്‍ത്തിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. മലപ്പുറം തൂത്തുവാരുമെന്നാണ് യുഡിഎഫ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പ്രകടനമാണ് എല്‍ഡിഎഫ് എടുത്തുപറയുന്നത്. നില മെച്ചപ്പെടുത്താനാവുമെന്ന സൂചനകളാണ് ലഭിക്കുന്നതെന്ന് അവര്‍ പറയുന്നു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 16ല്‍ നാല് സീറ്റുകള്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. താനൂര്‍, തവനൂര്‍, പൊന്നാനി, നിലമ്പൂര്‍ മണ്ഡലങ്ങളില്‍ നിലമ്പൂര്‍ പിന്നീട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുപിടിച്ചു.

തീപാറുന്ന പോര്‍മുഖങ്ങള്‍

പൊന്നാനി, പെരിന്തല്‍മണ്ണ, തവനൂര്‍, താനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലാണ് ഇത്തവണത്തെ കടുത്ത പോരാട്ടം.

പൊന്നാനി: ഇടത് സ്വാധീനം ശക്തമായ പൊന്നാനി മണ്ഡലത്തിലും പോരാട്ടം കടുക്കുകയാണ്. മുന്‍ പിഎസ്‌സി ചെയര്‍മാന്‍ എം കെ സക്കീറിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ ഇടതു മുന്നണി ശ്രമിക്കുമ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദലിയിലൂടെ മണ്ഡലം പിടിക്കാനുള്ള പരിശ്രമത്തിലാണ് യുഡിഎഫ്. സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചുണ്ടായ മുറുമുറുപ്പ് പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

പെരിന്തല്‍മണ്ണ: 38 വോട്ടിന് കഴിഞ്ഞ തവണ നഷ്ടമായ പെരിന്തല്‍മണ്ണ പിടിക്കാന്‍ കഠിന പോരാട്ടത്തിലാണ് എല്‍ഡിഎഫ്. സിറ്റിംഗ് എംഎല്‍എ നജീബ് കാന്തപുരം തന്നെയാണ് യുഡിഎഫ് സ്ഥാനാര്ത്ഥി. വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞാണ് യുഡിഎഫ് പ്രചാരണം. ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ പുലമാന്തോള്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി പി മുഹമ്മദ് ഹനീഫയെ സിപിഎം ഇറക്കിയത് മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ഒറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

തവനൂര്‍: സിറ്റിംഗ് എംഎല്‍എ കെ ടി ജലീല്‍ എല്‍ഡിഎഫിനായി വീണ്ടും ഇറങ്ങുമ്പോള്‍ ഡിസിസി അധ്യക്ഷനും യുവനേതാവുമായ വി എസ് ജോയിയെ നിര്‍ത്തി മണ്ഡലം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ലീഗിന്റെ ശക്തമായ പിന്‍ബലത്തില്‍ മികച്ച പ്രചാരണമാണ് ജോയ് നടത്തുന്നത്. മുന്നണിക്കുള്ളില്‍ പ്രശ്‌നമൊന്നുമില്ലാതെ പ്രചാരണം മുന്നേറുമ്പോള്‍ ആത്മവിശ്വാസത്തിലാണ് ജോയ്. കെടി ജലീലിന് വ്യക്തിബന്ധങ്ങളേറെയുള്ള തവനൂര്‍ ഇത്തവണയും ഇടത്തേക്ക് ചായുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുമുന്നണി.

തിരൂര്‍: താനൂരില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷം മന്ത്രി വി അബ്ദുറഹ്മാന്‍ തിരൂരിലേക്ക് മാറിയതോടെ തിരൂരില്‍ പോരാട്ടം കടുത്തു. സിറ്റിംഗ് എംഎല്‍എ കുറുക്കോളി മൊയ്തീന്റെ ജനകീയതയാണ് യുഡിഎഫിന്റെ കരുത്ത്. ജന്‍മനാടായ തിരൂരില്‍ വ്യക്തിബന്ധങ്ങളേറെയുള്ളയാളാണ് അബ്ദുറഹ്മാന്‍.

താനൂര്‍: മന്ത്രി ഉപേക്ഷിച്ചു പോയ മണ്ഡലമെന്ന് വിശേഷിപ്പിച്ചാണ് താനൂരില്‍ യുഡിഎഫ് പ്രചാരണം കടുപ്പിക്കുന്നത്. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് കൂടിയായ പി കെ നവാസ് മുക്കിലും മൂലയിലും പാഞ്ഞെത്തുന്നുണ്ട്. വ്യവസായി ടി മുഹമ്മദ് സമീറിനെ കളത്തിലിറക്കി മണ്ഡലം നഷ്ടമാവാതെ നോക്കാനാണ് ഇടതുശ്രമം.

കത്തിപ്പടരുന്ന വീറും വാശിയും

മങ്കട: പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് ലീഗ് വിമതനെ പിന്തുണച്ചിറങ്ങിയ എല്‍ഡിഎഫ് നാടകീയത; സിറ്റിംഗ് എംഎല്‍എയുടെ വ്യക്തിബന്ധങ്ങളും വികസന പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടുന്ന യുഡിഎഫ്-മങ്കടയിലെ പോരാട്ടത്തിന് പ്രത്യേകതകളുണ്ട്. സിറ്റിംഗ് എംഎല്‍എ മഞ്ഞളാംകുഴി അലിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. മഞ്ഞളാംകുഴി അലിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട മുന്‍ ലീഗ് നേതാവ് കുന്നത്ത് മുഹമ്മദാണ് എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രന്‍. കുന്നത്ത് മുഹമ്മദ് ലീഗില്‍ നിന്നും വോട്ട് വാരുമെന്നാണ് ഇടതു പ്രതീക്ഷ. മഞ്ഞളാം കുഴി അലിയുടെ ബന്ധങ്ങളും ട്രാക്ക് റെക്കോര്‍ഡും വോട്ടാവുമെന്നാണ് യുഡിഎഫ് വിശ്വാസം. ലീഗ് വോട്ട് ചോരാതിരിക്കാന്‍ യുഡിഎഫ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു. നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ച് എസ്ഡിപിഐ ഇടത് സ്വതന്ത്രന് പിന്തുണ നല്‍കിയിട്ടുണ്ട്. ഇത് യുഡിഎഫിന് വെല്ലുവിളിയാകുമെന്നാണ് എല്‍ഡിഎഫ് കരുതുന്നത്.

വേങ്ങര: പി കെ കുഞ്ഞാലിക്കുട്ടിക്ക് മികച്ച ഭൂരിപക്ഷം നല്‍കിയ വേങ്ങരയില്‍ കെ എം ഷാജിയുടെ സ്ഥാനാര്‍ത്ഥിത്വമാണ് ഇക്കുറി ശ്രദ്ധേയമാകുന്നത്. എസ്ഡിപിഐ പിന്തുണയോടെ കഴിഞ്ഞ തവണ സ്വതന്ത്രനായി മത്സരിച്ച് പതിനൊന്നായിരത്തിലധികം വോട്ട് നേടിയ സബാഹ് കുണ്ടുപുഴക്കലാണ് ഇടത് സ്ഥാനാര്‍ത്ഥി. എസ്ഡിപിഐ- സിപി എം ഡീലിന്റെ ഭാഗമാണ് ഇതെന്ന പ്രചാരണമാണ് യുഡിഎഫ് ഉയര്‍ത്തുന്നത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി പ്രചാരണം നടത്തുന്ന എല്‍ഡിഎഫ് ഈ ആരോപണം നിഷേധിക്കുന്നു. ഭൂരിപക്ഷം കുറഞ്ഞാലും വേങ്ങരയില്‍ അദ്ഭുതം സംഭവിക്കില്ലെന്ന ഉറപ്പിലാണ് യുഡിഎഫ്.

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിലൂടെ പിടിച്ചെടുത്ത നിലമ്പൂരില്‍ ഇക്കുറിയും ജയിച്ച് കയറുമെന്ന പ്രതീക്ഷ ആര്യാടന്‍ ഷൗക്കത്തിനും യുഡിഫിനുമുണ്ട്. കാര്യമായ പടലപ്പിണക്കങ്ങളില്ലെന്നതാണ് യുഡിഎഫിന്റെ പ്രതീക്ഷ. യു ഷറഫലിയെന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റനാണ് ഇടതു സ്ഥാനാര്‍ത്ഥി. യുഡിഎഫ് വോട്ടുകളാണ് ഇതിലൂടെ എല്‍ഡിഎഫ് ലക്ഷ്യമിട്ടത്. ഉപതെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ പിടിച്ച ഇടത് വോട്ടുകള്‍ ഇക്കുറി തിരിച്ചെത്തുമെന്ന് ഇടതു മുന്നണിയുടെ കണക്കു കൂട്ടല്‍.

കോട്ടകൊത്തളങ്ങള്‍ പറയുന്നത്

മലപ്പുറം: ലീഗ് കോട്ടയില്‍ ഉജ്ജ്വല വിജയമാണ് പി കെ കുഞ്ഞാലിക്കുട്ടി ലക്ഷ്യമിടുന്നത്. എന്‍സിപി നേതാവ് കെ ടി മുജീബാണ് ഇടതു സ്ഥാനാര്‍ത്ഥി.

വള്ളിക്കുന്ന്, കൊണ്ടോട്ടി, ഏറനാട്, തിരൂരങ്ങാടി, കോട്ടക്കല്‍, മഞ്ചേരി മണ്ഡലങ്ങളില്‍ ഇക്കുറിയും ജയിച്ചു കയറുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. അദ്ഭുതങ്ങള്‍ സംഭവിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ശക്തമായ പ്രചാരണം കാഴ്ചവെച്ച് അവസാന ലാപ്പില്‍ ജയത്തിലേക്കെത്തുമെന്നാണ് ഇടതു മുന്നണിയുടെ പ്രതീക്ഷ. പ്രകടനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍ഡിഎ പൊരുതുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക