തൃശൂര്‍ മണ്ഡലത്തിന്റെ മനസ്സ് ആര്‍ക്കൊപ്പം?.

റിപ്പോര്‍ട്ട്- സുധീപ്

കോണ്‍ഗ്രസിന്റെ കുത്തക ജില്ലയായിരുന്നു ഒരു കാലത്ത് തൃശൂര്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് കാലമായി തൃശൂര്‍ ഇടത്തോട്ട് വല്ലാതെ ചായുന്നുണ്ട്. 2011ല്‍ യു.ഡി.എഫ്. അധികാരത്തില്‍ വന്നപ്പോള്‍ പോലും ഏഴ് സീറ്റുമായി എല്‍.ഡി.എഫ്. ലീഡ് ചെയ്‍ത ജില്ലയാണ് തൃശൂര്‍. തൃശൂരില്‍ ലീഡ് ചെയ്‍താല്‍ സംസ്ഥാന ഭരണം കിട്ടുമെന്ന വിശ്വസം പാര്‍ട്ടികള്‍ക്കുള്ളിലുണ്ട്. കഴിഞ്ഞ തവണ പതിമൂന്നില്‍ ഒന്നൊഴികെ പന്ത്രണ്ടും തൂത്തുവാരിയ എല്‍.ഡി.എഫ്. നേടിയത് ഭരണത്തുടര്‍ച്ച. ഇതേ തുടര്‍ച്ചതന്നെയാണ് എല്‍.ഡി.എഫ്. ആഗ്രഹിക്കുന്നത്.

ഇടതു കൊടുങ്കാറ്റ് ആഞ്ഞുവീശിയ 2021

2021ല്‍ ഇടത് മുന്നണിയുടെ കൊടുങ്കാറ്റ് വീശിയ ജില്ലയായിരുന്നു തൃശൂര്‍. 1057 വോട്ടിന് ചാലക്കുടി പിടിച്ചുനിന്നില്ലായിരുന്നെങ്കില്‍ ജില്ലയില്‍ യു.ഡി.എഫിന്റെ പൊടിപോലും ഉണ്ടാവില്ലായിരുന്നു. യു.ഡി.എഫില്‍നിന്ന് ഇടതുമുന്നണിയിലേക്ക് എത്തിയ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് വിട്ടുനല്‍കിയ മണ്ഡലമായിരുന്നു ചാലക്കുടി. 13ല്‍ 12 സീറ്റിലും ജയിച്ചു എന്നതിനപ്പുറം, 10 മണ്ഡലങ്ങളില്‍ 15000ന് മുകളില്‍ ഭൂരിപക്ഷമാണ് എല്‍.ഡി.എഫ്. നേടിയത്.

ഇവിടെ പൊടിപാറും പോരാട്ടം

ഇത്തവണ തൃശൂര്‍ മണലുര്‍ ചാലക്കുടി ഇരിങ്ങാലക്കുട എന്നീ മണ്ഡലങ്ങില്‍ കടുത്ത മത്സരമായിരിക്കും. സിപിഐ, നാട്ടികയിലും കൈപ്പമംഗലത്തും ചില അബദ്ധങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും, ഭൂരിപക്ഷം കുറഞ്ഞാലും സിപിഎമ്മിന്റെ ബലത്തില്‍ ജയിച്ചുവരാനാണ് സാധ്യത. മണലൂര്‍ ആണ് യു.ഡി.എഫിന് മറ്റൊരു സാധ്യത. മറ്റൊരു സാധ്യത കൊടുങ്ങല്ലൂരാണ്. മണലൂരില്‍ ബി.ജെ.പി. വോട്ട് വര്‍ധിപ്പിക്കുകയും ന്യൂനപക്ഷ വോട്ടുകള്‍ പ്രതാപന് അനുകൂലമായി ഏകീകരിക്കപ്പെടുകയും ചെയ്താല്‍ അദ്ദേഹം ജയിച്ചേക്കാം. എങ്കിലും രവീന്ദ്രന്‍ മാസ്റ്ററാണ് എതിര്‍ സ്ഥാനാര്‍ത്ഥി എന്നത് വെല്ലുവിളിയാണ്.

ഏഴ് മണ്ഡലങ്ങള്‍ ഇടതിനൊപ്പമോ?

കൊടുങ്ങല്ലൂരില്‍ ബി.ജെ.പി. വോട്ടുകള്‍ ട്വന്റി20 പിടിച്ചാല്‍ എല്‍.ഡി.എഫ്. ജയിക്കും. അതല്ല, ബി.ജെ.പി. വോട്ട് കോണ്‍ഗ്രസിലേക്ക് മറിഞ്ഞാല്‍ യു.ഡി.എഫിന് വിജയസാധ്യതയുണ്ട്. ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പ്രസംഗം കൊണ്ട് ബി.ജെ.പി. വോട്ട് വര്‍ധിച്ചാല്‍ അത് ലീഗിന് ഗുണകരമായേക്കാം. തൃശൂരില്‍ എല്‍.ഡി.എഫും ചേലക്കരയില്‍ യു.ഡി.എഫും മൂന്നാമത് പോയാല്‍ അത്ഭുതമില്ല. ഏഴ് മണ്ഡലങ്ങള്‍ ഏത് അവസ്ഥയിലും ഇടതിനൊപ്പം നില്‍ക്കും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം നീണ്ട 10 വര്‍ഷത്തിനുശേഷം വന്‍ ഭൂരിപക്ഷത്തില്‍ പിടിച്ചെടുത്തതിന്റെ ആവേശത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്. തൃശൂരില്‍ നഷ്ടപ്പെട്ട ആധിപത്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ് യു.ഡി.എഫ്. ക്യാമ്പ്. കഴിഞ്ഞ തവണത്തെ ഒരു സീറ്റ് നിലനിര്‍ത്തുന്നതിനൊപ്പം കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുക്കാനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസും യു.ഡി.എഫും. സ്ഥാനാര്‍ഥി നിര്‍ണയും തൊട്ട് വലിയ 'പരുക്കി'-ല്ലാതെ കാര്യങ്ങള്‍ സുഗമമായി പോകുന്നുണ്ട് കോണ്‍ഗ്രസില്‍. നേതാക്കള്‍ തമ്മില്‍ പുറമേക്ക് ഐക്യമുണ്ട് എന്നതും കോണ്‍ഗ്രസ് ക്യാമ്പുകളില്‍ പുതുജീവന്‍ നല്‍കുന്നു.

താമര വിരിഞ്ഞ തൃശൂര്‍

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിരിഞ്ഞ ഒരു താമരയിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അന്ന് സുരേഷ്‌ ഗോപി ലീഡ് നേടിയ മണ്ഡലങ്ങളില്‍ എല്ലാം തന്നെ ബി.ജെ.പി. പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. തൃശൂരില്‍ ബി.ജെ.പി. ഒരുപാട് വളര്‍ന്നിട്ടുണ്ട്. ലോകസഭയില്‍ കേരളത്തില്‍നിന്ന് ബി.ജെ.പിക്ക് ഒരു എം.പിയെ സമ്മാനിച്ചത് തൃശൂര്‍ ജില്ലയാണ്. അന്നത്തെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ 4 നിയമസഭാ മണ്ഡലങ്ങളില്‍ (നാട്ടിക, ഒല്ലൂര്‍, പുതുക്കാട്, മണലൂര്‍) കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തായിരുന്നു.

ഇതുമാത്രമല്ല, 2024 ലോക്‌സഭയില്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ 3 ഇടത്തു മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് ചെയ്യാനായത്. സംസ്ഥാനത്താകെ 111 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്തപ്പോഴും തൃശൂരില്‍ അത് വെറും 3 ഇടത്തായി ചുരുങ്ങി. ഇടതുമുന്നണി എസ്.ഡി.പി.ഐയേയും യു.ഡി.എഫ്. ജമാഅത്തെ ഇസ്‌ലാമിയേയും കൂടെ കൂട്ടുന്നത് വോട്ടര്‍മാരിലുണ്ടാക്കുന്ന ആശയക്കുഴപ്പവും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ബി.ജെ.പി. കണക്ക് കൂട്ടുന്നു.

തൃശൂരില്‍ പൊരിഞ്ഞ പോരാട്ടം

തൃശൂരില്‍ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലം തൃശൂര്‍ നിയോജക മണ്ഡലം തന്നെയാണ്. കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പി. ക്യാമ്പിലെത്തിയ പത്മജ വേണുഗോപാലാണ് ഇവിടെ എന്‍.ഡി.എ. സ്ഥാനാര്‍ഥി. മുന്‍ മേയര്‍ കൂടിയായ രാജന്‍ പല്ലന്‍ കോണ്‍ഗ്രസിന് വേണ്ടി മണ്ഡലം തിരിച്ചുപിടിക്കാനായി ഗോദയിലുണ്ട്. സിറ്റിങ് എം.എല്‍.എ പി. ബാലചന്ദ്രനെ മാറ്റി എഴുത്തുകാരനായ ആലങ്കോട് ലീലാകൃഷ്ണനെയാണ് സി.പി.ഐ. രംഗത്ത് ഇറക്കിയിട്ടുള്ളത്. ആലങ്കോട് ലീലാകൃഷ്‍ണന്‍ മണ്ഡലത്തില്‍ സുപരിചിതനല്ല എന്നത് എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. സ്ഥാനാര്‍ഥിയെ വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്താനുള്ള സമയം പോലും കിട്ടിയിട്ടില്ല. മറുഭാഗത്ത് രണ്ട് സ്ഥാനാര്‍ഥികളും സുപരിചിതര്‍ മാത്രമല്ല മണ്ഡലത്തില്‍ നിറഞ്ഞ് നില്‍ക്കുന്നവരുമാണ്.

എൻഡിഎയുടെ പ്രതീക്ഷ ഇങ്ങനെ

പരമ്പരാഗത വോട്ടുകള്‍ക്കൊപ്പം വനിതകളുടേയും യുവജനങ്ങളുടേയും പിന്തുണയിലാണ് എന്‍.ഡി.എയുടെ പ്രതീക്ഷ. മത്സരം യു.ഡി.എഫ് എന്‍.ഡി.എ മുന്നണികള്‍ തമ്മിലാണെന്ന പ്രതീതി മണ്ഡലത്തില്‍ പ്രകടമാണ്. പത്മജയെ ഒപ്പം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി നഗരത്തില്‍ നടത്തിയ റോഡ് ഷോ പ്രവര്‍ത്തകരില്‍ നിറച്ച ആവേശം ചെറുതല്ല. 'മോദി മാജിക്' വോട്ടായി മാറുമെന്നാണ് ബി.ജെ.പി.യുടെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കാനായതാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം കൂട്ടുന്നത്. ഇതോടൊപ്പം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും പ്രതീക്ഷിക്കുന്നു.

ചേലക്കരയിലും ത്രികോണ മത്സരമോ?

ചേലക്കരയില്‍ മണ്ഡലം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും, മൂന്ന് പതിറ്റാണ്ട് മുമ്പ് കൈവിട്ട് പോയത് തിരിച്ച് പിടിക്കാന്‍ യു.ഡി.എഫും, നിലവിലെ ഗ്രാഫ് ഉയര്‍ത്താന്‍ എന്‍.ഡി.എയും കിണഞ്ഞു പരിശ്രമിക്കുകയാണ്. കേരള രാഷ്ട്രീയത്തിലെ വിധിനിര്‍ണായകമായ പല മാറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച സംവരണ മണ്ഡലമാണ് ചേലക്കര. ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥിയായി യു.ആര്‍. പ്രദീപും എന്‍.ഡി.എ. സ്ഥാനാര്‍ഥിയായി കെ. ബാലകൃഷ്ണനും യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ശിവന്‍ വീട്ടിക്കുന്നും തമ്മിലുള്ള ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്.

1965ലാണ് ചേലക്കര മണ്ഡലം രൂപീകൃതമാകുന്നത്. തുടക്കകാലത്ത് കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യമുള്ള മണ്ണായിരുന്നു ചേലക്കര. 1970ല്‍ കെ.കെ. ബാലകൃഷ്‍ണന്‍ വിജയിച്ചതോടെ ചേലക്കര ഒരു കോണ്‍ഗ്രസ് കോട്ടയായി മാറി. 77ലും 80ലും അദ്ദേഹം വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 1982ല്‍ സി.കെ. ചക്രപാണിയിലൂടെ സി.പി.എം. ഈ കോട്ട പിടിച്ചെടുത്തു. അധികകാലം അത് നിലനിര്‍ത്താന്‍ ഇടതുപക്ഷത്തിനായില്ല. 80കളുടെ അവസാനത്തില്‍ എം.എ. കുട്ടപ്പനിലൂടെ യു.ഡി.എഫ്. മണ്ഡലം തിരിച്ചുപിടിച്ചു.

1987ലും 1991ലും എം.എ. കുട്ടപ്പന്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസിന്റെ അനിഷേധ്യ കേന്ദ്രമായി ചേലക്കര മാറിയ കാലമായിരുന്നു അത്. ഇക്കാലയളവില്‍ എം.പി. താമിയെപ്പോലുള്ള പ്രമുഖരും ഇടതുപക്ഷത്തിനു വേണ്ടി മണ്ഡലത്തില്‍ പോരാട്ടത്തിനിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. പതിറ്റാണ്ടിനൊടുവില്‍ ചേലക്കരയില്‍ പുതുമുഖമായി കെ. രാധാകൃഷ്‌നെ രംഗത്തിറക്കിയത്. ലാളിത്യവും, സൗമ്യതയും കൈമുതലുള്ള കെ. രാധാകൃഷ്‍ണന്റെ വരവോടെ 96 മുതല്‍ ചേലക്കരയുടെ രാഷ്ട്രീയ ഭൂപടം പാടേ മാറിമറിയുന്നതാണ് പിന്നീട് കണ്ടത്. 1996, 2001, 2006 വര്‍ഷങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചു. പി.സി. മണികണ്ഠന്‍, എം.എ. കുട്ടപ്പന്‍ തുടങ്ങിയ കരുത്തരായ എതിരാളികളെ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു രാധാകൃഷ്‍ണന്‍ തന്റെ ആധിപത്യം ഉറപ്പിച്ചത്. സ്‍പീക്കറായും മന്ത്രിയായും അദ്ദേഹം തിളങ്ങിയപ്പോള്‍ ചേലക്കര കേരളത്തിന്റെ വികസന ഭൂപടത്തില്‍ മുന്‍നിരയിലെത്തി.

2011ല്‍ കെ. രാധാകൃഷ്ണന്‍ മത്സരരംഗത്തുനിന്ന് മാറിയപ്പോള്‍, സി.പി.എം. ആ ചുമതല ഏല്‍പ്പിച്ചത് യു.ആര്‍. പ്രദീപിനെയായിരുന്നു. കോണ്‍ഗ്രസിന്റെ കെ.എ. തുളസിയെ പരാജയപ്പെടുത്തി അന്ന് വിജയിച്ച് നിയമസഭയിലെത്തിയ പ്രദീപ് മണ്ഡലത്തില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. 2021ല്‍ രാധാകൃഷ്‍ണന്‍ വീണ്ടും കളത്തിലിറങ്ങിയപ്പോള്‍ എതിരാളിയായി എത്തിയത് സി.സി. ശ്രീകുമാറായിരുന്നു. പിന്നീട് 2024 ല്‍ ഉപതിരഞെടുപ്പില്‍ രമ്യ ഹരിദാസിനെ പരാജയപ്പെടുത്തി പ്രദീപ് ഈ വിജയം ആവര്‍ത്തിച്ചു. കെ. ബാലകൃഷ്ണന്‍ തന്നെയായിരുന്നു അന്ന് ബി.ജെ.പി. സ്ഥാനാര്‍ഥി. ഇത്തവണ മണ്ഡലം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും പിടിച്ചെടുക്കുവാന്‍ യു.ഡി.എഫും എന്‍.ഡി.എ. ബിജെപി മുന്നണിയും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്.

നാട്ടികയില്‍ കണ്ണുംനട്ട് മുന്നണികള്‍

സി.പി.ഐ. വിട്ട് ബി.ജെ.പിയിലെത്തിയ സിറ്റിങ് എം.എല്‍.എ: സി.സി. മുകുന്ദന്‍ മത്സരിക്കുന്ന നാട്ടികയാണ് ജില്ലയില്‍ ശ്രദ്ധേയ പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലം. 2011ല്‍ സംവരണ മണ്ഡലമായ ശേഷം നാട്ടികയില്‍ തുടര്‍ വിജയങ്ങളാണ് സി.പി.ഐ. നേടിയത്. കഴിഞ്ഞതവണ 28,000ത്തിലധികം വോട്ടിനാണ് സി.സി. മുകുന്ദന്‍ വിജയിച്ചത്. പാര്‍ട്ടി സീറ്റ് നിഷേധിച്ചതോടെ പാര്‍ട്ടി വിട്ട മുകുന്ദന്‍ ബി.ജെ.പിക്കായി മത്സരിക്കുമ്പോള്‍ ശക്തമായ മത്സരം തന്നെയാണ് ഇവിടെ നടക്കുന്നത്. മുന്‍ എം.എല്‍.എ. ഗീതാ ഗോപിയെ രംഗത്തിറക്കിയത് വഴി പാര്‍ട്ടി വോട്ടുകള്‍ ഉറപ്പിച്ചുനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് സി.പി.ഐ. കഴിഞ്ഞ തവണ മത്സരിച്ച സുനില്‍ ലാലൂരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ശക്തമായ ത്രികോണ മത്സരം നടക്കുമ്പോള്‍ മൂന്ന് മുന്നണികളും ഒരേപോലെ പ്രതീക്ഷയിലാണ്.

മന്ത്രിമാരുടെ ഒല്ലൂരും ഇരിങ്ങാലക്കുടയും

സിറ്റിങ് മന്ത്രിമാരുടെ മത്സരം കൊണ്ട് ശ്രദ്ധേയമാണ് ഒല്ലൂര്‍, ഇരിങ്ങാലക്കുട മണ്ഡലങ്ങള്‍. ഒല്ലൂരില്‍ റവന്യൂമന്ത്രി സി.പി.ഐയിലെ കെ. രാജനും ഇരിങ്ങാലക്കുടയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി സി.പി.എമ്മിലെ ആര്‍. ബിന്ദുവുമാണ് മത്സരിക്കുന്നത്. കേരളാ കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടനാണ് ഇരിങ്ങാലക്കുടയില്‍ ബിന്ദുവിന്റെ എതിരാളി. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഇരുവരുടേയും മുഖ്യമായ പ്രചാരണം. എന്നാല്‍, വികസന മുരടിപ്പ് മണ്ഡലത്തില്‍ പ്രകടമാണെന്ന് എതിര്‍ സ്ഥാനാര്‍ഥികളും ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിലെ ഷാജി കോടങ്കണ്ടത്താണ് രാജന്റെ മുഖ്യ എതിരാളി. രണ്ടിടത്തും എന്‍.ഡി.എയ്ക്കായി മത്സരിക്കുന്നത് ബി.ജെ.പി സ്ഥാനാര്‍ഥികളാണ്. മണ്ഡലങ്ങള്‍ നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇടതുകേന്ദ്രങ്ങള്‍. എന്നാല്‍, ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം തങ്ങളെ തുണയ്ക്കുമെന്നാണ് യു.ഡി.എഫ്. കണക്കുകൂട്ടുന്നത്. കൊടുങ്ങല്ലൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് പ്രചാരണ രംഗത്ത് ശക്തമായ സാന്നിധ്യമായി കഴിഞ്ഞു. സീറ്റ് ട്വന്റി20ക്ക് ആണ് നല്‍കിയതെങ്കിലും ഓരോ വോട്ടും പെട്ടിയിലാക്കാന്‍ അരയും തലയും മുറുക്കി ബി.ജെ.പി., തങ്ങളുടെ സ്വാധീന മേഖലകളില്‍ രംഗത്തുണ്ട്. ബി.ജെ.പിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണിത്. ഇടതുശക്തികേന്ദ്രമായറിയപ്പെടുന്ന കൊടങ്ങല്ലൂരില്‍ സിറ്റിങ് എം.എല്‍.എയെ മറികടക്കാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് കഴിയുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ചാലക്കുടിയില്‍ പ്രതീക്ഷവെച്ച് യുഡിഎഫ്

ചാലക്കുടിയില്‍ സിറ്റിങ് കോണ്‍ഗ്രസ് എം.എല്‍.എയായ സനീഷ്‌ കുമാര്‍ ജോസഫിനെതിരേ കോണ്‍ഗ്രസില്‍നിന്ന് മറുകണ്ടം ചാടിയെത്തിയ സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്. കാര്യമായ വെല്ലുവിളി ഇടതുപക്ഷത്ത് നിന്ന് ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് ക്യാംപ്. വന്യമൃഗ ശല്യം പ്രധാന തെരഞ്ഞെടുപ്പ് വിഷയമായ മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും വലിയ വികസനം മണ്ഡലത്തില്‍ കൊണ്ടുവരാനായെന്നും ഇവര്‍ അവകാശപ്പെടുന്നു. കോണ്‍ഗ്രസ് ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന മണ്ഡലവുമാണിത്. ത്രികോണ മത്സര പ്രതീതിയില്ലാത്ത മണ്ഡലവുമാണിത്.

ത്രികോണ മത്സരത്തിന് മണലൂര്‍

മണലൂര്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ്. കോണ്‍ഗ്രസിലെ ടി.എന്‍. പ്രതാപനും സി.പി.എമ്മിലെ മുന്‍മന്ത്രി പ്രഫ. സി. രവീന്ദ്രനാഥും ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.കെ. അനീഷ് കുമാറും ഏറ്റുമുട്ടുമ്പോള്‍ ഫലം ഇവിടെ പ്രവചനാതീതമാണ്. പ്രതാപന്‍ ഏതുവിധേനയും ജയിക്കാന്‍ മിടുക്കനാണ്. ബി.ജെ.പി. മണലൂരില്‍ പിടിക്കുന്ന വോട്ടുകള്‍ അനുസരിച്ചിരിക്കും മറ്റ് രണ്ടു പേരുടേയും ജയ-പരാജയങ്ങള്‍.

ഗുരുവായൂരില്‍ ബിജെപി തീരുമാനിക്കുമോ വിജയിയെ?

ഗുരുവായൂരില്‍ ശക്തമായ സാന്നിധ്യമാകാന്‍ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ പ്രസംഗങ്ങളും പോസ്റ്ററുകളും മണ്ഡലത്തില്‍ മാത്രമല്ല, സംസ്ഥാനത്ത് ആകെ ചര്‍ച്ചയായി. ഇത് വോട്ട് ആകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. പോപാലകൃഷ്ണന്‍ നേടുന്ന അധിക ഓരോ വോട്ടും ആരുടെ വോട്ട് ബാങ്കില്‍നിന്നാണ് ചോരുക എന്ന ആധിയിലാണ് മറ്റ് രണ്ട് മുന്നണികളും. ഫലത്തില്‍ ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്‍ തീരുമാനിക്കും ആര് ജയിക്കണം ആര് തോല്‍ക്കണം എന്നത്.

കുന്നംകുളത്ത് അങ്കം മുറുക്കി എല്‍ഡിഎഫ്

കുന്നംകുളത്ത് എല്‍.ഡി.എഫിനായി എ.സി. മൊയ്‍തീന്‍ തന്നെയാണ് രംഗത്ത്. യു.ഡി.എഫിനായി പി.ടി. അജയ്‌മോഹനും എന്‍.ഡി.എ. സ്ഥനാര്‍ഥിയായി ബി.ഡി.ജെ.എസിന്റെ കെ.ആര്‍. റിജിലും മത്സരിക്കുന്നു. മണ്ഡലത്തില്‍ മന്ത്രിയായും എം.എല്‍.എ ആയും 10 വര്‍ഷംകൊണ്ട് ചെയ്ത വികസനം പറഞ്ഞാണ് എ.സി. മൊന്‍ വോട്ട് ചോദിക്കുന്നത്. കോണ്‍ഗ്രസ് ആകട്ടെ കരുവന്നൂര്‍ ബാങ്ക് ക്രമക്കേടും ശബരിമലയും ഉയര്‍ത്തിയാണ് പ്രചാരണം നടത്തുന്നത്. എസ്.എന്‍.ഡി.പിയുടെ വോട്ട് ബാങ്കിലും റിജിലിന്റെ വ്യക്തി സ്വാധീനത്തിലുമാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

ചിറ്റിലപ്പിള്ളിയുടെ ജനസമ്മതിയില്‍ പ്രതീക്ഷയുമായി എല്‍ഡിഎഫ്

വടക്കാഞ്ചേരിയില്‍ നിലവിലെ എം.എല്‍.എ ആയ സേവ്യര്‍ ചിറ്റിലപ്പിള്ളിതന്നെയാണ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. പി.എന്‍. വൈശാഖ് യു.ഡി.എഫിനായി മത്സരിക്കുന്നു. ഉല്ലാസ് ബാബുവാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി. കഴിഞ്ഞ തവണ നഷ്ട്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. എന്നാല്‍ സേവ്യര്‍ ചിറ്റിലപ്പിള്ളിയുടെ ജനസമ്മതിയിലാണ് എല്‍.ഡി.എഫ്. പ്രതീക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക