പത്തനംതിട്ട മണ്ഡലത്തിന്റെ മനസ്സ് ആര്‍ക്കൊപ്പം?.

അഞ്ച് മണ്ഡലങ്ങളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. യുഡിഎഫ് കുത്തകയായിരുന്ന ഈ മണ്ഡലങ്ങള്‍ പിന്നീട് എല്‍ഡിഎഫ് തട്ടകമായി മാറി. ഇവിടെ ഇക്കുറിയും വലിയ മേല്‍ക്കോയ്മ എല്‍ഡിഎഫിന് തന്നെയാണ്. ഒരു സീറ്റ് ഒഴികെ നാല് സീറ്റുകളിലും സിറ്റിംഗ് എംഎല്‍എമാര്‍ മത്സരിക്കുന്നു. അടൂര്‍ മാത്രമാണ് എല്‍ഡിഎഫിന് പുതിയ സ്ഥാനാര്‍ഥി വന്നത്. പ്രചാരണം തുടങ്ങിയതു മുതല്‍ ഇപ്പോള്‍ വരെ ഈ നാല് മണ്ഡലങ്ങളിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ എന്നാണ് സൂചനകള്‍.

തിരുവല്ല

സ്ഥാനാര്‍ത്ഥികള്‍: സിറ്റിങ് എംഎല്‍എ മാത്യു ടി തോമസ് തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇവിടെ ജനവിധി തേടുന്നത്. കേരള കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തിലെ അഡ്വ. വര്‍ഗീസ് മാമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകന്‍ അനൂപ് ആന്റണിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

അന്തിമ സൂചനകള്‍: മണ്ഡലവുമായുള്ള ആഴത്തിലുള്ള ബന്ധമാണ് മാത്യു ടി തോമസിന്റെ ബലം. വ്യക്തിബന്ധങ്ങളും സംഘടനാ അടിത്തറയും വികസനനേട്ടങ്ങളുമാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്. യുഡിഎഫിനും ഇവിടെ ശക്തമായ അടിത്തറയുണ്ട്. എങ്കിലും, ബിജെപിയാണ് ഇവിടെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്ന കക്ഷിയെന്നാണ് സൂചന. അനൂപ് ആന്റണിയുടെ പെര്‍ഫോമന്‍സ് അനുസരിച്ചിരിക്കും ബിജെപി പിടിക്കുന്ന വോട്ടുകള്‍.

ആറന്മുള

സ്ഥാനാര്‍ത്ഥികള്‍: ആരോഗ്യമന്ത്രി കൂടിയായ സിറ്റിംഗ് എംഎല്‍എ വീണ ജോര്‍ജാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ യുവരക്തം അബിന്‍ വര്‍ക്കിയെയാണ് യുഡിഎഫ് കളത്തിലിറക്കിയത്. മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

അന്തിമ സൂചനകള്‍: ഒപ്പത്തിനൊപ്പമുള്ള ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ. ജനവികാരം വീണക്കെതിരാണ് എന്നാണ് സൂചനകള്‍. ചെറിയ ഭൂരിപക്ഷത്തില്‍ അബിന്‍ വര്‍ക്കി ജയിക്കും എന്നും പറയപ്പെടുന്നു. എന്നാല്‍ വീണയുടെ പ്രതീക്ഷ പോയിട്ടില്ല. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളായ കുമ്മനം വന്നതോടെ എന്‍ഡിഎയുടെ പ്രതീക്ഷയും ഉയര്‍ന്നിട്ടുണ്ട്.

റാന്നി

സ്ഥാനാര്‍ത്ഥികള്‍: സിറ്റിംഗ് എല്‍ എം എ കേരള കോണ്‍ഗ്രസ് എമ്മിലെ പ്രമോദ് നാരായണനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയത് കോണ്‍ഗ്രസ് നേതാവ് പഴകുളം മധു. എന്‍ഡിഎ ടിക്കറ്റില്‍ ട്വന്റി 20-യാണ് മത്സരിക്കുന്നത്. വ്യവസായിയായ തോമസ് കെ. ശാമുവേലാണ് സ്ഥാനാര്‍ഥി.

അന്തിമ സൂചനകള്‍: ഇഞ്ചോടിഞ്ച് മത്സരമാണ് ഇവിടെ. തുടക്കത്തില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്നുവെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയായി പഴകുളം മധു എത്തിയതോടെ കാര്യങ്ങള്‍ മാറി. ബിഡിജിഎസ് പോലുമല്ല മത്സരിക്കുന്നത് എന്നതിനാല്‍ ബിജെപി വോട്ടുകള്‍ എങ്ങോട്ട് പോകും എന്നതായിരിക്കും വിജയിയെ തീരുമാനിക്കുക. എല്‍ഡിഎഫിലേക്കായിരിക്കും ബിജെപി വോട്ടുകള്‍ പോകുക എന്നതാണ് മണ്ഡലത്തിലെ സംസാരം.

അടൂര്‍

സ്ഥാനാര്‍ത്ഥികള്‍: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ സിറ്റിങ് സീറ്റില്‍ യുവ വനിത സ്ഥാനാര്‍ഥി പ്രിജി കണ്ണനെയാണ് എല്‍ഡിഎഫിനുവേണ്ടി സിപിഐ ഇത്തവണ രംഗത്തിറക്കിയത്. മണ്ഡലം തിരിച്ചുപിടിക്കാന്‍ അഡ്വ. ശാന്തകുമാറിനെയാണ് യുഡിഎഫ് നിയോഗിച്ചത്. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് എതാനും വര്‍ഷം മുമ്പ് ബിജെപിയിലെത്തിയ അഡ്വ. പന്തളം പ്രതാപനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.

അന്തിമ സൂചനകള്‍: യുഡിഎഫിനാണ് ഇപ്പോള്‍ മേല്‍ക്കൈ എന്നാണ് സൂചനകള്‍. എന്നാല്‍ എല്‍ഡിഎഫും ശക്തമായി രംഗത്തുണ്ട്. ബിജെപി കാര്യമായി വോട്ട് പിടിക്കുന്ന മണ്ഡലവും കൂടിയാണ് അടൂര്‍.

കോന്നി

സ്ഥാനാര്‍ത്ഥികള്‍: സിറ്റിങ് എംഎല്‍എ എല്‍ഡിഎഫിലെ ജനീഷ് കുമാര്‍ മൂന്നാം വട്ടമാണ് മത്സരരംഗത്ത് ഇറങ്ങുന്നത്. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എസ്എന്‍ഡിപി നേതാവ് ടിപി സുന്ദരേശന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി.

അന്തിമ സൂചനകള്‍: സ്ഥാനാര്‍ത്ഥിയുടെ പരിചയസമ്പത്തും മണ്ഡലത്തിലെ ബന്ധങ്ങളും എല്‍ഡിഎഫിന് അനുകൂലമാകുന്നു എന്നാണ് സൂചന. എന്നാല്‍ യുഡിഎഫ് ശക്തമായി രംഗത്തുണ്ട്. ഡിസിസി പ്രസിഡന്റ് കളത്തിലിറങ്ങിയതിനാല്‍ കോണ്‍ഗ്രസ് അഭിമാനപോരാട്ടമാണ് നടത്തുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക