സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സിനിമാ രംഗത്തെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരക്കേറിയ ബൂത്തിൽ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയാണ് പല താരങ്ങളും മടങ്ങിയത്.

ജനാധിപത്യത്തിന്‍റെ ഈ വലിയ ഉത്സവത്തിൽ പങ്കുചേർന്ന് മലയാളത്തിന്‍റെ പ്രിയ താരങ്ങളും. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സിനിമാ രംഗത്തെ പ്രമുഖർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. തിരക്കേറിയ ബൂത്തിൽ ക്യൂ നിന്ന് വോട്ട് രേഖപ്പെടുത്തിയാണ് പല താരങ്ങളും മടങ്ങിയത്.

മമ്മൂട്ടിയും മോഹൻലാലും

മെഗാസ്റ്റാർ മമ്മൂട്ടിയും മഹാനടന്‍ മോഹൻലാലും വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ പോളിംഗ് ബൂത്തുകളിലെത്തി. തിരുവനന്തപുരം നേമം മണ്ഡലത്തിലെ മുടവൻമുഗൾ എൽപി സ്കൂളിലാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. നേമം മണ്ഡലം സ്ഥാനാര്‍ഥികളായ വി ശിവൻകുട്ടിയും ശബരിനാഥനും മോഹൻലാലിനൊപ്പമുണ്ടായിരുന്നു. അര മണിക്കൂറോളം ക്യൂ നിന്ന് വോട്ട് ചെയ്തതിനു ശേഷമാണ് താരം മടങ്ങിയത്. 

വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി പുരട്ടിയ വിരൽ ഉയർത്തിക്കാട്ടിയുള്ള ചിത്രവും മോഹന്‍ലാല്‍ തന്‍റെ ഫേസ് ബുക്കിലൂടെ പങ്കുവച്ചിരുന്നു. തന്റെ കടമ പൂർത്തിയാക്കിയെന്നും ഇനി കേരളത്തിന്റെ ഊഴമാണെന്നും താരം കുറിച്ചു. എറണാകുളം പൊന്നുരുന്നി ക്രൈസ്റ്റ് കിംഗ് കോൺവെൻഷൻ സ്കൂളിലെ ബൂത്തിലാണ് മമ്മൂട്ടി തന്റെ വോട്ട് രേഖപ്പെടുത്തിയത്.

ഇത്തവണ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാകും: സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഗുരുവായൂർ മണ്ഡലത്തിലെ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 137-ാം നമ്പർ ബൂത്തിലെത്തി വോട്ട് ചെയ്തു. ഗുരുവായൂരിൽ വോട്ട് ചെയ്യാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും കേരളത്തിൽ ഇത്തവണ വലിയ രാഷ്ട്രീയ മാറ്റങ്ങളും അത്ഭുതങ്ങളും ഉണ്ടാകുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ബിജെപി ഇത്തവണ നിർണ്ണായക ശക്തിയായി മാറുമെന്നും വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ സുരേഷ് ഗോപി വ്യക്തമാക്കി.

പൃഥ്വിരാജും സുപ്രിയയും

നടൻ പൃഥ്വിരാജ് സുകുമാരനും ഭാര്യയും നിർമ്മാതാവുമായ സുപ്രിയ മേനോനും എറണാകുളം മണ്ഡലത്തിലെ തേവര സർക്കാർ ഫിഷറീസ് സ്‌കൂളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. 

പ്രതീക്ഷയുണ്ട്, യുഡിഎഫ് അനുകൂല കാറ്റാണ് എല്ലായിടത്തും വീശുന്നത്: രമേഷ് പിഷാരടി

തൃപ്പൂണിത്തുറ എൽപിജി സ്കൂളിലാണ് നടനും സ്ഥാനാർത്ഥിയുമായ രമേഷ് പിഷാരടി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. പ്രതീക്ഷയുണ്ടെന്നും യുഡിഎഫ് അനുകൂല കാറ്റാണ് എല്ലായിടത്തും വീശുന്നതെന്നും രമേഷ് പിഷാരടി പ്രതികരിച്ചു. 

YouTube video player

നമ്മുടെ കയ്യെത്തും ദൂരത്തുള്ള ഭരണസംവിധാനമാണ് വേണ്ടത്: ആസിഫ് അലി

എല്ലാവര്‍ക്കും അഭിപ്രായം പറയാൻ സാധിക്കുന്ന ഭരണകൂടം ഉണ്ടാകണമെന്ന് നടന്‍ ആസിഫ് അലി പറഞ്ഞു. സഹോദരൻ അസ്കർ അലിയ്ക്ക് ഒപ്പം തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെത്തിയാണ് ആസിഫ് അലി വോട്ട് രേഖപ്പെടുത്തിയത്. തൊടുപുഴയിലെ തലമുറ മാറ്റം മാതൃകാപരമാണെന്നും താൻ എൽഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പിജെ ജോസഫ് തന്നെ വീട്ടുകാരെ വിളിച്ച് അന്വേഷിച്ചിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു.

YouTube video player

കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണ്: ടൊവിനോ തോമസ്

ഇത് നമ്മളുടെ അവകാശവും കടമയുമാണെന്ന് വോട്ട് ചെയ്തശേഷം ടൊവിനോ തോമസ് പ്രതികരിച്ചു. സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനത്തിലും ടൊവിനോ മറുപടി നൽകി. കഴിവും പ്രാപ്തിയും ഉള്ളവർ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് അഭിനന്ദനാർഹമാണ്. രാഷ്ട്രീയത്തിൽ ക്ഷോഭിക്കുന്നത് പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാകും. താൻ രാഷ്ട്രീയത്തിലേക്ക് ഇപ്പോൾ ഇല്ല.ഇറങ്ങിയേപ്പറ്റു എന്ന തരത്തിൽ മാറ്റങ്ങൾ വന്നാൽ ഇറങ്ങും. ഏതു മുന്നണി അധികാരത്തിൽ വന്നാലും കേരളത്തിനുവേണ്ടി നല്ലത് ചെയ്യാൻ കഴിയണമെന്നും ടൊവിനോ തോമസ് പറഞ്ഞു.

YouTube video player

കേരളത്തിൽ നല്ല ഭരണമുണ്ടാവണം: കുഞ്ചാക്കോ ബോബൻ

വോട്ടവകാശം ഉത്തരവാദിത്വത്തോട് കൂടി നിർവഹിക്കേണ്ടതെന്നും ജയിക്കുന്നവർക്ക് നാടിന് നല്ല രീതിയിൽ സേവിക്കാൻ കഴിയണമെന്നും നടന്‍ കുഞ്ചാക്കോ ബോബൻ പറഞ്ഞു. കേരളത്തിൽ നല്ല ഭരണമുണ്ടാവണം. തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണം. സിനിമ മേഖലയിൽ നിന്ന് ഒരുപാട് പേർ രാഷ്ട്രീയത്തിലേക്ക് വരുന്നു. രമേശ് പിഷാരടിക്ക് വ്യക്തിപരമായി വിജയാശംസകൾ നേരുന്നു. നല്ല വ്യക്തത്വങ്ങൾ ജയിച്ചു വരട്ടെയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലെ 219 നമ്പർ ( സെന്‍റ് സെബാസ്റ്റ്യൻ എൽ പി സ്കൂൾ ) ബൂത്തിലാണ് കുഞ്ചാക്കോ ബോബൻ വോട്ട് ചെയ്തത്.

YouTube video player

രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്: എം മുകേഷ്

ഭരണ തുടർച്ചയുണ്ടാകുമെന്നും സമാധാനം ആഗ്രഹിക്കുന്നവർ എൽഡിഎഫിന് വോട്ട് ചെയ്യുമെന്നും എം മുകേഷ്. സമാധാനത്തോടെ ജീവിക്കണോ വേണ്ടേ എന്ന് തീരുമാനിച്ചാൽ മാത്രം മതി. പുതിയ ആൾക്കാർ വരണം. വിജയ സാധ്യത കണക്കിലെടുത്താണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. താൻ സിനിമയിൽ സജീവമായി കഴിഞ്ഞു. രാഷ്ട്രീയം സേവനവും സിനിമ ഉപജീവനവുമാണ്.ആ സേവനം തുടരും. പൊതുപരിപാടികളിൽ സജീവമല്ലെന്ന ആക്ഷേപത്തിനും മുകേഷ് മറുപടി നൽകി. പരിപാടികളിലൊക്കെ പങ്കെടുക്കുന്നുണ്ട്. തിരക്കുണ്ട് എന്നത് സത്യമാണ്. പിന്നെ പൊതുപരിപാടികളിൽ പുതിയ ആൾക്കാരും വരട്ടെയെന്നും മുകേഷ് പറഞ്ഞു.

YouTube video player

ഒരു പ്രവചനവും നടത്താനില്ലെന്ന് ജഗദീഷ്

നേമം മണ്ഡലത്തിലെ കാലടി സ്കൂളിലെ ബൂത്തിലെത്തിയാണ് നടന്‍ ജഗദീഷ് വോട്ട് ചെയ്തത്. ഒരു പ്രവചനവും നടത്താനില്ലെന്ന് ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ താരം സുരാജ് വെഞ്ഞാറമൂട് ഗവണ്മെന്റ് യുപി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോള്‍. അമ്മയ്ക്കും ചേട്ടനും ഒപ്പമാണ് സുരാജ് എത്തിയത്.

YouTube video player

എല്ലാവരും ശരിയായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു: അഹാന കൃഷ്ണ

നടന്‍ കൃഷ്ണകുമാറിനൊപ്പം മക്കളും നടിമാരുമായ അഹാന കൃഷ്ണയും ഇഷാനി കൃഷ്ണയും വോട്ട് രേഖപ്പെടുത്തി. എല്ലാവരും ശരിയായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് വോട്ട് രേഖപ്പെടുത്തിയ ശേഷം അഹാന പ്രതികരിച്ചത്.