ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണത്. ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഒഴിവാകുകയില്ല.

കേരളത്തിൽ നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ എല്ലാ പോളിംഗ് ബൂത്തുകളിലും ശക്തമായ സുരക്ഷയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്. മറ്റൊരാളുടെ വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ തന്റെ തന്നെ വോട്ട് ഒരു തവണ ചെയ്ത വിവരം മറച്ച് വെച്ച് വീണ്ടും വോട്ട് ചെയ്യാന്‍ ശ്രമിക്കുകയോ ഒരാള്‍ തന്നെ ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ട് ചെയ്യുകയോ ചെയ്യുന്നത് ജനപ്രാതിനിധ്യ നിയമമനുസരിച്ചും ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ചം കുറ്റകരമാണ്. ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണത്. 

Add Asianetnews as a Preferred SourcegooglePreferred

ആരുടെയെങ്കിലും പ്രേരണയ്ക്ക് വഴങ്ങിയാണ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കിലും ശിക്ഷയില്‍ നിന്ന് ഒഴിവാകുകയില്ല. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ വ്യാജമായിട്ട് ഉണ്ടാക്കിയാണ് വോട്ട് ചെയ്യാന്‍ ശ്രമിച്ചതെങ്കില്‍ വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും കൂടി കേസ് രജിസ്റ്റര്‍ ചെയ്യും. കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. കുറ്റകൃത്യം നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷനു ബോധ്യപ്പെട്ടാല്‍ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെടാം.

ഏതെങ്കിലും കാരണവശാല്‍ ഒരാളുടെ പേര് ഒന്നിലധികം വോട്ടര്‍പട്ടികകളിലോ, ഒരു വോട്ടര്‍പട്ടികയില്‍ തന്നെ ഒന്നിലധികം പ്രാവശ്യമോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു വോട്ട് മാത്രമേ ചെയ്യാന്‍ പാടുള്ളൂ. ഒരാളുടെ പേര് ഒന്നിലധികം പ്രാവശ്യം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും അയാള്‍ ഒന്നിലധികം വോട്ട് ചെയ്യുന്നത് കുറ്റകരമാണ്. അതുപോലെ വോട്ടു ചെയ്യാന്‍ ഹാജരാകാത്തവരുടെയും മരണപ്പെട്ടവരുടെയും സ്ഥലത്തില്ലാത്തവരുടെയും വോട്ട് ആള്‍മാറാട്ടത്തിലൂടെ രേഖപ്പെടുത്തുന്നവര്‍ക്കെതിരെയും കര്‍ശന നിയമനടപടി സ്വീകരിക്കും. കുറ്റക്കാരന്‍ 174 വകുപ്പ് പ്രകാരം ഒരു വര്‍ഷം വരെ തടവുശിക്ഷയ്ക്കും പിഴ ശിക്ഷയ്ക്കും അര്‍ഹനാണ്.

വിദേശത്തോ സംസ്ഥാനത്തിന് പുറത്തോ ഉള്ള വോട്ടറുടെയും വോട്ടേഴ്സ് ലിസറ്റില്‍ പേരുള്ള മരിച്ച ആളുടേയും തിരിച്ചറിയല്‍ രേഖ മറ്റാരെങ്കിലും ആവശ്യപ്പെട്ടാല്‍ നല്‍കരുത്. ഇതുപയോഗിച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ നല്‍കിയ ആള്‍ക്കെതിരെയും നടപടിയുണ്ടാവും. അതുപോലെ വോട്ടെടുപ്പിന് ഏതെങ്കിലും വിധത്തില്‍ തടസ്സമുണ്ടാക്കുകയോ പോളിങ് ബൂത്തിലോ ബൂത്തിന് സമീപമോ സംഘര്‍ഷമുണ്ടാക്കുകയോ ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വഹണത്തിന് തടസ്സം സൃഷ്ടിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാവും.