ഗുരുവായൂർ നിയമസഭാ മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ എൻ.കെ അക്ബറിലൂടെ ഭരണം നിലനിർത്താൻ എൽഡിഎഫ് ശ്രമിക്കുമ്പോൾ, ശക്തമായ തിരിച്ചുവരവാണ് മുസ്ലീം ലീഗ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണത്തെ ബിജെപി-സിപിഎം ഡീൽ ആരോപണവും എൻഡിഎ സ്ഥാനാർഥിയുടെ വിവാദ പരാമർശങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ നിർണായക ചർച്ചാവിഷയമാണ്.
ഗുരുവായൂർ: തൃശ്ശൂർ ജില്ലയിൽ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന് പ്രതീക്ഷയുള്ള മണ്ഡലമാണ് ഗുരുവായൂർ. അതേസമയം, മണ്ഡലത്തിലെ സമീപകാല ഇടത് വേരോട്ടം ലീഗിന്‍റെ തിരിച്ചുവരവിന് ബദലായി നിൽക്കുന്ന ഒന്നാണ്. ഇതുവരെ നടന്ന 15 തിരഞ്ഞെടുപ്പുകളില്‍ ഏഴ് തവണയും ഗുരുവായൂരില്‍ മുസ്ലീം ലീഗ് വിജയിച്ചിട്ടുള്ള ചരിത്രം ഇക്കുറി ആവർത്തിക്കുമെന്നാണ് വലത് ക്യാമ്പ് വ്യക്തമാക്കുന്നത്. അതേസമയം, 2006-ൽ തുടങ്ങിയ ഇടത് മുന്നണിയുടെ ആധിപത്യം ഇത്തവണ സിറ്റിംഗ് എംഎല്‍എ എൻ.കെ അക്ബറിലൂടെ നിലനിർത്താകുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.
തുടർ തോല്‍വിക്ക് വിരാമം ഇടാന്‍ മണ്ഡലം ഇത്തവണ മുസ്ലീം ലീഗില്‍ നിന്നും ഏറ്റെടുത്ത് കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ മത്സരിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. എങ്കിലും ലീഗ് സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഗുരുവായൂരിൽ ഇത്തവണ ലീഗ് സ്ഥാനാർഥിയായി സി എച്ച് റഷീദിനെ ആണ് യുഡിഎഫ് പരീക്ഷിക്കുന്നത്. അതേസമയം, എൻഡിഎ സ്ഥാനാർഥി അഡ്വ. ബി. ഗോപാലകൃഷ്‌ണന്‍റെ വർഗീയ പരാമർശവും അതിൽ കോടതിയുടെ വിമർശനവും മണ്ഡലത്തിൽ ചർച്ചക്ക് ഇടംവെച്ചിട്ടുണ്. യുഡിഎഫും, എൽഡിഎഫും തെരഞ്ഞെടുപ്പിൽ ഈ വിഷയം ശക്തമായി മുന്നോട്ട് വെക്കുന്നുമുണ്ട്.
ഗുരുവായൂരിലും ഡീൽ ആരോപണം
2021 നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം- ബിജെപി ഡീൽ നടന്നതായാണ് ഇപ്പോഴത്തെ യുഡിഎഫ് സ്ഥാനാർഥി സി. എച്ച്. റഷീദ് ആരോപിക്കുന്നത്. ഗുരുവായൂരിൽ ബിജെപി വോട്ട് വാങ്ങിയാണ് സിപിഎം കഴിഞ്ഞവട്ടം ജയിച്ചതെന്നും അന്നത്തെ തെരഞ്ഞെടുപ്പിലെ എൻ. കെ. അക്ബർ നേടിയ വിജയം ഇടതുപക്ഷത്തിന്‍റെ വിജയമായി കാണാനാകില്ലെന്നുമാണ് റഷീദിന്‍റെ വാദം. അതേസമയം, മണ്ഡലത്തിൽ 2021-ൽ ബിജെപി പിന്തുണയിൽ മത്സരിച്ച ദിലീപ് നായർക്ക് 6,294 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. 2016-ൽ ബിജെപി സ്ഥാനാര്‍ഥി അഡ്വ.നിവേദിത 25,490 വോട്ടും നേടിയിരുന്നു.
മണ്ഡലത്തിലെ വോട്ട് ബാങ്ക്
ചാവക്കാട്, ഗുരുവായൂര്‍ മുനിസിപ്പാലിറ്റികളും ഏങ്ങണ്ടിയൂര്‍, കടപ്പുറം, ഒരുമനയൂര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, വടക്കേക്കാട് എന്നീ ഗ്രാമപഞ്ചായത്തുകളും അടങ്ങുന്നതാണ് ഗുരുവായൂര്‍ നിയമസഭാ മണ്ഡലം. അടിസ്ഥാന വികസനവും രാഷ്ട്രീയം, ടൂറിസം തുടങ്ങിയ മേഖലകളിലെ പ്രശ്‌നങ്ങൾ തുടങ്ങിയവ തെരഞ്ഞെടുപ്പുകളിൽ ചർച്ചാ വിഷയം ആകുന്ന മണ്ഡലം കൂടിയാണ് ഗുരുവായൂർ. സ്ഥാനാർഥികളുടെ മികവും സമുദായങ്ങളുടെ നിലപാടും ഇവിടെ പ്രതിഫലിക്കാറുണ്ട്. മുസ്ലീം സമുദായത്തിന് ഭൂരിപക്ഷമുള്ള മേഖല കൂടിയാണ് ഗുരുവായൂർ മണ്ഡലം.



